ഒരു നല്ല സംവിധായകന് മാത്രം സാധ്യമാവുന്ന സിനിമയാണ് രായൻ; പ്രശംസകളുമായി വെട്രിമാരൻ

‘പവർപാണ്ടി’ എന്ന ചിത്രത്തിന് ശേഷം ധനുഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘രായൻ’ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ധനുഷിന്റെ കരിയറിലെ അൻപതാം ചിത്രം കൂടിയാണ് രായൻ. ഇപ്പോഴിതാ രായൻ പുറത്തിറങ്ങിയ പശ്ചാത്തലത്തിൽ ധനുഷ് എന്ന സംവിധായകനെ കുറിച്ച് വെട്രിമാരൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. രായൻ എന്ന സിനിമ ഒരു നല്ല സംവിധായകന് മാത്രം സാധ്യമാവുന്ന ഒന്നാണെന്നാണ് വെട്രിമാരൻ പറയുന്നത്. ഒരു നടനിൽ നിന്നും ഒരു മികച്ച സംവിധായകനിലേക്കുള്ള ധനുഷിന്റെ വളർച്ചയിൽ തനിക്ക് അത്ഭുതമില്ലെന്നും വെട്രിമാരൻ പറയുന്നു.

“ഒരു നല്ല സംവിധായകന് മാത്രം സാധ്യമാവുന്ന സിനിമയാണ് രായൻ. നടനിൽ നിന്ന് മികച്ച സംവിധായകനിലേക്കുളള ധനുഷിന്റെ വളർച്ചയിൽ എനിക്ക് വലിയ അത്ഭുതമില്ല. കാരണം സംവിധായകർക്ക് ചുറ്റും വളർന്ന ധനുഷിന് ഇത് വളരെ സ്വാഭാവികമായ പുരോ​ഗതിയാണെന്ന് ഞാൻ കരുതുന്നു. ധനുഷിന്റെ അച്ഛനും സഹോദരനും സംവിധായകരാണ്. മാത്രമല്ല, വേഗത്തിൽ പഠിക്കാനുള്ള മിടുക്കും അവനുണ്ട്. അതിനാൽ, അദ്ദേഹം ഒരു സംവിധായകനാകുന്നത് വളരെ സ്വാഭാവികമായ ഒരു കാര്യമാണ്.” എന്നാണ് പുതിയ തലമുറൈ എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ വെട്രിമാരൻ പറഞ്ഞത്.

അതേസമയം ഗ്യാങ്ങ്സ്റ്റർ- ആക്ഷൻ ചിത്രമായതുകൊണ്ട് തന്നെ എ സർട്ടിഫിക്കറ്റ് ആയിരുന്നു രായന് ലഭിച്ചത്. സൺ പിച്ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രത്തിൽ അപർണ ബാലമുരളിയാണ് നായിക. അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആർട്സ് ആന്റ് സയൻസസിന്റെ ലൈബ്രറിയിലേക്ക് ചിത്രത്തിന്റെ തിരക്കഥ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കാളിദാസ് ജയറാമും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പ്രകാശ് രാജ്, നിത്യാ മേനോൻ, അനിഖ സുരേന്ദ്രൻ,സന്ദീപ് കിഷൻ, എസ് ജെ സൂര്യ, സെൽവരാഘവൻ, വരലക്ഷ്മി ശരത്കുമാർ, ദുഷാര വിജയൻ  എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

Read more

എ. ആർ റഹ്മാനാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് റായൻ നിർമ്മിക്കുന്നത്. ഓം പ്രകാശ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ജി കെ പ്രസന്നയാണ്.