അത് നുണയാണ്, പച്ചക്കള്ളം.. ഒ.ടി.ടി റിലീസ് എന്നാല് കാശുണ്ടാക്കുക മാത്രമാണ് ഉദ്ദേശ്യം: വിനായകന്‍

ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ സിനിമ റിലീസ് ചെയ്യുക എന്നത് പണത്തിന് വേണ്ടിയുള്ള വെറും കച്ചവടം ആണെന്ന് നടന്‍ വിനായകന്‍. ആര് എന്തു പറഞ്ഞാലും താനിത് തുറന്നു പറയും എന്നാണ് വിനായകന്‍ മാധ്യമങ്ങളോട് പറയുന്നത്.

സിനിമ ഒ.ടി.ടിയില്‍ റിലീസ് ചെയ്യുക എന്നത് വെറും കച്ചവടമാണ്. അതിനപ്പുറം ഒന്നുമില്ല. ഇത്രയും വലിയ സിനിമ ചെയ്യുന്ന ഇത്രയും നന്മയുള്ള ആളുകള്‍ ആരാണുള്ളത്. ആരുമില്ല, നുണയാണ്, പച്ചക്കള്ളം. കാശുണ്ടാക്കുക എന്ന ഉദ്ദേശം മാത്രമേയുള്ളു.

ആര് പറഞ്ഞാലും താന്‍ അത് തുറന്നു പറയും എന്നാണ് വിനായകന്‍ പറയുന്നത്. പട എന്ന ചിത്രത്തിന് പിന്നാലെ ഒരുത്തീ ആണ് വിനായകന്റെതായി തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. പത്തു വര്‍ഷത്തിന് ശേഷം നവ്യ നായര്‍ അഭിനയത്തിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് ഒരുത്തീ.

പൊലീസ് ഓഫീസറുടെ വേഷത്തിലാണ് വിനായകന്‍ ഒരുത്തീയില്‍ വേഷമിട്ടത്. ഒരു ബോട്ട് കണ്ടക്ടറുടെ വേഷത്തിലാണ് നവ്യ സിനിമയിലെത്തുന്നത്. വി.കെ പ്രകാശിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം ഇന്നാണ് തിയേറ്ററുകളിലെത്തിയത്.

Read more

അതേസമയം, മോഹന്‍ലാല്‍, മമ്മൂട്ടി ചിത്രങ്ങള്‍ വരെ ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്നുണ്ട്. മമ്മൂട്ടിയുടെ പുഴു സോണി ലൈവില്‍ പ്രദര്‍ശനത്തിനെത്തും. മോഹന്‍ലാലിന്റെ ദൃശ്യം 2, ബ്രോ ഡാഡി എന്നിവ ഒ.ടി.ടിയില്‍ റിലീസ് ചെയ്തിരുന്നു. സല്യൂട്ട് ഒ.ടി.ടിയില്‍ എത്തുന്നതിനാല്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന് തിയേറ്ററുടമകളുടെ സംഘടന ഫിയോക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.