ജിതു മാധവൻ- ഫഹദ് ഫാസിൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ആവേശം’ ഗംഭീര പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. പതിമൂന്ന് ദിവസങ്ങൾ കൊണ്ട് ചിത്രം 100 കോടി ക്ലബ്ബിലും കയറിയിരുന്നു. ഫഹദിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ആവേശത്തിലെ രംഗ.
സുഷിൻ ശ്യാം സംഗീതം നൽകിയ ചിത്രത്തിലെ ഗാനങ്ങളും സൂപ്പർ ഹിറ്റുകളാണ്. ചിത്രത്തിലെ എട്ട് പാട്ടുകൾക്ക് വരികളെഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്. ചിത്രത്തിന്റെ പ്രമേയത്തോട് ചേർന്നു നിൽക്കുന്ന പാട്ടുകൾ സോഷ്യൽ മീഡിയയിലും വൈറലാണ്. ഇപ്പോഴിതാ ‘ഇല്ലുമിനാറ്റി’ എന്ന ഗാനത്തെ കുറിച്ച് സംസാരിക്കുകയാണ് ഗാനരചയിതാവ് വിനായക് ശശികുമാർ. വരികളെഴുതിയതിന് ശേഷം ഇല്ലുമിനാറ്റി എന്ന വാക്ക് വേണ്ട എന്നാണ് സുഷിൻ പറഞ്ഞതെന്നാണ് വിനായക് ശശികുമാർ പറയുന്നത്. തങ്ങൾ മൂന്ന് പേരും ഒരുമിച്ച് രോമാഞ്ചം എന്ന ചിത്രം ചെയ്‌തത് കൊണ്ടും അത് വിജയിച്ചതിന്റെ കോൺഫിഡൻസ് ഈ സിനിമ ചെയ്യുമ്പോഴും തങ്ങൾക്ക് ഉണ്ടായിരുന്നുവെന്നും വിനായക് കൂട്ടിചേർത്തു.
“ഇലുമിനാറ്റി സോങ്ങാണ് ഞാൻ ആദ്യം എഴുതിയത്, ഇല്ലുമിനാറ്റി എന്ന വാക്ക് സുഷിനെയും ജിത്തുവിനെയും കൊണ്ട് അപ്രൂവ് ചെയ്യിക്കാൻ പാടുപ്പെട്ടു. സുഷിനാണ് ഇല്ലുമിനാറ്റി എന്ന വാക്കും അതിലെ വരികളും ആദ്യം വേണ്ട എന്ന് പറഞ്ഞത്.
ഞങ്ങൾ മൂന്ന് പേരും ഒരുമിച്ച് രോമാഞ്ചം ചെയ്‌തത് കൊണ്ടും അത് വിജയിച്ചതിന്റെ കോൺഫിഡൻസ് ഈ സിനിമ ചെയ്യുമ്പോഴും ഞങ്ങൾക്ക് ഉണ്ടായിരുന്നു അത് വെച്ചായിരുന്നു ഇതിലെ ഒരോ പാട്ടുകളും ചെയ്തത്.
എന്റെ പാട്ടുകളിൽ എപ്പോഴും കേട്ട് പരിചിതമായ വാക്കുകളായിരിക്കണം, എന്നാൽ പരിചിതമല്ലാത്ത സന്ദർഭത്തിൽ ഉണ്ടാവുന്ന പുതുമയായിരിക്കണം എന്നാണ് എന്റെ അപ്രോച്ച്. ഇല്ലുമിനാറ്റി മാത്രം ഞങ്ങൾ ഷൂട്ടിൻ മുമ്പ് ചെയ്‌തതാണ്, ശേഷം ജാഡയും ഗലാട്ടയും നാച്വറലി സംഭവിക്കുകയായിരുന്നു.” എന്നാണ് മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ വിനായക് ശശികുമാർ പറഞ്ഞത്.
അതേസമയം റിലീസ് ചെയ്ത് പതിമൂന്ന് ദിവസങ്ങൾ കൊണ്ടാണ് ചിത്രം 100 കോടി ക്ലബ്ബിലെത്തിയത്. ഓപ്പണിംഗ് ദിനത്തില്‍ ആഗോളതലത്തില്‍ 10 കോടിക്ക് മുകളില്‍ നേടിയ ചിത്രം കേരളത്തില്‍ മാത്രം 4 കോടിക്ക് അടുത്ത് കളക്ഷന്‍ നേടിയിരുന്നു.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ എല്ലാം 3 കോടിക്ക് മുകളില്‍ കളക്ഷന്‍ ചിത്രം കേരളത്തില്‍ നിന്നും നേടിയിട്ടുണ്ട്. ‘മഞ്ഞുമ്മല്‍ ബോയ്‌സ്’, ‘ആടുജീവിതം’, ‘പ്രേമലു’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഈ വര്‍ഷം 100 കോടി ക്ലബ്ബില്‍ എത്തുന്ന നാലാമത്തെ ചിത്രമാണ് ആവേശം. ഫഹദിന്റെ ആദ്യ നൂറ് കോടി ചിത്രം കൂടിയാണിത്.
അൻവർ റഷീദ് എന്റർടൈൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ അൻവർ റഷീദ്, നസ്രിയ നസിം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജിതു മാധവൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.
മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർഥി, സജിൻ ഗോപു, പ്രണവ് രാജ്, ഹിപ്സ്റ്റർ, മിഥുൻ ജെ.എസ്, റോഷൻ ഷാനവാസ്, ശ്രീജിത്ത് നായർ, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, തങ്കം മോഹൻ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.