എന്റെ മകന്‍ പോയി.. കുറച്ചു കാലത്തേക്ക് സിനിമ വിടുന്നു..; വളര്‍ത്തുനായയുടെ വിയോഗത്തില്‍ തൃഷ

വളര്‍ത്തുനായ മരിച്ചതിനാല്‍ സിനിമയില്‍ നിന്നും ഇടവേള എടുക്കുമെന്ന് നടി തൃഷ. ക്രിസ്മസ് പുലരിയില്‍ തന്റെ വളര്‍ത്തുനായ സോറോ വിടപറഞ്ഞ വാര്‍ത്തയാണ് രാവിലെ നടി പ്രേക്ഷകരുമായി പങ്കുവച്ചത്. നികത്താനാകാത്ത ഈ നഷ്ടത്തിന്റെ പേരില്‍ ഇനി അഭിനയത്തിലേക്ക് പോലും കുറച്ചു കാലത്തേക്ക് ഉണ്ടാവില്ല എന്നാണ് തൃഷ പറയുന്നത്.

”എന്റെ മകന്‍ സോറോ ഈ ക്രിസ്മസ് പുലരിയില്‍ വിടപറഞ്ഞു. എന്നെ അടുത്തറിയാവുന്നവര്‍ക്ക് അറിയാം, ഇനി എന്റെ ജീവിതം അര്‍ഥശൂന്യമായിരിക്കുന്നു എന്ന്. ഞാനും എന്റെ കുടുംബവും ഈ ആഘാതത്തില്‍ നിന്നും മുക്തരായിട്ടില്ല. കുറച്ചു കാലത്തേക്ക് ജോലിയില്‍ നിന്നും ഇടവേള എടുക്കുന്നു” എന്നാണ് തൃഷ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

View this post on Instagram

A post shared by Trish (@trishakrishnan)

നായയെ അടക്കിയ സ്ഥലത്തിന്റെ ചിത്രവും തൃഷ പങ്കുവച്ചിട്ടുണ്ട്. പുഷ്പങ്ങളും മെഴുകുതിരികളും പൂമാലകളും കൊണ്ട് തൃഷ സോറോയെ യാത്രയാക്കിയത്. ഹന്‍സിക, പൂര്‍ണിമ ഇന്ദ്രജിത്ത്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങി നിരവധിപ്പേര്‍ നടിയെ ആശ്വസിപ്പിച്ചെത്തുന്നുണ്ട്. കല്യാണിയുടെ വളര്‍ത്തുനായയും അടുത്തിടെ ചത്തിരുന്നു. തൃഷയുടെ പോസ്റ്റിന് കല്യാണി തന്റെ നായയെ സൂചിപ്പിച്ച് കമന്റ് ചെയ്തിട്ടുണ്ട്.

View this post on Instagram

A post shared by Trish (@trishakrishnan)

”ഏറ്റവും കഠിനമായ വേദനകളില്‍ ഒന്നാണിത്. കുറച്ചു സമയമെടുത്തെന്നു വരും. അവന്റെ കഥകള്‍ ഓര്‍ക്കുന്നതിലൂടെ അവന്‍ എന്നും ജീവനോടെയുണ്ടാകും. എന്റെയും നിങ്ങളുടെയും ആ ആണ്‍കുട്ടികള്‍ അവരുടെ ലോകത്ത് പരസ്പരം കൂട്ടായി ഉണ്ടാകും” എന്നാണ് കല്യാണിയുടെ കമന്റ്.