അഞ്ചോ ആറോ പേര്‍ എന്നെ ലൈംഗികചൂഷണത്തിന് ഇരയാക്കി..; കണ്ണീരോടെ വരലക്ഷ്മി, റിയാലിറ്റി ഷോയ്ക്കിടെ വെളിപ്പെടുത്തല്‍

കുട്ടിക്കാലത്ത് ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടി വരലക്ഷ്മി ശരത്കുമാര്‍. ഒരു തമിഴ് ചാനലിലെ ഡാന്‍സ് റിയാലിറ്റി ഷോയ്ക്കിടെയാണ് വരലക്ഷ്മിയുടെ വെളിപ്പെടുത്തല്‍. മത്സരാര്‍ഥി തന്റെ ജീവിത കഥ പറഞ്ഞപ്പോഴായിരുന്നു വരലക്ഷ്മിയുടെയും തുറന്നുപറച്ചില്‍. വിതുമ്പലോടെയാണ് വരലക്ഷ്മി സംസാരിച്ചത്.

”ഞാനും നിന്നെ പോലെ തന്നെയാണ്. എന്റെ മാതാപിതാക്കള്‍ (നടന്‍ ശരത്കുമാര്‍, ഛായ) അന്ന് ജോലി ചെയ്യുന്നവരായിരുന്നു. അതുകൊണ്ട് തന്നെ എന്നെ നോക്കാന്‍ അവര്‍ വേറെ ആളുകളെ നിയമിച്ചിരുന്നു. ഞാന്‍ കുട്ടിയായിരുന്ന സമയത്ത് അഞ്ചോ ആറോ പേര്‍ എന്നെ ലൈംഗികചൂഷണത്തിന് ഇരയാക്കിയിട്ടുണ്ട്. നിന്റെ കഥ എന്റെയുമാണ്.”

”എനിക്ക് കുട്ടികളില്ല. പക്ഷേ, കുട്ടികളെ ഗുഡ് ടച്ചിനെ കുറിച്ചും ബാഡ് ടച്ചിനെ കുറിച്ചും പഠിപ്പിക്കണമെന്ന് ഞാന്‍ മാതാപിതാക്കളോട് ആവശ്യപ്പെടുകയാണ്” എന്നായിരുന്നു വരലക്ഷ്മിയുടെ വാക്കുകള്‍. നടന്‍ ശരത്കുമാറിന്റേയും ആദ്യ ഭാര്യ ഛായ ദേവിയുടേയും മകളാണ് വരലക്ഷ്മി ശരത്കുമാര്‍.

മുമ്പും താന്‍ നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ച് വരലക്ഷ്മി തുറന്നുപറഞ്ഞിട്ടുണ്ട്. തന്റെ സേവ് ശക്തി ഫൗണ്ടേഷനിലൂടെ അതിജീവിതകള്‍ക്ക് പിന്തുണ നല്‍കുന്നതിനെ കുറിച്ചും വരലക്ഷ്മി പലപ്പോഴായി സംസാരിക്കാറുണ്ട്. 2012ല്‍ തമിഴ് ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടി മലയാളത്തില്‍ കസബ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങളില്‍ പ്രധാന വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.