നടനായും നിര്‍മ്മാതാവായും മലയാള സിനിമയില്‍ തിളങ്ങിനില്‍ക്കുകയാണ് ഉണ്ണി മുകുന്ദന്‍. മാളികപ്പുറം എന്ന ചിത്രം വലിയ വിജയം നേടിയതിന്റെ ആഹ്ലാദത്തിലാണ് താരം. സിനിമ നിര്‍മ്മാണത്തിനിടയില്‍ കൃത്യമായ പ്രതിഫലം നല്‍കാതെ ഉണ്ണി മുകുന്ദന്‍ പറ്റിച്ചുവെന്നുള്ള നടന്‍ ബാലയുടെ വെളിപ്പെടുത്തല്‍ വലിയ വിവാദമായിരുന്നു. ഇത് തന്റെ മാതാപിതാക്കളെ വേദനിപ്പിച്ചുവെന്ന് ഉണ്ണി പറയുന്നു.
ഉണ്ണി മുകുന്ദന്‍ പറഞ്ഞത്
ഭാഷയറിയാതെ ഗുജറാത്തില്‍ ചെന്നു, കഷ്ടപ്പെട്ടു രണ്ടു മക്കളെ വളര്‍ത്തിയെടുത്തവരാണ് എന്റെ അച്ഛനും അമ്മയും. എന്റെ ഭാവമാറ്റങ്ങള്‍ മനസ്സിലാക്കുന്ന, ഞാന്‍ എന്താകും ചിന്തിക്കുക എന്നു തിരിച്ചറിയുന്ന രണ്ടാളുകളാണ് അവര്‍. അവരോളം എന്നെ മറ്റാര്‍ക്കും അറിയില്ല. വളരെ അപൂര്‍വമായാണ് അമ്മയെ വിഷമിച്ചു കണ്ടിട്ടുള്ളത്.
എന്നെക്കുറിച്ച്, ഒരു പരിധി വിട്ട് ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത തരത്തില്‍ ചില കാര്യങ്ങള്‍ പറഞ്ഞു കേട്ടപ്പോള്‍ അമ്മയ്ക്കു സങ്കടമായി. ‘നീ ആഗ്രഹിച്ചതു സിനിമയില്‍ അഭിനയിക്കണം എന്നല്ലേ. അതിനൊക്കെ എത്രയോ മുകളില്‍ പോയി. സ്വസ്ഥത എന്നൊന്നു വേണ്ടേ ജീവിതത്തില്‍?’ എന്നു അമ്മ ചോദിച്ചു.
എന്നെ സംബന്ധിച്ചു ബാരിക്കേഡുകള്‍ ഒന്നുമില്ല. ആര്‍ക്കും നേരിട്ടു വന്നു സംസാരിക്കാം. വേണമെങ്കില്‍ രണ്ടു ചീത്ത പറഞ്ഞിട്ടു പോകാം. അത്ര സ്വാതന്ത്യം ആള്‍ക്കാര്‍ക്കുണ്ട്. അതിന്റെ ഗുണവും ദോഷവും ഞാന്‍ നേരിടുന്നുണ്ട്. ചില വാര്‍ത്തകള്‍ വിവാദമാകും. പിന്നീടതു മാഞ്ഞു പോകും. ഇതിനെയെല്ലാം എതിരിട്ട് തോല്‍പ്പിക്കാന്‍ ഞാന്‍ ഗ്യാങ്സ്റ്ററൊന്നും അല്ലല്ലോ.’