മമ്മൂക്ക ശിവാജി ഗണേശനെ അനുകരിക്കുന്ന ഒരു രംഗമുണ്ട്, ആ സിനിമ ഒരുപാട് പേര്‍ക്ക് സജസ്റ്റ് ചെയ്തിട്ടുണ്ട്: വിജയ് സേതുപതി

മമ്മൂട്ടി-ലിജോ ജോസ് പെല്ലിശേരി ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്ക’ത്തെ അഭിനന്ദിച്ച് നടന്‍ വിജയ് സേതുപതി. വല്ലാത്ത അനുഭവം നല്‍കിയ സിനിമയാണ് അതെന്നും പലരോടും അത് കാണാന്‍ താന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു എന്നാണ് വിജയ് സേതുപതി പറയുന്നത്. ഒരു സ്വകാര്യ എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് താരം സംസാരിച്ചത്.

”നന്‍പകല്‍ നേരത്ത് മയക്കം കണ്ടിട്ടുണ്ട്. എന്തൊരു സിനിമയാണ്, ഞാന്‍ ഒരുപാട് പേര്‍ക്ക് ആ സിനിമ സജസ്റ്റ് ചെയ്തു. ആ സിനിമ കാണുമ്പോള്‍ എന്തോ ഒരു പ്രത്യേക അവസ്ഥയാണ്. എല്ലാവര്‍ക്കും ആ സിനിമ മനസിലാകുമെന്ന് കരുതുന്നില്ല. എന്നാല്‍ ആ സിനിമ എനിക്ക് വളരെ ഇഷ്ടപ്പെട്ടു.”

”ആ സിനിമയില്‍ ശിവാജി ഗണേശനെ അനുകരിക്കുന്ന ഒരു രംഗമുണ്ട്. മമ്മൂക്ക ഒരേസമയം രണ്ട് കഥാപാത്രങ്ങളായി അഭിനയിക്കുന്നതൊക്കെ വളരെ നന്നായിരുന്നു. നന്‍പകല്‍ നേരത്ത് മയക്കം രണ്ടുതവണ കണ്ടു. രണ്ടാമത് കണ്ടപ്പോഴാണ് ചിത്രത്തില്‍ നിഴലുകള്‍ക്കുള്ള പ്രധാന്യം മനസിലായത്” എന്നാണ് വിജയ് സേതുപതി പറയുന്നത്.

പ്രേമലുവും രണ്ട് തവണ കണ്ടെന്ന് സേതുപതി പറയുന്നുണ്ട്. വളരെ മനോഹരമായ ചിത്രമായിരുന്നു അത്. നായികയും നായകനും മാത്രമല്ല എല്ലാ കഥാപാത്രങ്ങളും രസമായിരുന്നു. കൂടാതെ മഞ്ഞുമ്മല്‍ ബോയ്‌സ്, ഭ്രമയുഗം, കാതല്‍ എന്നീ സിനിമകള്‍ ഒക്കെ കണ്ടുവെന്നും വിജയ് സേതുപതി പറഞ്ഞു.

അതേസമയം, 2022ല്‍ പുറത്തിറങ്ങിയ ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. വേളാങ്കണ്ണി തീര്‍ഥാടനം കഴിഞ്ഞു വരുന്ന പ്രൊഫഷണല്‍ നാടക സംഘത്തിലെ അംഗമായ ജെയിംസ് ഒരു തമിഴ് ഗ്രാമത്തില്‍ വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെടുകയും, അവിടെ നിന്നും രണ്ട് വര്‍ഷം മുമ്പ് കാണാതായ സുന്ദരത്തെ പോലെ പെരുമാറുന്നതാണ് സിനിമയുടെ ഇതിവൃത്തം.