സിനിമാക്കാരെല്ലാം മോശക്കാരാണെന്ന് അടച്ചാക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് നടന്‍ വിജയരാഘവന്‍. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടും തുടര്‍ന്നുണ്ടായ സംഭവങ്ങളും എത്തിയതോടെ സിനിമയില്‍ തിളങ്ങിയ നടിമാരൊക്കെ വിട്ടുവീഴ്ച ചെയ്തവരാണെന്ന പൊതുബോധമുണ്ടാക്കാന്‍ വഴിവച്ചു എന്നാണ് വിജയരാഘവന്‍ പറയുന്നത്.
സിനിമാക്കാരെല്ലാം മോശക്കാരാണെന്ന തരത്തിലാണ് നിരന്തരം മാധ്യമവാര്‍ത്തകള്‍ വരുന്നത്. നടീ-നടന്മാരെ അടച്ചാക്ഷേപിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നല്ല രീതിയിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ സിനിമാ മേഖലയില്‍ മാത്രം നടക്കുന്നതല്ല.
ചിത്രീകരണത്തിനിടയില്‍ നടിമാര്‍ക്ക് കൂട്ടിന് ആളെ കൊണ്ടുവരാന്‍ സാധിക്കും. വേറെ ഏത് തൊഴില്‍ മേഖലയില്‍ ഇങ്ങനെയൊരു സൗകര്യമുണ്ട് എന്നാണ് വിജയരാഘവന്‍ പറയുന്നത്. അതേസമയം, ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ മുതല്‍ മുതിര്‍ന്ന നടിമാര്‍ വരെ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു.
നടി നല്‍കിയ ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യത്തിനായി സിദ്ദിഖ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. വിവിധ കേസുകളിലായി മുകേഷ്, ഇടവേള ബാബു എന്നിവര്‍ അറസ്റ്റിലായെങ്കിലും, ഇവര്‍ മുന്‍കൂര്‍ ജാമ്യം നേടിയതിനാല്‍ വിട്ടയച്ചു.