നടനെന്ന നിലയിലും നിര്‍മ്മാതാവെന്ന നിലയിലും തകര്‍ത്തു; മേപ്പടിയാനും ഉണ്ണി മുകുന്ദനും അഭിനന്ദനം അറിയിച്ച് 'അജ്ഞാതനായ ഏട്ടന്‍'

ഉണ്ണി മുകുന്ദന്‍ നായകനായെത്തി നിരവധി ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ ചിത്രമായിരുന്നു മേപ്പടിയാന്‍. ചിത്രത്തിലെ ഉണ്ണി മുകുന്ദന്റെ കഥാപാത്രം കരിയര്‍ ബെസ്റ്റ് എന്ന രീതിയില്‍ ആഘോഷിക്കപ്പെടുമ്പോഴും ചിത്രത്തിന്റെ രാഷ്ട്രീയ നരേറ്റീവുകള്‍ ഏറെ വിവാദങ്ങള്‍ക്കും വഴിയൊരുക്കിയിരിക്കുന്നു. ഇപ്പോഴിതാ സിനിമയെക്കുറിച്ച് ലഭിച്ച ഒരു അഭിനന്ദനക്കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ നടന്‍.

‘മേപ്പടിയാന് നിരവധി അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇത് വളരെയധികം സ്പെഷ്യലാണ്. വിഷമമുണ്ടാവുന്നതിനാല്‍ പേര് ഞാന്‍ വെളിപ്പെടുത്തുന്നില്ല. അതേസമയം ഞാന്‍ ഏറെ സന്തോഷവാനാണ്. മികച്ച ഒരു ചലചിത്രകാരനും നടനുമായ നിങ്ങളില്‍ നിന്നും ഇത് കേട്ടത് എന്നെ ഏറെ സന്തോഷവാനാക്കുന്നു. താങ്ക്യൂ ഏട്ടാ… യു മേഡ് മൈ ഡേ,’ എന്ന കുറിപ്പോടെയാണ് താരം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

‘പ്രിയപ്പെട്ട ഉണ്ണി. മേപ്പടിയാനിലെ മികച്ച പ്രകടനത്തിന് അഭിനന്ദനങ്ങള്‍. ഞാന്‍ ആദ്യത്തെ ആഴ്ച തന്നെ സിനിമ കണ്ടിരുന്നു, പക്ഷേ ചില തിരക്കുകളില്‍ പെട്ടു പോയി. ഒരു നടനെന്ന നിലയില്‍ നിങ്ങള്‍ നിങ്ങളുടെ വേര്‍സറ്റിലിറ്റി വ്യക്തമാക്കി.

ഒരു നിര്‍മാതാവ് എന്ന നിലയില്‍ ചാലഞ്ചിങ്ങായ വിഷയമെടുത്ത് സിനിമ നിര്‍മിച്ചു. ഒരു നടനെന്ന നിലയില്‍ സിനിമാ മേഖലയ്ക്ക് നല്‍കിയ മികച്ച തുടക്കമാണിത്. അഭിനന്ദനങ്ങള്‍,’ എന്നാണ് അജ്ഞാതനായ ആള്‍ ഉണ്ണി മുകുന്ദന് അഭിനന്ദനമറിയിക്കുന്നത്.

ജനുവരി 14നാണ് മേപ്പടിയാന്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. വിഷ്ണു മോഹന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രം ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ തന്നെയാണ് നിര്‍മിച്ചിരിക്കുന്നത്. അഞ്ജു കുര്യന്‍ ആണ് മേപ്പടിയാനിലെ നായിക.

Read more

ജയകൃഷ്ണന്‍ എന്ന നാട്ടിന്‍പുറത്തുകാരനായിട്ടാണ് ഉണ്ണിമുകുന്ദന്‍ ചിത്രത്തില്‍ എത്തുന്നത്. സംവിധായകന്‍ വിഷ്ണു മോഹന്‍ തന്നെയാണ് ചത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്.