തെന്നിന്ത്യൻ സിനിമയിൽ വെട്രിമാരൻ എന്നത് ഇന്നൊരു ബ്രാൻഡ് ആയി മാറിയിരിക്കുകയാണ്. ചെയ്ത സിനിമകൾ എല്ലാം തന്നെ വിജയമാക്കിയ വെട്രിമാരൻ സിനിമയിലേക്ക് എത്തുന്നതിന് മുൻപ് സംവിധായകൻ ബാലു മഹേന്ദ്രയുടെ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു.
ഇന്ത്യൻ സിനിമയിൽ വെട്രിമാരൻ സിനിമകൾ എന്ന് പറയുന്നത് സിനിമ പഠിക്കുന്നവർക്കും സിനിമാപ്രേമികൾക്കും ഒരു പാഠപുസ്തകമാണ്. അടിച്ചമർത്തപ്പെടുന്നവരുടെ രാഷ്ട്രീയം കൃത്യമായി തന്റെ സിനിമകളിലൂടെ വെട്രിമാരൻ പറയുന്നു.
മുഖ്യധാരാ സിനിമയിലേക്ക് എത്തിപ്പെടാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും, ആയിരം പേരോടെങ്കിലും കഥ പറഞ്ഞിട്ടുണ്ടെന്നും വെട്രിമാരൻ പറയുന്നു. മാത്രമല്ല തനിക്ക് തിരക്കഥയഴുതാൻ അറിയില്ലെന്നും അത് പോയി പഠിക്കാൻ പറഞ്ഞവരുണ്ടെന്നും സിനിമയിലേക്ക് വന്ന വഴികളെ കുറിച്ച് സംസാരിക്കുമ്പോൾ വെട്രിമാരൻ പറയുന്നു.
“ഒരു മുന്നൂറ് പ്രൊഡ്യൂസർമാരോട് കഥ പറഞ്ഞിട്ടുണ്ട്. 150 ഹീറോമാരോടും ഹീറോ ആകാൻ പോകുന്നവന്മാരോടും ഹീറോസിന്റെ അച്ഛനും ചേട്ടന്മാർക്കുമെല്ലാം ഞാൻ കഥ പറഞ്ഞുകൊടുത്തിട്ടുണ്ട്. പൊല്ലാതവന് മുമ്പേ 1000 കഥകളെങ്കിലും പലരോടും പറഞ്ഞിട്ടുണ്ടാവും. അവരൊക്കെ ഫീഡ്ബാക്കും പറഞ്ഞിട്ടുണ്ട്. എന്തിനാണ് ഈ സിനിമ ചെയ്യുന്നത്, നിനക്ക് തിരക്കഥയെഴുതാൻ അറിയില്ല, ആദ്യം അത് പോയി പഠിക്ക്, അത് കഴിഞ്ഞ് സിനിമ ചെയ്യാം എന്നൊക്കെ കേട്ടിട്ടുണ്ട്.” ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലായിരുന്നു വെട്രിമാരൻ ഇങ്ങനെ അഭിപ്രായപ്പെട്ടത്.
സൂര്യ നായകനായെത്തുന്ന ‘വാടിവാസൽ’ എന്ന ചിത്രമാണ് വെട്രിമാരന്റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. സി. എസ് ചെല്ലപ്പയുടെ വാടിവാസൽ എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമയൊരുങ്ങുന്നത്.
തന്റെ അച്ഛന്റെ മരണത്തിനു കാരണക്കാരനായ ‘കാരി’ എന്ന കാളയെ ജല്ലിക്കെട്ടിൽ പിടിച്ചുകെട്ടാൻ ശ്രമിക്കുന്ന ‘പിച്ചി’യുടെ കഥയാണ് ‘വാടിവാസൽ’ എന്ന നോവൽ. ജല്ലിക്കെട്ടിന് വലിയ പ്രാധാന്യമുള്ള മധുര ജില്ലയിലെ ഒരു സ്ഥലമാണ് ‘വാടിവാസൽ’.
വിജയ് സേതുപതി, സൂരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വെട്രിമാരൻ സംവിധാനം ചെയ്ത ‘വിടുതലൈ പാർട്ട് 1’ മികച്ച പ്രേക്ഷക നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ ചിത്രമാണ്. സിനിമയുടെ രണ്ടാം ഭാഗത്തിന് വേണ്ടി കാത്തിരിപ്പിലാണ് സിനിമാലോകം.