ഉണ്ണി മുകുന്ദന്‍ നായകനായും നിര്‍മ്മാതാവുമായും എത്തിയ ചിത്രമാണ് മേപ്പടിയാന്‍. വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത ചിത്രം ജനുവരി 14ന് ആണ് തിയേറ്ററുകളിലേക്ക് എത്തിയത്. ഫെബ്രുവരി 18ന് ചിത്രം ആമസോണ്‍ പ്രൈമിലും എത്തിയിരുന്നു.
ഫെയ്‌സ്ബുക്കില്‍ വന്ന കമന്റിനോട് പ്രതികരിച്ച ഉണ്ണി മുകുന്ദന്റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ‘സര്‍, സര്‍ക്കാര്‍ ഓഫീസെന്ന് പറഞ്ഞാല്‍ സാധാരണക്കാരെ സഹായിക്കാന്‍ ഉള്ളതാകണം.. ജയകൃഷ്ണന്റെ നിസഹായ നിമിഷങ്ങള്‍,’ എന്നാണ് ചിത്രത്തിനൊപ്പം ഉണ്ണി മുകുന്ദന്‍ കുറിച്ചത്.
മേപ്പടിയാന്‍ ചിത്രത്തിലെ ഒരു രംഗമാണ് നടന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആയി പങ്കുവച്ചത്. ”ഇപ്പോഴും മേപ്പടിയന്‍ ഹാങ്ങോവറിലാണോ ഉണ്ണി? അടുത്ത സിനിമ ചെയ്യൂ, ഞങ്ങള്‍ കാത്തിരിക്കാം” എന്നായിരുന്നു കമന്റ്.
ഈ കമന്റിനാണ് താരം മറുപടി നല്‍കിയത്. ”ഈ സിനിമ തിയേറ്ററുകളില്‍ എത്തിക്കാന്‍ നാല് വര്‍ഷമെടുത്തു. ഒ.ടി.ടിക്ക് നല്‍കുന്നതിന് മുമ്പ് ഞാന്‍ അത് വീണ്ടും ഒരു വര്‍ഷത്തേക്ക് ഹോള്‍ഡ് ചെയ്തു. ആവശ്യമെങ്കില്‍, ഒരു നടനെന്ന നിലയില്‍ എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ ഈ സിനിമ നാണമില്ലാതെ ആഘോഷിക്കും.”
”കാരണം ഈ സിനിമ എത്രത്തോളം മികച്ചതാണെന്നതിലും, പ്രേക്ഷകര്‍ അത് എത്ര മനോഹരമായി സ്വീകരിച്ചുവെന്നതിലും ഞാന്‍ അഭിമാനം കൊള്ളുന്നു” എന്നാണ് ഉണ്ണി മുകുന്ദന്റെ മറുപടി. ഉണ്ണിക്ക് കൈയ്യടിച്ചും പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുമുണ്ട്.