മാര്‍വലോ ഡിസിയോ നിങ്ങളെ ഉടന്‍ എടുക്കും, അതെനിക്ക് ഉറപ്പാണ്'; മിന്നല്‍ മുരളി അഭിമാനമെന്ന് വെങ്കട് പ്രഭു

ബേസില്‍ ജോസഫ് ടൊവീനോ തോമസ് ചിത്രം മിന്നല്‍ മുരളിയെ പ്രശംസിച്ച് തെന്നിന്ത്യന്‍ സംവിധായകന്‍ വെങ്കട് പ്രഭു. സിനിമ മികച്ചു നിന്ന് എന്നും ഗുരു സോമസുന്ദരം അസാമാന്യ പ്രകടനം കാഴ്ചവെച്ചു എന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.’മിന്നല്‍ മുരളി! നിങ്ങളെ നമിക്കുന്നു. എന്തൊരു ലോക്കല്‍ സൂപ്പര്‍ഹീറോ ഒറിജിന്‍ ചിത്രം. ഗുരു സോമസുന്ദരം വേറെ ലെവല്‍ സാര്‍ നീങ്ക ‘മാര്‍വലോ ഡിസിയോ നിങ്ങളെ ഉടന്‍ എടുക്കും, അതെനിക്ക് ഉറപ്പാണ്’, വെങ്കട് പ്രഭു ട്വീറ്റ് ചെയ്തു. മിന്നല്‍ മുരളി അഭിമാനമാണ് എന്നും അദ്ദേഹം കുറിച്ചു.

ഒടിടി റിലീസ് ആയി നെറ്റ്ഫ്‌ലിക്‌സിന്റെ മറ്റൊരു സിനിമയ്ക്കും ഇല്ലാത്ത വരവേല്‍പ്പായിരുന്നു തുടക്കം മുതലേ ‘മിന്നല്‍ മുരളി’ക്ക് ലഭിച്ചുകൊണ്ടിരുന്നത്. 24ന് ഉച്ചയ്ക്ക് 1.30നായിരുന്നു നെറ്റ്ഫ്‌ലിക്‌സില്‍ ചിത്രം റീലീസ് ചെയ്തത്. ചിത്രത്തിലെ വില്ലനായി എത്തിയ ഗുരു സോമസുന്ദരത്തിന്റെ അഭിനയവും പ്രേക്ഷകര്‍ക്കിടയില്‍ പ്രത്യേക ശ്രദ്ധ നേടി കഴിഞ്ഞു.

തയ്യല്‍ക്കാരനായ മുരളി എന്ന യുവാവിന് മിന്നല്‍ ഏല്‍ക്കുന്നതോടെ അത്ഭുതശക്തികള്‍ ലഭിക്കുന്നതായാണ് ചിത്രത്തിന്റെ കഥ. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. തമിഴ് താരം ഗുരു സോമസുന്ദരം, അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. മിന്നല്‍ മുരളിക്കായി ക്യാമറ ചലിപ്പിക്കുന്നത് സമീര്‍ താഹിറും സംഗീതം ഷാന്‍ റഹ്‌മാനുമാണ്.