കമല്‍ഹാസന്‍ നായകനായെത്തിയ വിക്രം സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് 30 വര്‍ഷമായി സിനിമാ നൃത്തമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വാസന്തിയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഫൈറ്റ് രംഗങ്ങളെക്കുറിച്ച് പറയുകയാണ് വാസന്തി.
കമല്‍ഹാസനെ പൊക്കിയെടുത്ത് ബെഡ്ഡിലേക്ക് ഇടുന്നതായിരുന്നു തന്റെ ആദ്യ ഷോട്ടെന്ന് വാസന്തി പറയുന്നു. ആ രംഗത്തില്‍ താന്‍ വിറക്കുകയായിരുന്നു. അത് കറക്ടായിട്ട് തന്നെ വരണം. കാരണം കമല്‍ സാര്‍ ഒരു ലെജന്റാണ്. സ്വപ്നമാണോ എന്ന് തനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ പറ്റുന്നില്ല. ഫൈറ്റിന് വന്നവരെയൊക്കെ താന്‍ ശരിക്കും അടിക്കുകയായിരുന്നുവെന്നും വാസന്തി പറഞ്ഞു.
ഫൈറ്റെല്ലാം ഷൂട്ട് ചെയ്തതിന് ശേഷം എഡിറ്റ് ചെയ്ത ഒരു റഫ് കട്ട് തങ്ങളെ കാണിച്ചിരുന്നു. അത് കണ്ടതിന് ശേഷം കമല്‍ സാര്‍ അടുത്ത് വന്ന് നീ നന്നായി ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു. താന്‍ കൈ കൂപ്പി സാറിനോട് നന്ദി പറഞ്ഞു. അഞ്ച് നിമിഷത്തേക്ക് താന്‍ അങ്ങ് പൊങ്ങി പോയെന്നും വാസന്തി പറഞ്ഞു.
കമല്‍ഹാസന്റെ രാജ് കമല്‍ ഇന്റര്‍നാഷണലാണ് ചിത്രം നിര്‍മിച്ചത്. വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്‍ അതിഥിവേഷത്തിലെത്തിയ സൂര്യ തുടങ്ങിയവരെല്ലാം മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. അര്‍ജുന്‍ ദാസ്, ഹരീഷ് ഉത്തമന്‍, ഗായത്രി ശങ്കര്‍, കാളിദാസ് ജയറാം തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലെത്തുന്നു.