നെഞ്ചുവേദനയെത്തുടര്‍ന്ന് തെന്നിന്ത്യന്‍ നടന്‍ വിക്രമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ആരോഗ്യം വീണ്ടെടുത്തതിന് ശേഷം അദ്ദേഹം തന്റെ പുതിയ ചിത്രം ‘കോബ്ര’യുടെ ഓഡിയോ ലോഞ്ചിനായി എത്തിയിരുന്നു. ഇപ്പോഴിതാ ആ പരിപാടിയില്‍ വെച്ച് താന്‍ ആശുപത്രിയില്‍ ആയതിനെക്കുറിച്ച് വന്ന വാര്‍ത്തകളില്‍ വളരെ രസകരമായ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
‘നിരവധി വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലും മറ്റു മാധ്യമങ്ങളിലും ആയി ചുറ്റിത്തിരിയുന്നുണ്ടായിരുന്നു. ചിലര്‍ വയ്യാതെ കിടക്കുന്ന ഏതോ രോഗിയുടെ ശരീരം എന്റെ തല വെച്ച് ഫോട്ടോഷോപ്പ് ചെയ്തു വരെ വാര്‍ത്ത കൊടുത്തിരുന്നു. അതൊക്കെ വളരെ ക്രിയേറ്റിവ് ആയിരുന്നു, എനിക്ക് ഇഷ്ടമായി’ എന്നാണ് തമാശ രൂപേണ വിക്രം പറഞ്ഞത്. ‘എന്തെല്ലാം നമ്മള്‍ കാണുന്നു, ഇതൊന്നും ഒന്നുമല്ല’, എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആര്‍ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രം കോബ്രായുടെ ഓഡിയോ ലോഞ്ച് ചെന്നൈയില്‍ വെച്ചാണ് നടന്നത്. എ ആര്‍ റഹ്‌മാന്‍, ഇര്‍ഫാന്‍ പത്താന്‍, ദ്രുവ് വിക്രം, റോഷന്‍ മാത്യു, ശ്രീനിധി ഷെട്ടി, ഉദയനിധി സ്റ്റാലിന്‍, കെ എസ് രവികുമാര്‍, മിയ ജോര്‍ജ്, തുടങ്ങി നിരവധി പ്രമുഖ വ്യക്തികള്‍ പരിപാടിയില്‍ പങ്കെടുത്തു. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയുടെ ബാനറില്‍ എസ് എസ് ലളിത് കുമാര്‍ ആണ് കോബ്ര നിര്‍മ്മിക്കുന്നത്. ഇഫാര്‍ മീഡിയയ്ക്ക് വേണ്ടി റാഫി മതിര കേരളത്തില്‍ അവതരിപ്പിക്കുന്ന ഈ ചിത്രം,ഡ്രീം ബിഗ് ഫിലിംസും, ഇ ഫോര്‍ എന്റ്റര്‍ടൈന്‍മെന്റ്റും ചേര്‍ന്ന് തീയേറ്ററുകളില്‍ എത്തിക്കുന്നു.
എആര്‍ റഹ്‌മാന്റെ സംഗീത സംവിധാനത്തില്‍ പുറത്തുവന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിക്കഴിഞ്ഞു. ‘കെജിഎഫി’ലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടിയാണ് നായിക. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായ ഇര്‍ഫാന്‍ പത്താന്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. മലയാളി താരങ്ങളായ റോഷന്‍ മാത്യു, സര്‍ജാനോ ഖാലിദ്, മിയ ജോര്‍ജ്, കനിഹ, പദ്മപ്രിയ, മാമുക്കോയ, ബാബു ആന്റണി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ആഗസ്റ്റ് 11ന് തീയേറ്ററുകളില്‍ എത്തും.