പുതിയ ചിത്രം ‘ഐഡന്റിറ്റി’യുടെ സെറ്റില്‍ നിന്നുള്ള വീഡിയോ പങ്കുവച്ച് ടൊവിനോ തോമസ്. ആക്ഷന്‍ സീനിന് മുമ്പുള്ള സംഘട്ടന രംഗത്തിന്റെ പരിശീലന വീഡിയോയാണ് ടൊവിനോ പങ്കുവച്ചിരിക്കുന്നത്. പരിശീലനം കാണാനെത്തിയ സംവിധായകന്‍ അഖില്‍ പോളിനെ ടൊവിനോ മലര്‍ത്തിയടിക്കുന്നതാണ് വീഡിയോയിലുള്ളത്.
”ഫൈറ്റ് പ്രാക്ടീസ് അപ്‌ഡേറ്റ്‌സ് അറിയാന്‍ വന്ന ലെ ഡയറക്ടര്‍. ഡയറക്ടര്‍ സുഖമായിരിക്കുന്നു. ഷൂട്ട് തുടങ്ങുമ്പോ റീടേക്ക് എടുത്ത് എന്റെ പത വരും എന്ന് തോന്നുന്നു” എന്നാണ് വീഡിയോക്കൊപ്പം താരം കുറിച്ചിരിക്കുന്നത്. രസകരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. സംഘട്ടന സംവിധായകന്‍ യാനിക് ബെന്നിനേയും വീഡിയോയില്‍ കാണാം.
‘ഫോറന്‍സിക്’ എന്ന ചിത്രത്തിനു ശേഷം ടൊവിനോ തോമസിനെ നായകനാക്കി അഖില്‍ പോള്‍ – അനസ് ഖാന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ഐഡന്റിറ്റി. നൂറിലധികം ദിവസങ്ങള്‍ ചിത്രീകരണം പദ്ധതിയിടുന്ന ഐഡന്റിറ്റിയില്‍ മുപ്പതോളം ദിവസങ്ങള്‍ ആക്ഷന്‍ രംഗങ്ങള്‍ക്കായി മാത്രം നീക്കിവച്ചിട്ടുണ്ട്.
തൃഷയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. 50 കോടിയില്‍ അധികം ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം നാല് ഭാഷകളിലായാണ് പുറത്തിറങ്ങുക. രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്യത്ത് സെഞ്ച്വറി കൊച്ചുമോനുമായി ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങള്‍ ആരൊക്കെയാണ് എന്ന വിവരം ഇതുവരെ പുറത്തുവന്നിട്ടില്ല.