തമിഴ് നടന്മാരിൽ ഇന്ന് ശ്രദ്ധേയനായ നടനാണ് വിജയ് സേതുപതി. മക്കൾ സെൽവൻ എന്ന് ആരാധകർ വിളിക്കുന്ന വിജയ് സേതുപതി ഏത് കഥാപാത്രങ്ങളും അതിന്റെ പൂർണതയോടെ അവതരിപ്പിക്കുന്ന നടനാണ്. ചെറിയ വേഷങ്ങളിൽ നിന്ന് തുടങ്ങിയ അദ്ദേഹം ചുരുങ്ങിയ കാലം കൊണ്ടാണ് തന്റേതായ സ്ഥാനം കണ്ടെത്തിയത്. മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റായിലിന് നൽകിയ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകളാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.
ചെറുപ്പത്തിൽ അധികം സിനിമകൾ കാണുകയോ മറ്റെന്തെങ്കിലും കാര്യങ്ങളിൽ മുഴുകിയിരിക്കുന്ന ആളോ ആയിരുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ആരുടേയും ആരാധകനുമായിരുന്നില്ല. സിനിമയിൽ മാത്രമല്ല, സ്പോർട്സിലോ മറ്റെന്തെങ്കിലും എക്സ്ട്രാ ആക്റ്റിവിറ്റികളുടെയോ ഭാഗമായിരുന്നില്ല. ആളുകളുടെ വിഷമങ്ങൾ ഒക്കെ കണ്ടാൽ കരഞ്ഞു പോകുന്ന വളരെ ഇമോഷണലായ കുട്ടി ആയിരുന്നു താൻ എന്ന് വിജയ് സേതുപതി പറഞ്ഞു.
എന്നാൽ താനൊരിക്കൽ നടനാകുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്നു. വിജയിച്ചാൽ സന്തോഷം തോന്നറുണ്ട്. പരാജയത്തിൽ നിരാശയും. എന്നാൽ ഒരു സന്തോഷവും നിരാശയും ഒരാഴ്ചയിൽ കൂടുതൽ നിലനിൽക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. ഓരോ വിജയത്തിൽ നിന്നും കൂടുതൽ മെച്ചപ്പെടുത്തി വലിയ വിജയങ്ങൾ നേടാനുള്ള ശ്രമങ്ങളാണ് നടത്തുക. പരാജയമാണെങ്കിൽ അതിൽ നിന്ന് പാഠം ഉൾക്കൊള്ളും. അതെല്ലാം പരിഹരിച്ച് മുന്നോട്ട് പോകുമെന്നും വിജയ് സേതുപതി പറഞ്ഞു.
തന്റെ ഭാര്യയും മക്കളും നല്ല സിനിമാസ്വാദകരാണെന്നും വിജയ് കൂട്ടിച്ചേർത്തു. അവർ ഒട്ടുമിക്ക സിനിമകളും കാണാറുണ്ട്. തന്റെ അഭിനയത്തേക്കുറിച്ച് അവർക്ക് പൊതുവേ നല്ല അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു. അധികം വിമർശനങ്ങൾ ഒന്നും നടത്താറില്ല. തന്റെ സിനിമകളും വേഷങ്ങളും ഒക്കെ അവർക്ക് ഇഷ്ടമാണെന്നും വിജയ് സേതുപതി പറഞ്ഞു.