ടൊവിനോ തോമസ് നായകനായെത്തിയ ലാൽ ജൂനിയർ ചിത്രം ‘നടികർ’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ടൊവിനോ അവതരിപ്പിക്കുന്ന ഡേവിഡ് പടിക്കൽ എന്ന സൂപ്പർ സ്റ്റാറിന്റെ സിനിമാ ജീവിതവും അതുമായി ബന്ധപ്പെട്ട് ജീവിതത്തിൽ ഉടലെടുക്കുന്ന സംഘർഷങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സൗബിൻ ഷാഹിറും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ഇപ്പോഴിതാ സിനിമാ ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് ടൊവിനോ തോമസ്. സിനിമ, ചുറ്റുപാട്, സമൂഹം എന്നിവ മാറി കൊണ്ടിരിക്കുകയാണെന്നും, നമ്മൾ അതിനനുസരിച്ച് അപ്ഡേറ്റഡ് ആവുകയാണ് വേണ്ടതെന്നും ടൊവിനോ പറയുന്നു.
“പുതിയ ആളുകൾ പഴയ ആളുകൾ എന്ന രീതിയിൽ അല്ല സിനിമ പോയിക്കൊണ്ടിരിക്കുന്നത്. ആരാണ് ഇപ്പോഴും പൾസ് അറിഞ്ഞു സിനിമ ചെയ്യുന്നത് എന്നത് മാത്രമാണ് കാര്യം. ക്ലിൻ്റ് ഈസ്റ്റ് വുഡ് ഓൾഡ് സ്‌കൂളല്ലേ. അദ്ദേഹത്തിന് തൊണ്ണൂറ് വയസൊക്കെയുണ്ട്. പുള്ളി ഇപ്പോഴും സിനിമ ചെയ്തുകൊണ്ടിരിക്കുകയാണ്.
അതുകൊണ്ട് പ്രായമൊന്നുമല്ല എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം. കലക്രമേണ ഇവിടെ ഉണ്ടാവുന്ന ഏറ്റവും വലിയ പ്രശ്നം മുഴുവൻ അപ്ഡേറ്റവരായവരും അല്ലാത്തവരും തമ്മിൽ ആയിരിക്കും. അതിന് പ്രായം ഒരു മാനദണ്ഡമേയല്ല.
എല്ലാം മാറിക്കൊണ്ടിരിക്കുകയാണ്. സിനിമ, ചുറ്റുപാട്, സമൂഹം മാറി കൊണ്ടിരിക്കുന്നു. നമ്മൾ അതിൻ്റെ കൂടെ പോവുന്നുണ്ട്. അപ്പോഴാണ് ആളുകൾക്ക് എന്താണ് വേണ്ടതെന്ന് നമുക്ക് മനസിലാക്കാൻ സാധിക്കുന്നതും ചെയ്യാൻ കഴിയുന്നതും.” എന്നാണ് ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ ടൊവിനോ പറഞ്ഞത്.
മൈത്രി മൂവി മേക്കേഴ്‌സിന്റെ വൈ.നവീനും വൈ.രവി ശങ്കറിനോടുമൊപ്പം, അലന്‍ ആന്റണിയും അനൂപ് വേണുഗോപാലും നേതൃത്വം നല്‍കുന്ന ഗോഡ്സ്പീടും ചിത്രത്തിന്റെ നിര്‍മാണ പങ്കാളിയാണ്.
ഭാവന, ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്ണ, സംവിധായകൻ രഞ്ജിത്ത്, ഇന്ദ്രൻസ്, മധുപാൽ, ഗണപതി, വിജയ് ബാബു, അൽത്താഫ് സലിം, മണിക്കുട്ടൻ, മേജർ രവി, മൂർ, സുമിത്, നിഷാന്ത് സാഗർ, അഭിറാം പൊതുവാൾ, ചന്ദു സലിംകുമാർ, ശ്രീകാന്ത് മുരളി, അർജുൻ നന്ദകുമാർ, ദിവ്യ പിള്ള, ജോർഡി പൂഞ്ഞാർ, ദിനേശ് പ്രഭാകർ, അബു സലിം, ബൈജുക്കുട്ടൻ, ഷോൺ സേവ്യർ, തുഷാര പിള്ള, ദേവി അജിത്, സ്മിനു സിജോ, കൃഷ്ണ സംഗീത്, ലെച്ചു (ബിഗ് ബോസ് ഫെയിം ) രജിത്ത് (ബിഗ് ബോസ് ഫെയിം) തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ,ചെമ്പിൽ അശോകൻ, മാലാ പാർവതി, ദേവികാ ഗോപാൽ നായർ, ബേബി ആരാധ്യ, ജയരാജ് കോഴിക്കോട്, അഖിൽ കണ്ണപ്പൻ, ഖയസ് മുഹമ്മദ്, ബേബി വിയ തുടങ്ങീ വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
യക്‌സൻ ഗാരി പെരേര, നേഹ എസ് നായർ എന്നിവർ ചേർന്ന് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് വേണ്ടി തിരക്കഥ രചിച്ചിരിക്കുന്നത് സുവിൻ എസ് സോമശേഖരനാണ്.
ഭൂപതി കൊറിയോഗ്രഫിയും അരുണ്‍ വര്‍മ്മ സൗണ്ട് ഡിസൈനിങ്ങും കൈകാര്യം ചെയ്യുന്നു.