ഇനിയും ഒഴിഞ്ഞ് മാറുകയാണെങ്കില്‍ ഈ വര്‍ഷം പ്രഖ്യാപിച്ച അവാര്‍ഡുകള്‍ മൊത്തം സംശയത്തിന്റെ നിഴലിലാകും; രഞ്ജിത്തിനോട് വിനയന്‍

ചലച്ചിത്ര അവാര്‍ഡുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളോട് പ്രതികരിക്കാന്‍ ഉദ്ദേശമില്ലെന്ന അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന്റെ പ്രസ്താവനയോട് പ്രതികരിച്ച് വിനയന്‍. ചെയര്‍മാന്‍ പദവി ദുരുപയോഗം ചെയ്തു എന്ന് ജൂറി മെമ്പര്‍മാര്‍ തന്നെ പറയുമ്പോള്‍ മറുപടി പറയാതെ ഒളിച്ചോടിയിട്ട് കാര്യമുണ്ടോ എന്നാണ് വിനയന്‍ ചോദിക്കുന്നത്. തെറ്റുപറ്റി എന്ന് സമ്മതിച്ച് രഞ്ജിത്ത് സ്ഥാനം ഒഴിയണം, അല്ലെങ്കില്‍ ഈ വര്‍ഷം പ്രഖ്യാപിച്ച അവാര്‍ഡുകള്‍ മൊത്തം സംശയത്തിന്റെ നിഴലിലാകും എന്നാണ് വിനയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

വിനയന്റെ കുറിപ്പ്:

ചലച്ചിത്ര അവാര്‍ഡ് വിവാദങ്ങളോട് പ്രതികരിക്കാതെ അക്കാദമി ചെയര്‍മാന്‍ ഒഴിഞ്ഞുമാറുന്നു എന്നാണ് ഇന്നത്തെ പത്രങ്ങള്‍ എഴുതിയിരിക്കുന്നത്. ഒരു വ്യക്തി എന്ന നിലയിലോ? ചലച്ചിത്രകാരന്‍ എന്ന നിലയിലോ താങ്കള്‍ക്ക് പ്രതികരിക്കേണ്ട ബാധ്യത ഇല്ലായിരിക്കാം.. പക്ഷേ സര്‍ക്കാര്‍ ഖജനാവില്‍ നിന്നു പണം മുടക്കി എല്ലാ വിധ സൗകര്യങ്ങളും തന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന പദവിയില്‍ ഇരിക്കുന്ന താങ്കള്‍ ആ കസേരയില്‍ ഇരിക്കുന്നിടത്തോളം കാലം സംസ്ഥാന അവാര്‍ഡ് നിര്‍ണയത്തില്‍ ചെയര്‍മാന്‍ പദവി ദുരുപയോഗം ചെയ്തു എന്ന് ഒന്നു രണ്ടു ജൂറി മെമ്പര്‍മാര്‍ തന്നെ പറയുമ്പോള്‍ മറുപടി പറയാതെ ഒളിച്ചോടിയിട്ടു കാര്യമുണ്ടോ?

ജൂറി മെമ്പര്‍മാരായ നേമം പുഷ്പരാജും ജെന്‍സി ഗ്രിഗറിയും പറയുന്ന കാര്യങ്ങള്‍ ഒന്നുകില്‍ താങ്കള്‍ നിഷേധിക്കണം. അല്ലങ്കില്‍ തെറ്റുപറ്റി എന്നു സമ്മതിച്ച് സ്ഥാനം ഒഴിയണം.. അവര്‍ പറയുന്ന പ്രധാന കാര്യങ്ങള്‍ ഒന്നു കൂടി താങ്കളുടെ ശ്രദ്ധയില്‍ പെടുത്തുകയാണ്..

1) അവാര്‍ഡിനായി ജൂറിയെ നിയമിച്ചു കഴിഞ്ഞാല്‍ പിന്നെ അക്കാദമി ചെയര്‍മാന്‍ അവര്‍ തരുന്ന അവാര്‍ഡ് ജേതാക്കളുടെ ലിസ്റ്റ് സാംസ്‌കാരിക മന്ത്രിയുമായി ചേര്‍ന്ന് പ്രഖ്യാപിക്കുക എന്ന ചുമതലയേ ഉള്ളു. രഞ്ജിത്ത് ചട്ടം ലംഘിച്ച് അവാര്‍ഡ് നിര്‍ണയ ചര്‍ച്ചയില്‍ ചില അഭിപ്രായങ്ങള്‍ പറഞ്ഞു എന്ന് നേമം പുഷ്പരാജും ജെന്‍സി ഗ്രിഗറിയും പറയുന്നു അതു ശരിയാണോ? അങ്ങനെ നടന്നിട്ടുണ്ടോ?

2) മത്സരത്തിന് വന്ന ഒരു സിനിമയായ പത്തൊന്‍പതാം നുറ്റാണ്ട് ചവറു സിനിമ ആണന്നും അതൊന്നും സെലക്ട് ചെയ്യല്ലന്നും നേമം പുഷ്പ രാജിനോടും ശ്രീകുമാരന്‍ തമ്പി എഴുതിയതുള്‍പ്പടെ ചിലപാട്ടുകള്‍ ചവറു പാട്ടുകളാണന്ന് ജെന്‍സിയോടും താങ്കള്‍ പറഞ്ഞതായി അവര്‍ പറയുന്നു… ആ വിവരം ശരിയാണോ?

3) ജൂറി അവാര്‍ഡ് നിര്‍ണയത്തിനായി ചിത്രങ്ങള്‍ കാണുമ്പോള്‍ മന്ത്രിയോ മുഖ്യമന്ത്രിയോ പോലും അതിലിരിക്കാന്‍ പറ്റില്ല എന്ന ചട്ടമൊക്കെ ലംഘിച്ച് അക്കാദമി ചെയര്‍മാന്‍ അക്കൂട്ടത്തില്‍ കയറി ഇരുന്ന് ചിത്രങ്ങള്‍ കണ്ടെന്നും അഭിപ്രായം പറഞ്ഞെന്നും ഇതേ ജൂറി അംഗങ്ങള്‍ പറയുന്നു… താങ്കള്‍ അങ്ങനെ ചെയ്തിട്ടുണ്ടോ?

4) പത്തൊന്‍പതാം നൂറ്റാണ്ട് എന്ന സിനിമയുടെ കലാസംവിധാനത്തെ കുറിച്ച് അതു കൊള്ളത്തില്ല എന്നു താങ്കളും, കൊള്ളാം എന്നു നേമം പുഷ്പരാജും തമ്മില്‍ തര്‍ക്കവും വാദപ്രതിവാദവും ഉണ്ടായെന്നും ഒരു കലാ സംവിധായകനായ തന്നേ പഠിപ്പിക്കാന്‍ വരെണ്ട എന്ന് പുഷ്പരാജ് രഞ്ജിത്തിനോടു പറയേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞിരിക്കുന്നു. അങ്ങനൊരു തര്‍ക്കം ഉണ്ടായന്നുള്ളത് സത്യമാണോ?

5) താങ്കളുടെ ശ്രദ്ധയില്‍ പെടാതെ പത്തൊന്‍പതാം നൂറ്റാണ്ട് എന്ന സിനിമയ്ക്ക് സംഗീതത്തിനും പാട്ടിനും ഡബ്ബിങിനും ഉള്‍പ്പടെ മുന്ന് അവര്‍ഡ് കിട്ടിയപ്പോള്‍.. ആ വിവരം അറിഞ്ഞ താങ്കള്‍ ക്ഷുഭിതനായെന്നും റൂമിലേക്കു പോയ ജൂറി അംഗങ്ങളേയും ജൂറി ചെയര്‍മാനെയും തിരിച്ചു വിളിപ്പിച്ച് ആ അവാര്‍ഡുകള്‍ പുനര്‍ ചിന്തിക്കാന്‍ പറഞ്ഞുവെന്നും ഒടുവില്‍ പാട്ടിന്റെ അവാര്‍ഡില്‍ തീരുമാനമെടുത്ത ജെന്‍സി ഗ്രിഗറി കരഞ്ഞുകൊണ്ട് ജൂറി ചെയര്‍മാന്‍ ഗൗതം ഘോഷിനോട് ഈ നടപടി ശരീയല്ല എന്നു പറയുകയും ഒടുവില്‍ ആ തീരുമാനങ്ങള്‍ മാറ്റേണ്ടതില്ല എന്ന് ജൂറി ചെയര്‍മാന്‍ പറഞ്ഞുവെന്നും നേമം പുഷ്പരാജ് വ്യക്തമായി സാക്ഷ്യപ്പെടുത്തുന്നു.. ഇതിന്റെ ഒക്കെ പിന്നില്‍ രഞ്ജിത് ആയിരുന്നു എന്ന് അദ്ദേഹം അടിവരയിട്ടു പറയുന്നു.. ശരിയാണോ ഈ വിവരങ്ങള്‍..?

ഇത്രയും കാര്യങ്ങള്‍ രഞ്ജിത്ത് നിഷേധിച്ചാല്‍ പ്രശ്‌നം തീര്‍ന്നു.. ബാക്കി കാര്യങ്ങള്‍ക്ക് നേമം പുഷ്പരാജും ജെന്‍സി ഗ്രിഗറിയുമാണ് മറുപടി പറയേണ്ടത്.. പ്രത്യേകിച്ച് താങ്കളിതൊന്നും ചെയ്തിട്ടില്ലങ്കില്‍ നേമം പുഷ്പരാജ് എന്നോടും കേരളത്തിലെ ജനങ്ങളോടും മറുപടി പറയാന്‍ ബാധ്യസ്തനാണല്ലോ? അതദ്ദേഹം ചെയ്യുമായിരിക്കും.. അതല്ല ഇതിലേതിലെങ്കിലും അക്കാദമി ചെയര്‍മാന്‍ എന്ന നിലയില്‍ താങ്കള്‍ ഇടപെട്ടിട്ടുണ്ടങ്കില്‍ ആ സ്ഥാനം രാജിവച്ചൊഴിയുക തന്നെ വേണം.. കാരണം അത് അധികാര ദുര്‍വിനിയോഗമാണ്..

സ്വജന പക്ഷപാതമാണ്.. ചട്ട വിരുദ്ധമാണ്. മലയാള സിനിമയ്ക്ക് ഒത്തിരി സംഭാവനകള്‍ നല്‍കിയിട്ടുള്ള താങ്കള്‍.. സാംസ്‌കാരിക മന്ത്രി പോലും മലയാള സിനിമയുടെ ഇതിഹാസം എന്നു വിശേഷിപ്പിച്ച രഞ്ജിത്ത് ഇനിയും ഒഴിഞ്ഞു മാറാതെ കൃത്യമായ മറുപടി പറഞ്ഞ് ഈ ആരോപണങ്ങളുടെ പുകമറയില്‍ നിന്ന് പുറത്തു വരണമെന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു. അതല്ലെങ്കില്‍ ഈ വര്‍ഷം പ്രഖ്യാപിച്ച അവാര്‍ഡുകള്‍ മൊത്തം സംശയത്തിന്റെ നിഴലിലാകും. താങ്കള്‍ക്കിത്രയും വലിയൊരു പദവി തന്ന സര്‍ക്കാരും വിഷമ വൃത്തത്തിലാകും.

Latest Stories

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!