അധികമാര്‍ക്കും അറിയാത്ത അന്യഭാഷാ സിനിമകള്‍ കേരളത്തില്‍ റിലീസ് ചെയ്യുന്നതിനെതിരെ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. തിയേറ്റര്‍ ഉടമകളുടെ മേല്‍ സമ്മര്‍ദം ചെലുത്തി അന്യഭാഷ സിനിമകള്‍ കൊണ്ട് തിയേറ്ററുകള്‍ നിറയ്ക്കുമ്പോള്‍ മലയാള സിനിമകള്‍ എങ്ങനെ ഇവിടെ റിലീസ് ചെയ്യും എന്നാണ് വിജയ് ബാബു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ ചോദിക്കുന്നത്.
വിജയ് ബാബുവിന്റെ കുറിപ്പ്:
ആര്‍ക്കും അറിയില്ലാത്ത തമിഴ്, തെലുങ്ക്, കന്നട സിനിമകള്‍ ഇവിടെയുള്ള പ്രധാന വിതരണക്കാര്‍ കേരളത്തിലെ തിയേറ്ററുകളില്‍ കൊണ്ടിടുകയാണ്. ഇത്തരം വിതരണക്കാര്‍ തിയേറ്റര്‍ ഉടമകളുടെ മേല്‍ സമ്മര്‍ദം ചെലുത്തി അന്യഭാഷ സിനിമകള്‍ കൊണ്ട് തിയേറ്ററുകള്‍ നിറയ്ക്കുമ്പോള്‍ മലയാള സിനിമകള്‍ എങ്ങനെ ഇവിടെ റിലീസ് ചെയ്യും?
കണ്ടന്റ് സാധ്യതയുള്ള മലയാള സിനിമകളെ അവഗണിച്ചാണ് ഇതുപോലുള്ള പേരറിയാ സിനിമകള്‍ക്ക് കൂടുതല്‍ സ്‌ക്രീന്‍സും ഷോയും തിയറ്റര്‍ ഉടമകള്‍ നല്‍കുന്നത്. മലയാള സിനിമകളുടെ ഐഡന്റിറ്റി ഇതുമൂലം നഷ്ടപ്പെടും. പാന്‍ ഇന്ത്യന്‍, പാന്‍ സൗത്ത്, ബോളിവുഡ്, ഹോളിവുഡ്, പിന്നെ വലിയ മലയാളം സിനിമകള്‍ മാത്രം ഇവിടെ റിലീസ് ചെയ്യും. മറ്റുള്ള കൊച്ചു മലയാള സിനിമകള്‍ പത്തോ അതിലധികമോ ആയി ഒരു മഴക്കാലത്ത് ഒറ്റ ദിവസം റിലീസ് ചെയ്യും.
എന്റെ ഖല്‍ബ് എന്ന സിനിമ ഇതിനിടയില്‍ നിന്ന് എങ്ങനെയൊക്കെയോ രക്ഷപ്പെട്ട് റിലീസിന് ഒരുങ്ങുകയാണ്. അസോസിയേഷനോട് ഒരു അപേക്ഷയുണ്ട്, ഇതൊരു ദുരവസ്ഥയാണ്. നിങ്ങളുടെ കണ്ണ് തുറക്കണം. കഴിഞ്ഞ ക്രിസ്മസിന് മാത്രമാണ് മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി ഒരൊറ്റ മലയാള സിനിമ മാത്രം റിലീസ് ചെയ്തത്.