ആ സമയത്ത് 85 കിലോയുള്ള ക്യമറാമാന്‍, പത്തിരുപത് കിലോയുള്ള ക്യാമറയും തോളത്ത് വച്ച് എന്റെ നെഞ്ചത്ത് ഇരിക്കുകയായിരുന്നു: ടൊവിനോ

വയലന്‍സ് രംഗങ്ങള്‍ കാണുമ്പോള്‍ ഒരു പ്രശ്‌നവും ഇല്ലാതെ ഇരിക്കുന്ന ആളുകള്‍ റൊമാന്റിക് സീനുകള്‍ കാണുമ്പോള്‍ മുഖം താഴ്ത്തുന്നത് വിരോധാഭാസമായി തോന്നിയിട്ടുണ്ടെന്ന് നടന്‍ ടൊവിനോ തോമസ്. സിനിമകളിലെ ഇന്റിമേറ്റ് സീനുകള്‍ ചിത്രീകരിക്കുന്നതിനെ കുറിച്ചാണ് താരം മനസു തുറന്നത്.

ഇന്റിമേറ്റ് സീന്‍ അഭിനയിക്കുക എന്നാല്‍ നടനേയും നടിയേയും ഒരു റൂമിലാക്കിയിട്ട് ക്യാമറ റോള്‍ ചെയ്തിട്ട് എന്തേലും കാണിച്ചോ എന്ന് പറഞ്ഞിട്ട് ഓടിപ്പോകുന്ന പരിപാടിയല്ല. മറ്റെല്ലാ സീനുകളേയും പോലെ തന്നെ ഷോട്ട് ഡിവിഷനൊക്കെ ചെയ്തിട്ടുള്ള ഷൂട്ടിംഗ് പ്രോസസാണ് ഇത്തരം സീനുകളുടേതെന്നും ടൊവിനോ പറയുന്നു.

കള സിനിയില്‍ ബെഡില്‍ കിടന്ന് ഭാര്യയുടെ മുഖം പിടിച്ച് സംസാരിക്കുന്ന ഒരു സീനുണ്ട്. സിനിമയില്‍ തന്റെ മുഖം കാണുന്നത് ദിവ്യയുടെ കണ്ണിലൂടെയാണ്. എന്നാല്‍ ആ സമയത്ത് 85 കിലോയുള്ള ക്യമറാമാന്‍ പത്തിരുപത് കിലോയുള്ള ക്യാമറയും തോളത്ത് വെച്ചിട്ട് തന്റെ നെഞ്ചത്ത് ഇരിക്കുകയായിരുന്നു.

പിറ്റേ ദിവസം നടു വേദനയായിരുന്നു. എന്നിട്ടാണ് താന്‍ റൊമാന്റിക്കായി അഭിനയിക്കുന്നത് എന്ന് ടൊവിനോ പറയുന്നു. ആള്‍ക്കാരെ തല്ലി കൊല്ലുന്നതും ബെഡ് റൂം സീന്‍ കാണിക്കുന്നതും രണ്ടും അഭിനയമാണെന്നും സിനിമയാണെന്നും ആളുകള്‍ക്ക് അറിയാം. എന്നാല്‍ റൊമാന്റിക് സീന്‍ കാണുമ്പോള്‍ മുഖം താഴ്ത്തുന്നത് വിരോധാഭാസമായി തോന്നിയിട്ടുണ്ടെന്നും ടൊവിനോ പറയുന്നു.