ദളപതി വിജയ് നായകനായി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പാന്‍ ഇന്ത്യന്‍ ലെവലില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ തമിഴ്, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലെ നിരവധി പ്രമുഖരാണ് അഭിനയിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന് പിന്നിലെ ഒരു രഹസ്യം തുറന്നുപറഞ്ഞിരിക്കുകയാണ് ലിയോയുടെ നിര്‍മാതാക്കളില്‍ ഒരാളായ ലളിത് കുമാര്‍
ലിയോ ഒരു പാന്‍ -ഇന്ത്യന്‍ സിനിമയാക്കാന്‍ തുടക്കത്തില്‍ ദളപതി വിജയ്ക്ക് വലിയ താല്‍പ്പര്യമുണ്ടായിരുന്നില്ലെന്നും പിന്നീട് താനും സംവിധായകന്‍ ലോകേഷ് കനകരാജുമാണ് താരത്തെ നിര്‍ബന്ധിച്ച് തീരുമാനം മാറ്റിയതെന്നും ലളിത് കുമാര്‍ പറഞ്ഞു.
ലിയോയെ പാന്‍-ഇന്ത്യന്‍ സിനിമയാക്കാന്‍ ആദ്യം വിജയ്ക്ക് താല്‍പ്പര്യമില്ലായിരുന്നു, തമിഴ് സിനിമ ഇഷ്ടപ്പെടുന്ന ആളുകള്‍ക്ക് വേണ്ടി മാത്രം ഒരു സിനിമ ചെയ്യാമെന്നായിരുന്നു അദ്ദേഹം ഞങ്ങളോട് പറഞ്ഞത്, എന്നാല്‍ പിന്നീട് അദ്ദേഹം ലിയോ ഒരു പാന്‍ ഇന്ത്യന്‍ ചിത്രമാക്കാന്‍ സമ്മതിക്കുകയായിരുന്നു ലളിത് കുമാര്‍ പറഞ്ഞു.
ബോളിവുഡ് താരം സഞ്ജയ് ദത്ത്, ആക്ഷന്‍ കിംഗ് അര്‍ജുന്‍, സംവിധായകനായ മിഷ്‌കിന്‍, ഗൗതം വാസുദേവ് മേനോന്‍, മലയാള താരം മാത്യു തോമസ്, സാന്‍ഡി, പ്രിയ ആനന്ദ് എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് തൃഷയാണ്.
അനിരുദ്ധ് രവിചന്ദര്‍ സംഗീതമൊരുക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ലോകേഷ് കനകരാജ്- രത്ന കുമാര്‍- ധീരജ് വൈദി എന്നിവരാണ്. മനോജ് പരമഹംസ കാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുക ഫിലോമിന്‍ രാജ്, ഇതിന് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുക അന്‍പ്-അറിവ് എന്നിവര്‍ ചേര്‍ന്നാണ്. തമിഴ്നാട്, കശ്മീര്‍ എന്നിവിടങ്ങളിലാണ് ഈ ചിത്രം ഷൂട്ട് ചെയ്യുന്നത്.