താന്‍ അഭിനയിച്ച ‘സൂപ്പര്‍ ഡീലക്‌സ്’ ചിത്രം ഓസ്‌കര്‍ എന്‍ട്രിയായി തിരഞ്ഞെടുക്കാതിരുന്നത് പിന്നില്‍ രാഷ്ട്രീയമാണെന്ന് വിജയ് സേതുപതി. 2019ലെ ഇന്ത്യയുടെ ഒഫീഷ്യല്‍ ഓസ്‌കര്‍ എന്‍ട്രിയായി സൂപ്പര്‍ ഡീലക്സിന് പകരം ‘ഗലി ബോയ്’ തിരഞ്ഞെടുത്തത് തന്റെ ഹൃദയം തകര്‍ത്തു എന്നാണ് വിജയ് സേതുപതി ബോളിവുഡ് ഹംഗാമയോട് പ്രതികരിച്ചിരിക്കുന്നത്.
വിജയ് സേതുപതി ട്രാന്‍സ്‌ജെന്‍ഡര്‍ ആയി അഭിനയിച്ച ചിത്രമാണ് സൂപ്പര്‍ ഡീലക്‌സ്. ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രിയാകാന്‍ സൂപ്പര്‍ ഡീലക്‌സും മത്സരരംഗത്ത് ഉണ്ടായിരുന്നുവെങ്കിലും, ഇതിനെ തഴഞ്ഞ് സോയ അക്തര്‍ ചിത്രം ഗള്ളി ബോയ് തിരഞ്ഞെടുക്കുകയായിരുന്നു.
ആരാധകരുമായി സംസാരിക്കുന്നതിനിടെയാണ് സൂപ്പര്‍ ഡീലക്‌സിനെ തള്ളിയതില്‍ വിജയ് സേതുപതി അതൃപ്തി അറിയിച്ചത്. ”ഇത് രാഷ്ട്രീയമാണ്. ഞാന്‍ ആ സിനിമയില്‍ ഞാന്‍ ഉള്ളതു കൊണ്ടല്ല പറയുന്നത്, ഞാന്‍ അഭിനയിച്ചില്ലെങ്കിലും അത് ഓസ്‌കറിലേക്ക് പോകണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു.”
Read more
”അതിനിടയില്‍ എന്തോ സംഭവിച്ചു. അതിനെ കുറിച്ച് ഞാന്‍ പറയുന്നില്ല. അത് അനാവശ്യമാണ്” എന്നാണ് വിജയ് സേതുപതി പറയുന്നത്. തന്റെ പുതിയ ചിത്രം ‘മെറി ക്രിസ്മസി’ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിലാണ് വിജയ് സേതുപതി സംസാരിച്ചത്.