'ഉർവശി ചേച്ചി മലയാളത്തിന്റെ മെറിൽ സ്ട്രീപ്'; ഉള്ളൊഴുക്ക് പ്രിവ്യൂ ഷോയ്ക്ക് ശേഷം പ്രശംസകളുമായി പാർവതി

‘കറി ആന്റ് സയനൈഡ്’ എന്ന ഡോക്യുമെന്ററിയിലൂടെ ശ്രദ്ധേയനായ ക്രിസ്റ്റോ ടോമി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഉള്ളൊഴുക്ക്’. പാർവതി തിരുവോത്ത്, ഉർവശി, പ്രശാന്ത് മുരളി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

മലയാളത്തിലെ ഏറ്റവും മികച്ച നടിമാരിൽ രണ്ട് പേർ ഒന്നിക്കുന്നതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ ചിത്രത്തെ നോക്കിക്കാണുന്നത്. നാളെയാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. എന്നാൽ ഇപ്പോഴിതാ ചിത്രത്തിന്റെ പ്രിവ്യൂ ഷോയ്ക്ക് ശേഷം ഉർവശിയെ കുറിച്ച് പാർവതി പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. മലയാളത്തിന്റെ മെറിൽ സ്ട്രീപ് ആണ് ഉർവശി എന്നാണ് പാർവതി പറയുന്നത്. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ തനിക്ക് ഒരു സെക്കന്റ് പോലും സ്ക്രീനിൽ നിന്നും കണ്ണെടുക്കാൻ കഴിഞ്ഞില്ലെന്നും പാർവതി പറയുന്നു.

“ഉർവശി ചേച്ചി നമ്മുടെ മെറിൽ സ്ട്രീപ് ആണ്. എനിക്ക് ഒരു സെക്കന്റ് പോലും സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാൻ തോന്നിയിട്ടില്ല. ഈ കഥ തീർച്ചയായും ബ്രില്ല്യന്റാണ്. ഉള്ളൊഴുക്കാണ് നമ്മൾ അറിയുന്നത്. പക്ഷെ ഉർവശി ചേച്ചി. എന്തൊരു പ്രകടനമാണ്. ഞാൻ ചേച്ചിയുടെ വലിയ ആരാധികയാണ്. ഉത്തമ വില്ലൻ എന്ന ചിത്രത്തിൽ ഞാൻ ഉണ്ടായിരുന്നു. പക്ഷെ ഉർവശി ചേച്ചിയോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞില്ലായിരുന്നു.

അന്ന് ഞാൻ ആഗ്രഹിച്ചിരുന്നു ഉർവശി ചേച്ചിയോടൊപ്പം ഒരു സിനിമ ചെയ്യണമെന്ന്. പിന്നെ അതങ്ങ് വിട്ടു. അതുകൊണ്ടാവും ചിലപ്പോൾ ഉള്ളൊഴുക്ക് കിട്ടിയത്. ചേച്ചിയുടെ സിനിമകൾ കാണാൻ നമ്മൾ ഇനിയും ഇത്രകാലം കാത്തിരിക്കാൻ പാടില്ല. അതൊരു നഷ്ടമാണ്. എല്ലാവരും പോയി ഈ സിനിമ കാണണം എന്നാണ് എനിക്ക് പറയാനുള്ളത്.” എന്നാണ് മാധ്യമങ്ങളോട് പാർവതി പറഞ്ഞത്.

കുട്ടനാട്ടിലെ ഒരു വെള്ളപ്പൊക്കക്കാലത്ത് തങ്ങളുടെ പ്രിയപ്പെട്ടവന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനായി വെള്ളപ്പൊക്കം കുറയുന്നത് വരെ കാത്തിരിക്കാൻ നിർബന്ധിതരായ ഒരു കുടുംബത്തിൻ്റെ കഥയാണ് ഉള്ളൊഴുക്ക് എന്ന ചിത്രത്തിലൂടെ ക്രിസ്റ്റോ ടോമി പറയുന്നത്.

എന്നാൽ വെള്ളം കുറയാൻ വേണ്ടി അവർ കാത്തിരിക്കുമ്പോൾ കുടുംബത്തിൻ്റെ അടിത്തറയെ തന്നെ ചോദ്യം ചെയ്യുന്ന പല രഹസ്യങ്ങളും നുണകളും പുറത്തുവരുന്നു. കള്ളങ്ങളും അതിനോടനുബന്ധിച്ച് നടക്കുന്ന മറ്റ് പ്രവൃത്തികളും കുടുംബങ്ങളിലും മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളിലും എങ്ങനെയാണ് വിള്ളലുകൾ ഉണ്ടാക്കുന്നതെന്നുമാണ് ചിത്രത്തിന്റെ പ്രമേയം.

 2018-ൽ സിനിസ്ഥാൻ വെബ് പോർട്ടൽ മികച്ച തിരക്കഥകൾ കണ്ടെത്തുന്നതിന് വേണ്ടി നടത്തിയ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ തിരക്കഥയായിരുന്നു ക്രിസ്റ്റോ ടോമിയുടെ ഉള്ളൊഴുക്ക്. ലാപത ലേഡീസ് ആയിരുന്നു രണ്ടാം സ്ഥാനം കിട്ടിയ തിരക്കഥ.

‘രഹസ്യങ്ങള്‍ എത്ര കുഴിച്ചുമൂടിയാലും അത് പുറത്തുവരും’ എന്നായിരുന്നു ചിത്രത്തിന്റെ പ്രൊമോഷണൽ ടാഗ് ലൈൻ. ഒരിടവേളയ്ക്ക് ശേഷം പാർവതി മലയാളത്തിൽ തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ജൂണ്‍ 21നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സംവിധാനത്തിലും തിരക്കഥാ രചനയിലും, പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വീഡിയോഗ്രഫിയിലും പഠനം പൂർത്തിയാക്കിയ ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ‘കന്യക’ എന്ന ഹൃസ്വചിത്രം 2014-ലെ 61-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ ഹൃസ്വചിത്രം കൂടിയായിരുന്നു, കൂടാതെ 2016-ലെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ നോൺ- ഫീച്ചർ വിഭാഗത്തിൽ മികച്ച സംവിധാനത്തിനുള്ള ഗോൾഡൻ ലോട്ടസ് പുരസ്കാരം ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ‘കാമുകി’ എന്ന ഹ്രസ്വചിത്രത്തിനായിരുന്നു.

റോണി സ്‌ക്രൂവാലയും ഹണി തെഹറാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആർ എസ് വി പി യുടെയും മക്ഗഫിന്‍ പിക്‌ചേഴ്‌സിന്റെയും ബാനറുകളിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഭ്രമയുഗത്തിന്റെ സിനിമാറ്റോഗ്രഫർ ഷെഹനാദ് ജലാലാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിക്കുന്നത്.