പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയിലേക്ക് മടങ്ങി വരികയാണ് നടി വാണി വിശ്വനാഥ്. ‘ദി ക്രിമിനല്‍ ലോയര്‍’ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ മടങ്ങി വരവ്. മലയാളത്തിലെ ആക്ഷന്‍ ക്വീന്‍ എന്ന പദവിയുള്ള സൂപ്പര്‍ നായികയുടെ മടങ്ങി വരവിന് പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. ആക്ഷന്‍ ചിത്രങ്ങളില്‍ അഭിനയിച്ചപ്പോഴുണ്ടായ അപകടങ്ങളെ കുറിച്ചാണ് വാണി ഇപ്പോള്‍ തുറന്നു പറയുന്നത്.
മൂന്നാലു മാസം ഗ്ലാമര്‍ വേഷമൊക്കെ ചെയ്ത് പാട്ടു സീനുകളിലൊക്കെ അഭിനയിച്ചതിനു ശേഷമാവും ഫൈറ്റ് സീനുകളില്‍ അഭിനയിക്കുന്നത്. പാട്ടു സീനുകള്‍ക്ക് വേണ്ടി നഖമൊക്കെ നീട്ടി വളര്‍ത്തിയിട്ടുണ്ടാവും. അന്ന് ഇന്നത്തെ പോലെ ഡാന്‍സ് സീനുകളിലും മറ്റും നഖം ഒട്ടിക്കുന്ന പരിപാടിയൊന്നുമില്ല. ‘അടുത്ത സീനില്‍ ഫൈറ്റാണ് മാഡം,’ എന്ന് അസിസ്റ്റന്റ് വന്നു പറയുമ്പോള്‍ താന്‍ ഇരുന്ന് നഖം വെട്ടാന്‍ തുടങ്ങും.
തെലുങ്കിലെ പ്രശസ്ത ഫൈറ്റ് മാസ്റ്റര്‍ വിജയന്‍ മാസ്റ്റര്‍ അതുകണ്ട് പറയും, ‘വാണി ഇത്ര കഷ്ടപ്പെട്ട് നഖം വളര്‍ത്തിയിട്ട് മൊത്തം വെട്ടികളയുന്നത് കാണുമ്പോള്‍ സങ്കടം തോന്നുന്നു’ എന്ന്. നഖം മുഴുവനായും വെട്ടി കളയണം, അല്ലെങ്കില്‍ കൈ ചുരുട്ടിപ്പിടിച്ച് ഇടിക്കുമ്പോള്‍ നല്ല വേദനയാണ്, നഖം കൊണ്ട് തന്റെ കയ്യില്‍ തന്നെ മുറിവാകുകയും ചെയ്യും. ഷൂട്ടിനിടെ ചെറുതും വലുതുമായി ഇത്തരത്തിലുള്ള ഒരുപാടു പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.
ടൈമിംഗ് ഒക്കെ തെറ്റി എത്രയോ തവണ ഇടി കൊണ്ടിട്ടുണ്ട്. ചാടുമ്പോള്‍ കൈ എവിടേലും കൊണ്ടിടിക്കും. വലത്തെ കൈയുടെ ഷോള്‍ഡര്‍ എപ്പോഴും പണി തരാറുള്ള ചങ്ങാതിയാണ്. എത്രയോ തവണ തെന്നി മാറിയിട്ടുണ്ട്, ഹിറ്റ്‌ലര്‍ സിനിമയുടെ ഷൂട്ടിംഗ് സമയത്തു പോലും ഷോള്‍ഡര്‍ തെന്നിയിറങ്ങി. ഷോള്‍ഡര്‍ ഡിസ്ലൊക്കേഷന്‍ വന്നാല്‍ പിന്നെ ഭീകര വേദനയാണ്.
അപകടങ്ങളും ഈ വേദനയുമൊക്കെ സ്ഥിരമായിരുന്നു ഒരു സമയത്ത്. ബാബുവേട്ടന്‍ തന്നെ കളിയാക്കി പറയും, ഒന്നും അറിയില്ലെങ്കിലും ‘സ്റ്റാര്‍ട്ട് ക്യാമറ, ആക്ഷന്‍’ എന്നു പറഞ്ഞാല്‍ അവള്‍ എന്തും ചെയ്തിരിക്കും. സത്യമാണത്, ഒരു ആക്ഷന്‍ ഹീറോയിനു വേണ്ട ഒന്നും തനിക്കറിയില്ല, ഫൈറ്റോ മറ്റ് ആയോധനമുറകളോ ഒന്നും താന്‍ പഠിച്ചിട്ടില്ല. എല്ലാം ഒരു ധൈര്യത്തിന് അങ്ങ് ചെയ്യുകയാണ്.
Read more
ഉള്ളില്‍ ലഹരി പോലെ സിനിമയോടുള്ള ഒരിഷ്ടം കിടക്കുന്നതു കൊണ്ടോ കാരണവന്മാരുടെ പുണ്യം കൊണ്ടോ ഒക്കെയാവും എല്ലാം ശരിയായി വരുന്നത്. കുതിരപ്പുറത്തൊക്കെ കയറാന്‍ പൊതുവെ എല്ലാവര്‍ക്കും പേടിയാണ്. പക്ഷേ പോണ്ടിച്ചേരിയില്‍ വച്ച് കുതിരപ്പുറത്ത് സിഗ്-സാഗ് റൈഡിനൊക്കെ താന്‍ പോയിട്ടുണ്ട് എന്നാണ് വാണി വിശ്വനാഥ് ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.