വന്ദനയുടെ കൊലപാതകം ഭയാനകം, അവളുടെ വീട്ടുകാരെ എന്തുപറഞ്ഞ് ഔദ്യോഗിക സംവിധാനങ്ങള്‍ക്ക് സമാധാനിപ്പിക്കാന്‍ പറ്റും?: വി.എ ശ്രീകുമാര്‍

ആശുപത്രിയില്‍ വെച്ച് സ്‌കൂള്‍ അധ്യാപകന്റെ കുത്തേറ്റ് വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് സംവിധായകന്‍ വി.എ. ശ്രീകുമാര്‍. കുറ്റവാളികളുടെ ലഹരി പരിശോധന നടത്തേണ്ടി വരുന്ന സാഹചര്യത്തില്‍, പരിശോധിക്കുന്ന ഡോക്ടറുടെ സുരക്ഷ നാളിതു വരെ പരിഗണിച്ചില്ല എന്നത് ഭീതിയുണ്ടാക്കുന്നുവെന്ന് ശ്രീകുമാര്‍ പറയുന്നു.

”വീട്ടിലെ മൂന്നുപേര്‍ ഡോക്ടര്‍മാരാണ്. അതില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട വന്ദനയെക്കാള്‍ കുറച്ചു മാത്രം മുതിര്‍ന്നവര്‍. മക്കള്‍. വന്ദനയുടെ കൊലപാതകം ഭയാനകമാണ്. ഏന്തു തരത്തിലുള്ളതെന്ന് തിരിച്ചറിയാനാവാത്ത മാരക ലഹരികള്‍ ഉപയോഗിച്ച, വ്യക്തി എന്ന നിലയ്ക്കുള്ള പരിഗണന അര്‍ഹിക്കാത്ത, പ്രതികളെ കയ്യാമത്തിന്റെ പോലും നിയന്ത്രണമില്ലാതെ, ഡോക്ടര്‍മാരുടെ മുന്നില്‍ കൊണ്ടിരുത്തുന്നത് എന്തു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ്?

കുറ്റവാളികളുടെ ലഹരി പരിശോധന നടത്തേണ്ടി വരുന്ന സാഹചര്യത്തില്‍, പരിശോധിക്കുന്ന ഡോക്ടറുടെ സുരക്ഷ നാളിതു വരെ പരിഗണിച്ചില്ല എന്നത് ഭീതിയുണ്ടാക്കുന്നു. കൊല്ലപ്പെട്ട വന്ദന, രക്തസാക്ഷിയാണ്. ഇരയാണ്. ആ കുഞ്ഞിനെ ഓര്‍ത്ത് സങ്കടപ്പെടുന്നു. അവളുടെ വീട്ടുകാരെ എന്തുപറഞ്ഞ് ഔദ്യോഗിക സംവിധാനങ്ങള്‍ക്ക് സമാധാനിപ്പിക്കാന്‍ പറ്റും?

മുഴുവന്‍ ഡോക്ടര്‍മാരും ഉറ്റവരും ഈ നിമിഷം കടന്നു പോകുന്ന ഭയത്തെ തൊട്ടറിയുന്നു. ഡോക്ടര്‍ വന്ദനയോട് ക്ഷമ ചോദിക്കുന്നു; കൊലപാതകത്തിന് ഇരയാകുന്ന വിധത്തില്‍, സുരക്ഷയില്ലാത്ത ജോലി സാഹചര്യം സൃഷ്ടിച്ച, ഈ ജനാധിപത്യ സമൂഹത്തിലെ ഒരു ജനം എന്ന നിലയില്‍.”-ശ്രീകുമാര്‍ പറയുന്നു.