പരിപ്പ് കഴിക്കണ എന്റെ മുമ്പില്‍ ബീഫ് കറി കൊണ്ടുവച്ചിട്ട് എന്ത് കാര്യം? ഷൂട്ടിനിടെ സെല്‍ഫി ചോദിച്ചാല്‍ ദേഷ്യപ്പെടും: വിനായകന്‍

തന്നെ പൊതുവെ ഒരു ദേഷ്യക്കാരനായിട്ട് പലരും കാണുന്നതിന്റെ കാരണം പറഞ്ഞ് നടന്‍ വിനായകന്‍. തനിക്ക് ദേഷ്യക്കാരനായിട്ട് തോന്നുന്ന ആള്‍ക്കാരെ കാണുമ്പോള്‍ ദേഷ്യം വരും അത്രയേ ഉള്ളു എന്നാണ് വിനായകന്‍ പറയുന്നത്. മാത്രമല്ല, ഒരു കഥാപാത്രത്തിന്റെ ലുക്കില്‍ നില്‍ക്കുമ്പോള്‍ സെല്‍ഫി എടുക്കാന്‍ വന്നാല്‍ വേണ്ടെന്ന് പറയും എന്നാണ് വിനായകന്‍ പറയുന്നത്.

”എനിക്ക് ദേഷ്യക്കാരനായിട്ട് തോന്നുന്ന ആള്‍ക്കാര്‍ ഉണ്ടല്ലോ അവരെ കാണാന്‍ എനിക്ക് താല്‍പര്യമില്ല. അപ്പോ അവരെ കാണുമ്പോള്‍ ദേഷ്യം വരും. പരിപ്പ് കഴിക്കണ എന്റെ മുമ്പില്‍ ബീഫ് കറി കൊണ്ടുവച്ചിട്ട് എന്ത് കാര്യം. ജയിലറിന് ശേഷം ഞാന്‍ ഗോവയില്‍ ചെന്ന് നില്‍ക്കുന്ന ഒരു ജങ്ഷന്‍ ഉണ്ട്. അവിടെ ചെല്ലുമ്പോള്‍ ഒരു അഞ്ച് പേരൊക്കെ വന്നിട്ടേ ചേട്ടാ ഒരു ഫോട്ടോ എടുക്കട്ടെ എന്ന് പറയുകയുള്ളു.”

”ഇപ്പോള്‍ 50 പേര് ഒക്കെ വന്ന് പറയാന്‍ തുടങ്ങി. അത്ര ഹിറ്റ് ആയിപ്പോയി. ഫോട്ടോ ഒക്കെ ഞാന്‍ എടുക്കും. എനിക്ക് ഫോട്ടോ എടുക്കുന്നത് ഒക്കെ ഇഷ്ടമാണ്. പക്ഷെ പ്രസന്റ് ടൈമില്‍ ഞാന്‍ എന്താ ചെയ്യുന്നത് എന്ന കാര്യമുണ്ട്. ഞാന്‍ ചിലപ്പോ ഷൂട്ടില്‍ നില്‍ക്കുമായിരിക്കും. ആ സമയത്ത് എന്റെ ജോലി ഷൂട്ട് ചെയ്യുക എന്നുള്ളതാണ്.”

”ആ സമയത്തൊക്കെ ഫോട്ടോ, സെല്‍ഫി എന്ന് പറയുമ്പോള്‍ എനിക്ക് പെട്ടെന്ന് ദേഷ്യം വരും. ദേഷ്യമല്ല വേണ്ടാന്ന് പറയും. എന്റെ ഗെറ്റപ്പ് പുറത്തു വിടുക പടത്തിന്റെ, അത് കുഴപ്പമില്ല ചേട്ടാ ഒരു സെല്‍ഫിയല്ലേ എന്ന് പറയും. കഷണ്ടിയൊക്കെ ആയി ഇരിക്കുന്ന ഫോട്ടോ പുറത്തുവിട്ടാല്‍ പിന്നെ നമുക്ക് പ്രമോഷനായിട്ട് എന്ത് ചെയ്യാനാകും. അങ്ങനെയൊക്കെയുള്ള സമയത്ത് ഞാന്‍ വേണ്ടെന്ന് പറയും” എന്നാണ് വിനായകന്‍ പറയുന്നത്.

അതേസമയം, ഒക്ടോബര്‍ നാലിന് പുറത്തിറങ്ങുന്ന ‘തെക്ക് വടക്ക്’ എന്ന ചിത്രമാണ് വിനായകന്റെതായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. പ്രേം ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം എസ്. ഹരീഷിന്റെ രാത്രി കാവല്‍ എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയാണ്. സുരാജ് വെഞ്ഞാറമൂട് ആണ് ചിത്രത്തിലെ മറ്റൊരു കേന്ദ്ര കഥാപാത്രം.