തിയേറ്റർ കളക്ഷൻ നേടി വിജയിക്കുക എന്നതല്ല ഒരു സിനിമയുടെ മൂല്യം നിർണ്ണയിക്കുന്നത് എന്ന് ടൊവിനോ തോമസ്. മാർട്ടിൻ സ്കോർസെസെ എന്ന വിഖ്യാത സംവിധായകൻ ജി. അരവിന്ദൻ സംവിധാനം ചെയ്ത ‘കുമ്മാട്ടി’ എന്ന മലയാള ചിത്രത്തെ കുറിച്ച് പോസ്റ്റ് ചെയ്തത് അത് ഇൻഡസ്ട്രി ഹിറ്റ് ആയതുകൊണ്ടല്ല എന്നും ടൊവിനോ പറയുന്നു.
കുമ്മാട്ടിയുടെ റീമാസ്റ്റേർഡ് വേർഷൻ റിലീസ് ചെയ്തത് മാർട്ടിൻ സ്കോർസെസെ ആയിരുന്നു. ഇത്തരമൊരു കാര്യത്തെ കുറച്ചുകൂടെ വിശാലമായ രീതിയിലാണ് താൻ കാണുന്നതെന്നും ടൊവിനോ പറയുന്നു.
“സിനിമയുടെ റെലവൻസിനെ കുറിച്ച് സംസാരിക്കുമ്പോൾ ഒരു ഉദാഹരണം പറയാം. ഇവിടെ ഏറ്റവും കൂടുതൽ ഹിറ്റായ, തിയേറ്ററിൽ ഓടി കളക്ഷൻ നേടിയ സിനിമയൊന്നുമല്ല അരവിന്ദൻ എന്ന ഗ്രേറ്റ് സംവിധായകൻ ചെയ്‌ത കുമ്മാട്ടി എന്ന സിനിമ.
ആ വർഷം ഇറങ്ങി വലിയ വിജയമായ, തിയേറ്ററിൽ നിറഞ്ഞോടിയ സിനിമകളെ കുറിച്ചൊന്നുമല്ല മാർട്ടിൻ സ്കോർസെസെ ഈ കഴിഞ്ഞ വർഷം ഒരു പോസ്റ്റ് ഇട്ടിട്ടുള്ളത്. അദ്ദേഹം പോസ്റ്റ് ഇട്ടത് അരവിന്ദൻ്റെ കുമ്മാട്ടി എന്ന ചിത്രത്തെ കുറിച്ചാണ്.
ആ സിനിമയുടെ റീമാസ്റ്റേർഡ് വേർഷൻ അവതരിപ്പിക്കുന്നത് അദ്ദേഹം തൻ്റെ പോസ്റ്റിലൂടെയാണ്. അദ്ദേഹം ലോകം കണ്ട ഏറ്റവും മികച്ച സംവിധാകരിൽ ഒരാളാണ്.കുമ്മാട്ടിയുടെ കൂടെ ഇറങ്ങിയ കുറേ സിനിമകൾ ഉണ്ടല്ലോ, തിയേറ്ററിൽ വലിയ വിജയമായ ചിത്രങ്ങൾ ഉണ്ടല്ലോ. അപ്പോൾ തിയേറ്ററിൽ ഓടുന്നതല്ല ഒരു സിനിമയുടെ നിലവാരത്തിൻ്റെ മാനദണ്ഡം.
കുമ്മാട്ടി തിയേറ്ററിൽ ഇൻഡസ്ട്രിയൽ ഹിറ്റ് ആയത് കൊണ്ടല്ല അദ്ദേഹം ആ സിനിമയെക്കുറിച്ച് പോസ്റ്റ് ഇട്ടത്. അതിനെ ഞാൻ കുറച്ചൂടെ വിശാലമായാണ് കാണുന്നത്.” എന്നാണ് കാൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ടൊവിനോ തോമസ് പറഞ്ഞത്.