ആ രംഗം എങ്ങനെ എഴുതണമെന്ന് എനിക്ക് ഒരു ധാരണയുമില്ലായിരുന്നു..: വെട്രിമാരൻ

തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് വെട്രിമാരൻ. കേവലം 7 സിനിമകളിൽ നിന്നും 5 നാഷണൽ അവാർഡുകളാണ് വെട്രിമാരൻ ഇതുവരെ കരസ്ഥമാക്കിയിട്ടുള്ളത്. 2007-ൽ ‘പൊള്ളാതവൻ’ എന്ന ചിത്രത്തിലൂടെയാണ് വെട്രിമാരൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. അതിന് മുൻപ് ബാലു മഹേന്ദ്രയുടെ അസിസ്റ്റന്റ് ഡയറക്ടറായും വെട്രിമാരൻ പ്രവൃത്തിച്ചിരുന്നു.

വെട്രിമാരന്റെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായി കണക്കാക്കുന്ന ചിത്രമാണ് ധനുഷ് നായകനായി എത്തിയ ‘വടചെന്നൈ’. നോർത്ത് ചെന്നൈയിലെ ഗ്യാങ്ങ്സ്റ്റർ ഗ്രൂപ്പുകളുടെ ചരിത്രവും പ്രതികാരവും ചർച്ച ചെയ്ത ചിത്രത്തിന് രണ്ടാം ഭാഗം വരുമെന്ന് വെട്രിമാരൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആഖ്യാനപരമായുള്ള മികവ് തന്നെയാണ് വടചെന്നൈയെ പ്രേക്ഷകരുടെ ഇഷ്ട ചിത്രമായി മാറ്റിയത്.

ഇപ്പോഴിതാ ഏറെ പ്രശംസ നേടിയ ചിത്രത്തിലെ ഇന്റർവെൽ സീക്വൻസിനെ കുറിച്ച് സംസാരിക്കുകയാണ് വെട്രിമാരൻ. ഇന്റർവെൽ രംഗങ്ങൾ എങ്ങനെ എഴുതണമെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് വെട്രിമാരൻ പറയുന്നത്. പിന്നീട് റിവേഴ്സ് ഓർഡറിലാണ് അത് എഴുതിയതെന്നും വെട്രിമാരൻ പറയുന്നു.

“വടചെന്നൈയുടെ ഇന്റര്‍വെല്‍ സീക്വന്‍സ് എങ്ങനെ എഴുതണമെന്ന് എനിക്ക് യാതൊരു ധാരണയുമില്ലായിരുന്നു. അന്‍പ് സെന്തിലിനെ കുത്തണം എന്നത് മാത്രമേ മനസില്‍ ഉണ്ടായിരുന്നുള്ളൂ.

അത് പ്രേക്ഷകര്‍ക്ക് കണ്‍വിന്‍സാകുന്ന രീതിയില്‍ എങ്ങനെ എഴുതണമെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് ഐഡിയ കിട്ടിയില്ല. സെന്തിലിന്റെ സെല്ലില്‍ വെച്ച് കൊന്നാല്‍ സ്വാഭാവികമായും എല്ലാവരും അന്‍പിനെ സംശയിക്കും.

സെല്ലിന് പുറത്തുവെച്ച് മാത്രമേ അന്‍പിന് സെന്തിലിനെ ആക്രമിക്കാന്‍ പറ്റുള്ളൂ. പക്ഷേ സെന്തില്‍ അവന്റെ സെല്ലില്‍ നിന്ന് പുറത്തുവരില്ല. ഇത് ആദ്യമേ പറഞ്ഞുവെച്ചതുകൊണ്ട് എങ്ങനെ ആ സീന്‍ എഴുതണമെന്ന് കണ്‍ഫ്യൂഷനായി നിന്നു.

ഒടുവില്‍ റിവേഴ്‌സ് ഓര്‍ഡറില്‍ എഴുതി നോക്കി. അന്‍പ് സെന്തിലിനെ പുറകില്‍ നിന്ന് കുത്തി. അത് സെല്ലിന് പുറത്തുവെച്ച് ഫുള്‍ ബഹളത്തിനിടയിലാണ് ചെയ്തത്. അതിന്റെ കാരണം കാരംസ് ബോര്‍ഡ് മത്സരത്തില്‍ ഉണ്ടായ പ്രശ്‌നം. ആ ഒരു ഓര്‍ഡറില്‍ ചിന്തിച്ചപ്പോള്‍ ലോജിക്കലായിട്ടുള്ള സീന്‍ ഉണ്ടായി.” എന്നാണ് ഗലാട്ട മാസ്റ്റർക്ലാസിൽ വെട്രിമാരൻ പറഞ്ഞത്.

അതേസമയം വിജയ് സേതുപതിയെയും സൂരിയെയും പ്രധാന കഥാപാത്രങ്ങളാക്കി വെട്രിമാരൻ സംവിധാനം ചെയ്ത ‘വിടുതലൈ പാർട്ട് 1’ ആയിരുന്നു വെട്രിമാരന്റെ ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടൻ പുറത്തിറങ്ങുന്നുണ്ട്. പ്രശസ്ത തമിഴ്- മലയാളം നോവലിസ്റ്റ് ബി. ജയമോഹന്റെ തുനൈവൻ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയത്. ജയമോഹനും വെട്രിമാരനും ചേർന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയത്.ഇളയരാജയാണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

ജെല്ലിക്കെട്ട് പ്രമേയമാവുന്ന സി. എസ് ചെല്ലപ്പയുടെ വാടിവാസൽ എന്ന നോവലിനെ ആസ്പദമാക്കി സൂര്യ നായകനാവുന്ന വെട്രിമാരൻ ചിത്രം ‘വാടിവാസലി’ന് വേണ്ടിയും പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. മൂന്ന് മാസത്തിനുള്ളില്‍ വാടിവാസലിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Read more