കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘ജയധാര പമ്പ്‌സെറ്റ് സിന്‍സ് 1962’ ചിത്രത്തിന്റെ ട്രെയ്‌ലറും ടീസറുമെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. പരസ്പരം കൊമ്പ് കോര്‍ക്കുന്ന ഉര്‍വശിയും ഇന്ദ്രന്‍സുമാണ് ട്രെയ്‌ലറിലെ ഹൈലൈറ്റ്. ഈ ജോഡി ഇതിന് മുന്നേ മറ്റൊരു സിനിമയില്‍ എത്തേണ്ടിയിരുന്നതാണ് ഉര്‍വശി പറയുന്നത്.
‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ ചിത്രത്തില്‍ തങ്ങള്‍ ആയിരുന്നു അഭിനയിക്കേണ്ടിയിരുന്നത് എന്നാണ് ഉര്‍വശി പറയുന്നത്. ”കുറേക്കാലത്തിന് ശേഷം തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലാണ് ഞാന്‍ കമ്മിറ്റ് ചെയ്തത്. അന്ന് അതിന്റെ കഥയ്ക്ക് കുറേ മാറ്റം ഉണ്ടായിരുന്നു.”
”സെക്കന്റ് ഹാഫൊക്കെ തൊണ്ടി മുതല്‍ പോലെ തന്നെയായിരുന്നു. ഇന്ദ്രന്‍ ചേട്ടനും ഞാനുമാണ് ആ സിനിമ ചെയ്യാനിരുന്നത്. അന്ന് അത് കേട്ട എല്ലാവരും അയ്യോ, ഇന്ദ്രന്‍സ് ജോഡിയായി ശരിയാകുമോ എന്ന് ചോദിച്ചു. ആ കഥാപാത്രത്തിന് അനുയോജ്യന്‍ ഇന്ദ്രന്‍ ചേട്ടനാണെന്ന് ഞാന്‍ പറഞ്ഞു.”
”അല്ലാതെ സിനിമയില്‍ ഇന്ന ആളുടെ കൂടെ ഈ ആളുകളേ അഭിനയിക്കാവൂ എന്ന് ആരും എഴുതി വെച്ചിട്ടില്ലല്ലോ എന്നാണ് ഞാന്‍ ചോദിച്ചത്. പക്ഷെ ഞാന്‍ അപ്പോള്‍ ഗര്‍ഭിണിയായി. നാല് വര്‍ഷം കാത്ത് നിന്നു. പിന്നെ എനിക്ക് വരാന്‍ താല്‍പര്യം ഉണ്ടായിരുന്നില്ല.”
”മോന്‍ തീരെ ചെറുതാണ്. അങ്ങനെ അത് മറ്റൊരു പ്രോജക്ടായി. പിന്നീട് ഇന്ദ്രന്‍ ചേട്ടന്റെ കരിയര്‍ വളര്‍ച്ച ഞാന്‍ കണ്ടു. നാട്ടിന്‍ പുറത്തെ കഥാപാത്രങ്ങള്‍ ചെയ്യാനുള്ള അനുഭവം അദ്ദേഹത്തിനുണ്ട്” എന്നാണ് ഉര്‍വശി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
2017ല്‍ ആണ് ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ പുറത്തിറങ്ങിയത്. ഫഹദ് ഫാസില്‍, സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയന്‍ എന്നിവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്. 2021ല്‍ പുറത്തിറങ്ങിയ ഹോം എന്ന സിനിമയിലും ഇന്ദ്രന്‍സിന്റെ ജോഡിയായി ഉര്‍വശിയെ തീരുമാനിച്ചിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ നടിക്ക് ഈ സിനിമ ചെയ്യാന്‍ സാധിച്ചില്ല.