നന്ദിനി ആകാന്‍ ആയിരുന്നു താത്പര്യം, മണി സാറിനോട് സംസാരിച്ചിരുന്നു..; തുറന്നു പറഞ്ഞ് തൃഷ

ഗംഭീര കളക്ഷനുമായി പ്രദര്‍ശനം തുടരുകയാണ് മണിരത്‌നം ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍ 2’. റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 250 കോടിയാണ് ചിത്രം നേടിയത്. ചിത്രത്തില്‍ കുന്ദവൈ എന്ന കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിച്ചത്. ഏറെ പ്രശംസകള്‍ നേടിയ കഥാപാത്രമാണിത്.

എന്നാല്‍ താന്‍ ആഗ്രഹിച്ചത് ഐശ്വര്യ റായ് അവതരിപ്പിച്ച നന്ദിനി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനായിരുന്നു എന്നാണ് തൃഷ പറയുന്നത്. ഇതിനെ കുറിച്ചും ഈ ആഗ്രഹം പറഞ്ഞപ്പോള്‍ മണിരത്‌നം പറഞ്ഞതിനെ കുറിച്ചുമാണ് തൃഷ ഒരു അഭിമുഖത്തില്‍ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

”എനിക്ക് വ്യക്തിപരമായി നന്ദിനിയെ ഇഷ്ടമാണ്. അതുകൊണ്ട് ആ കഥാപാത്രം ചെയ്യാന്‍ ഞാന്‍ ഒരുപാട് ആഗ്രഹിച്ചു. ഒരിക്കല്‍ മണി സാറിനോട് ഇതേ കാര്യം പറഞ്ഞു. എന്നാല്‍ അദ്ദേഹം പറഞ്ഞത് താന്‍ ആദ്യമേ കരാര്‍ ഒപ്പിട്ട കഥാപാത്രം നന്ദിനിയാണ്. കാരണം ഐശ്വര്യയ്ക്ക് മാത്രമെ അത് ചെയ്യാനാകൂ എന്നാണ്.”

”ആ ഉത്തരത്തില്‍ ഞാന്‍ പൂര്‍ണ തൃപ്തയുമായിരുന്നു” എന്നാണ് തൃഷ പറയുന്നത്. കുന്ദവൈ, നന്ദിനി എന്നീ കഥാപാത്രങ്ങള്‍ ശത്രുക്കള്‍ ആയതിനാല്‍ സെറ്റില്‍ വച്ച് തന്നോടും ഐശ്വര്യ റായ്‌യോടും പരസ്പരം സംസാരിക്കരുതെന്ന് മണിരത്‌നം പറഞ്ഞിരുന്നതായും തൃഷ ഒരിക്കല്‍ പറഞഅഞിരുന്നു.

Read more

70 വർഷം മുമ്പ് എഴുതിയ കൽക്കി കൃഷ്ണമൂർത്തിയുടെ നോവൽ പരമ്പരയെ അടിസ്ഥാനമാക്കി മണിരത്‌നം ഒരുക്കിയ സിനിമയാണ് പൊന്നിയിന്‍ സെല്‍വന്‍ 2. 2022 സെപ്റ്റംബർ 30-നാണ് പൊന്നിയിൻ സെൽവന്റെ ആദ്യ ഭാഗം തീയറ്ററുകളിൽ എത്തിയത്. ആഗോളതലത്തിൽ 500 കോടി നേടിയ ചിത്രം ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു. രണ്ടാം ഭാഗത്തിൽ ഇതിന്റെ മൂന്നിരട്ടി കളക്ഷനും പല റെക്കോഡുകളും ലഭിക്കുമെന്നാണ് പ്രതീക്ഷ.