'മലയാള സിനിമയെ നിയന്ത്രിക്കുന്ന പ്രമുഖരേ കണ്ണാടിയിലേക്ക് നോക്കൂ, നിങ്ങളുടെ മുഖം വികൃതമല്ലേ?' പ്രതികരണവുമായി വിനയൻ

ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി സംവിധായകൻ വിനയൻ. സോഷ്യൽ മീഡിയ വഴി സൈബർ അറ്റാക്ക് നടത്തി തന്നെ തകർക്കാൻ ശ്രമിച്ച വീരൻമാരാണ് ഇന്നു സമൂഹത്തിന്റെ മുന്നിൽ ഉടുതുണി ഇല്ലാതെ നിൽക്കുന്നത് എന്നാണ് വിനയൻ പറയുന്നത്.

വിനയൻ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണരൂപം:

ഹേമ കമ്മിറ്റി റിപ്പോർട്ട് വെളിയിൽ വന്നിരിക്കുന്ന ഈ സാഹചര്യത്തിൽ മലയാള സിനിമയെ ഇന്നും നിയന്ത്രിക്കുന്ന പ്രമുഖരേ.. ദയവായി നിങ്ങളുടെ മനസ്സാക്ഷിയുടെ കണ്ണാടിയിലേക്കൊന്നു നോക്കൂ….നിങ്ങളുടെ മുഖം വികൃതമല്ലേ…?
സിനിമയോടുള്ള ആഗ്രഹം കൊണ്ട് ആ രംഗത്തേക്കു കടന്നു വരുന്ന സ്ത്രീകളെ ചൂഷണം ചെയ്യുന്നതിൽ നിന്നും അവർക്കു സംരക്ഷണം കൊടുക്കേണ്ടതിന്റെ പ്രഥമ കടമ സംഘടനകൾക്കാണ്..
അതിലവർ എടുക്കുന്ന നിലപാടുകൾ ഏമാനെ സുഖിപ്പിക്കുന്നതാകരുത്.

സ്ത്രീ സുരക്ഷ പോലെ തന്നെ ഗൌരവതരമാണ് സിനിമയിലെ തൊഴിൽ വിലക്കിന്റെ മാഫിയാ വൽക്കരണം.ആ ഉമ്മാക്കിയാണല്ലോ ഈ പീഢനങ്ങളുടെ എല്ലാം ബ്ളാക്മെയിൽ തന്ത്രം.
വൈരവിര്യാതന ബുദ്ധിയും പ്രതികാരവും നിറഞ്ഞ നിങ്ങളുടെ ക്രൂര വിനോദത്തിനു വിധേയനായ ഒരാളാണല്ലോ ഞാനും.. നിങ്ങളെ വിമർശിച്ചതിന്റെ പേരിൽ, മുഖത്തു നോക്കി കാര്യങ്ങൾ തുറന്നു പറഞ്ഞതിന്റെ പേരിൽ എന്റെ പന്ത്രണ്ടോളം വർഷം വിലക്കി നശിപ്പിച്ചവരാണു നിങ്ങൾ.. ഏതു പ്രമുഖന്റെയും മുഖത്തു നോക്കി കാര്യങ്ങൾ തുറന്നു പറയാൻ ഏതു ജൂനിയർ ആർട്ടിസ്റ്റിനും ധൈര്യം കൊടുക്കുന്ന ഒരു സംഘടന മലയാളസിനിമയിൽ ഉണ്ടായതിന്റെ രണ്ടാം വർഷം നിങ്ങൾ അതിനെ തകർത്ത് നിങ്ങളുടെ ചൊൽപ്പടിക്കു നിൽക്കുന്ന ഒരു സംഘടന ഉണ്ടാക്കിയത് എന്തിനാണ്?

അവിടെ നിന്നല്ലേ ഈ തെമ്മാടിത്തരങ്ങളുടേയും ആധുനിക സിനിമാ ഗുണ്ടയിസത്തിന്റെയും വേലിയേറ്റം മലയാള സിനിമയേ കൂടുതൽ മലീമസമാക്കാൻ തുടങ്ങിയത്? 2008 ജൂലൈയിൽ എറണാകുളം സരോവരം ഹോട്ടലിൽ നിങ്ങൾ സിനിമാ തമ്പുരാക്കൻമാർ എല്ലാം ഒത്തു ചേർന്ന് തകർത്തെറിഞ്ഞ “മാക്ട ഫെഡറേഷൻ”എന്ന സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറി ആയിരുന്നു ഞാൻ. സംഘടന തകർത്തിട്ടും വൈരാഗ്യം തീരാഞ്ഞ നിങ്ങൾ എന്നെയും വിലക്കി.. നേരത്തേ നിങ്ങളുടെ കണ്ണിലെ കരടായിരുന്ന തിലകൻ ചേട്ടൻ വിനയന്റെ ഭാഗത്താണ് ന്യായം എന്നു പറഞ്ഞതോടെ അദ്ദേഹത്തെയും നിങ്ങൾ വിലക്കി പുറത്താക്കി. അദ്ദേഹത്തിന്റെ മരണശേഷം ഞാൻ നിങ്ങടെ വിലക്കിനെതിരെ കോടതിയിൽ പോയി..കോമ്പറ്റീഷൻ കമ്മീഷൻ നിങ്ങൾക്കെതിരെ വിധിച്ചു.. കോടികൾ മുടക്കി നിങ്ങൾ സുപ്രീം കോടതി വരെ പോയി കേസു വാദിച്ചപ്പോൾ എതിർഭാഗത്ത് ഞാൻ ഒറ്റപ്പെട്ടു പോയിരുന്നു.. പക്ഷേ സത്യം എന്റെ ഭാഗത്തായിരുന്നു.. അമ്മ സംഘടനയ്ക്കു നാലു ലക്ഷം രൂപയാണ് ഫൈൻ അടിച്ചത്..

ഫെഫ്കയുൾപ്പടെ മറ്റു സംഘടനകൾക്കും പല പ്രമുഖർക്കും പിഴ അടക്കേണ്ടി വന്നു ചില പ്രമുഖ നടൻമാർ ശിക്ഷയിൽ നിന്നും സാങ്കേതികത്വം പറഞ്ഞ് രക്ഷ പെട്ടു എന്നത് സത്യമാണ്.വീണ്ടും തെളിവുകളുമായി അവരുടെ പുറകേ പോകാനൊന്നും ഞാൻ നിന്നില്ല.എനിക്ക് എന്റെ ഭാഗം സത്യമാണന്ന് ജനങ്ങളെ അറിയിക്കണമെന്നേ ഉണ്ടായിരുന്നുള്ളു..
പക്ഷേ തൊഴിൽ വിലക്കിനും സിനിമയിലെ മാഫിയാ വൽക്കരണത്തിനും എതിരെ വന്ന ആ സുപ്രീം കോടതി വിധി അന്ന് നമ്മുടെ മീഡിയകൾ ഒന്നും വേണ്ട വിധത്തിൽ ചർച്ച ചെയ്തില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. സിനിമയിലെ പ്രമുഖർക്ക് അന്നു മീഡിയകളെ കുറച്ചുകൂടി കൈപ്പിടിയിൽ ഒതുക്കുവാൻ കഴിഞ്ഞിരുന്നു എന്നതാണ് സത്യം..

വിമർശിക്കുന്നതിന്റെ പേരിൽ ഫാൻസുകാരെക്കൊണ്ട് we Hate Vinayan എന്ന online അക്കൗണ്ട് ഉണ്ടാക്കി എന്നെ തകർക്കാൻ ശ്രമിച്ച വീരൻമാരാണ് ഇന്നു സമൂഹത്തിന്റെ മുന്നിൽ ഉടുതുണി ഇല്ലാതെ നിൽക്കുന്നത്.. ഇതു കാലത്തിന്റെ കാവ്യ നീതിയാണ്..
മാക്ട ഫെഡറേഷൻ അന്ന് ഉണ്ടാക്കിയപ്പോൾ പ്രധാനമായും ഉണ്ടാക്കിയ യൂണിയൻ ജൂണിയർ ആർട്ടിസ്ററുകൾക്കു വേണ്ടി ആയിരുന്നു.. അവിടെ സ്ത്രീകളായ ആർട്ടിസ്റ്റുകൾക്ക് പ്രത്യേക പരിരക്ഷക്ക് തീരുമാനങ്ങൾ എടുത്തിരുന്നു..

ജുനിയർ ആർട്ടിസ്റ്റുകളെ സിനിമയിൽ എത്തിക്കുന്ന ഏജന്റുമാർക്ക് കർശന നിർദ്ദേശങ്ങൾ കൊടുത്തിരുന്നു. ചെറിയ ആർട്ടിസ്റ്റുകളേയും തൊഴിലാളികളേയും അനാവശ്യമായി ബുദ്ധിമുട്ടിക്കുന്ന താരങ്ങളേയും സംവിധായകരേയും പരസ്യമായി മാക്ട ഫെഡറേഷൻ വിമർശിക്കുമായിരുന്നു.. അങ്ങനെ ഒരു സംഘടന ഇവിടുത്തെ താരപ്രമുഖർക്കും സൂപ്പർ സംവിധായകർക്കും അവരുടെ ഉപജാപകവൃന്ദത്തിൽ പെട്ട നിർമ്മാതാക്കൾക്കും കണ്ണിലെ കരടായി.. അങ്ങനെ അവരെല്ലാം എറണാകുളം സരോവരം ഹോട്ടലിൽ ഒത്തു ചേർന്ന് ആ സംഘടനയെ ആവേശത്തോടെ തകർത്തെറിഞ്ഞു..എന്നിട്ട് ഇപ്പോ നടക്കുന്നതു പോലെ അവർക്ക് ഇഷ്ടാനിഷ്ടം പെരുമാറാൻ കൂട്ടുനിൽക്കുന്ന ഒരു സംഘടനയേ അവരു തന്നെ കാശുകൊടുത്ത് സ്പോൺസർ ചെയ്ത് ഉണ്ടാക്കി..ഇതല്ലായിരുന്നോ സത്യം..? നമ്മുടെ സിനിമാ പ്രമുഖർക്ക് നെഞ്ചത്തു കൈവച്ച് ഇതു നിഷേധിക്കാൻ പറ്റുമോ? ക്രിമിനൽ പച്ഛാത്തലമുള്ള ഡ്രൈവർമാരും പിണിയാളുകളുമൊക്കെ എങ്ങനെ സിനിമയിൽ നുഴഞ്ഞു കേറി എന്ന് നമ്മുടെ സിനിമാ പ്രമുഖർ ഇനിയെൻകിലും സത്യ സന്ധമായി ഒന്നു ചിന്തിക്കുമോ?

അതേസമയം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഹേമ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത്. മലയാള സിനിമയിൽ സ്ത്രീകൾ നിരന്തരം ലൈംഗികാതിക്രമങ്ങളും, മനുഷ്യാവകാശ ലംഘനങ്ങളും നേരിടുന്നുണ്ടെന്നും കരിയർ അവസാനിപ്പിക്കുമെന്ന ഭീഷണിയുടെ പുറത്താണ് പലരും നേരിട്ട അതിക്രമങ്ങൾ പുറത്തുപറയാത്തതെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ മലയാള സിനിമയെ നയിക്കുന്നത് പ്രമുഖ നടന്റെ മാഫിയ ആണെന്നും, അവർക്ക് സിനിമയിൽ എന്തും ചെയ്യാൻ സാധിക്കുമെന്നും, അവരുടെ സ്വാധീനം ഉപയോഗിച്ച് സംവിധായകരെയും നിർമ്മാതാക്കളെയും എഴുത്തുകാരെയും താരങ്ങളെയും നിയന്ത്രിക്കുന്നുവെന്നും വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ സിനിമയിൽ നിന്നും വിലക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. മലയാള സിനിമയിലെ പുരുഷ മേധാവിത്വവും, സ്ത്രീ വിരുദ്ധതയും തെളിവുകളുടെ അടിസ്ഥാനത്തിൽ 233 പേജുകൾ ഉള്ള റിപ്പോർട്ടിൽ വെളിപ്പെടുമ്പോൾ വലിയ പ്രാധാന്യത്തോടെയാണ് കേരള സമൂഹം ഇപ്പോൾ ചർച്ചചെയ്യുന്നത്.

മോഹൻലാൽ – പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങിയ ‘ലൂസിഫർ’ സിനിമയുടെ സെറ്റിൽ എത്തി കമ്മീഷൻ മൊഴി രേഖപ്പെടുത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. മലയാള സിനിമയിൽ സ്ത്രീകൾ നിരന്തരം ലൈംഗികാതിക്രമങ്ങളും, മനുഷ്യാവകാശ ലംഘനങ്ങളും നേരിടുന്നുണ്ടെന്നും കരിയർ അവസാനിപ്പിക്കുമെന്ന ഭീഷണിയുടെ പുറത്താണ് പലരും നേരിട്ട അതിക്രമങ്ങൾ പുറത്തുപറയാത്തതെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രായപൂർത്തിയാവാത്ത കുട്ടികൾ വരെ സിനിമയുടെ പേരിൽ അതിക്രമത്തിന് ഇരയാവുന്നുണ്ടെന്നാണ് ഹേമ കമ്മീഷൻ പറയുന്നത്. അറുപതോളം പേജുകൾ വിവരാവകാശ നിയമപ്രകാരം പുറത്തുവിട്ടിട്ടില്ല. 49ാം പേജിലെ 96ാം പാരഗ്രാഫും 81 മുതല്‍ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. 165 മുതല്‍ 196 വരെയുള്ള പേജുകളില്‍ ചില പാരഗ്രാഫുകള്‍ വെളിപ്പെടുത്തിയിട്ടില്ല. മൊഴികള്‍ അടക്കമുള്ള അനുബന്ധ റിപ്പോര്‍ട്ടും പുറത്തുവിട്ടിട്ടില്ല. എന്നാൽ മലയാള സിനിമയിലെ എല്ലാ പുരുഷന്മാരും ചൂഷകരല്ല എന്നും സ്ത്രീകളോട് വളരെ മാന്യമായി പെരുമാറുന്ന വ്യക്തികളും സിനിമയിൽ നിലനിൽക്കുന്നുണ്ടെന്നും ഹേമ കമ്മീഷൻ പറയുന്നു.

അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്തത് സിനിമ സെറ്റിൽ സ്ത്രീകൾ നേരിടുന്ന വലിയ മനുഷ്യാവകാശ ലംഘനമാണെന്ന് ഹേമ കമ്മീഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. മൂത്രമൊഴിക്കാൻ ബാത്ത്റൂം സൗകര്യം ഇല്ലാത്തതുകൊണ്ട് തന്നെ ഷൂട്ട് ഉള്ള സമയത്ത് പലപ്പോഴും വെള്ളം കുടിക്കാതെ ഇരിക്കുന്നതിനാൽ മൂത്രാശയ രോഗങ്ങൾ ഉണ്ടാവുന്നുവെന്നും ഹേമ കമ്മീഷനോട് നടിമാർ പറയുന്നു. സിനിമയില്‍ നിന്ന് ഒഴിവാക്കാന്‍ ‘മീ ടു പേഴ്‌സണ്‍’ എന്ന ടാഗ് നൽകി മാറ്റിനിർത്തപ്പെടുമെന്നും, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്ക് ഇഷ്ടമല്ലെങ്കില്‍ പ്രോബ്ലം മേക്കര്‍, മീ ടു പേഴ്‌സണ്‍ ടാഗുകള്‍ ചാര്‍ത്തുന്നുവെന്നും ഹേമ കമ്മീഷൻ വെളിപ്പെടുത്തുന്നു.

മാക്ട സംഘടന തകർന്നത് ഒരു പ്രമുഖ നടന്റെ ഇടപെടലിലാണെന്ന വെളിപ്പെടുത്തൽ ഹേമ കമ്മീഷൻ റിപ്പോർട്ടിലുണ്ട്. ഹേമ കമ്മീഷനോട് സംസാരിക്കരുതെന്ന് സിനിമയിലെ ഡാൻസർമാർക്ക് നിർദ്ദേശമുണ്ടായിരുന്നു. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ജുഡീഷ്യല്‍ അധികാരങ്ങളുള്ള ട്രിബ്യൂണല്‍ വേണമെന്ന് ആവശ്യം. വിമരിച്ച വനിതാ ജഡ്ജിമാരെ ട്രിബ്യൂണല്‍ അധ്യക്ഷരാകണം. ട്രിബ്യൂണല്‍ വിധിക്ക് മേല്‍ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് മാത്രം. ജസ്റ്റിസ് ഹേമയുടേതാണ് നിര്‍ദേശം

2017-ൽ നടിക്കെതിരെ നടന്ന ലൈംഗികാതിക്രമ കേസുമായി ബന്ധപ്പെട്ട് മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇതിനെതുടർന്നാണ് ഇത്തരം പ്രശ്നങ്ങൾ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും അതിന്റെ പരിഹാരം കാണുന്നതിനും വേണ്ടി പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ്, രമ്യ നമ്പീശൻ, പദ്മപ്രിയ, ബീന പോൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ വുമൺ ഇൻ സിനിമ കളക്ടീവ് (WCC) രൂപീകരിക്കുന്നത്.

സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന വിവേചനത്തെ കുറിച്ച് പഠിക്കാൻ ഒരു പാനലിനെ നിയോഗിക്കണമെന്ന ഡബ്ല്യുസിസിയുടെ നിർദേശത്തെ തുടർന്നാണ് അന്നത്തെ ഇടതുപക്ഷ സർക്കാർ 2017 ജൂലൈയിൽ ജസ്റ്റിസ് ഹേമ അധ്യക്ഷയായും മുൻ ബ്യൂറോക്രാറ്റ് കെ. ബി വത്സലകുമാരിയും നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മീഷനെ സർക്കാർ രൂപീകരിക്കുന്നത്. ഇന്ത്യയിൽ ആദ്യമായാണ് സിനിമ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാനായി ഒരു കമ്മീഷനെ നിയമിക്കുന്നത്.

വ്യക്തിഗത വിവരങ്ങൾ മറച്ചുവെക്കണമെന്ന വ്യവസ്ഥയിൽ മലയാള സിനിമയിൽ പ്രവർത്തിക്കുന്ന നിരവധി സ്ത്രീകളാണ് സെറ്റിൽ നേരിടേണ്ടിവന്ന പീഡനത്തെ കുറിച്ചും, കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള കുറ്റകൃത്യങ്ങളെ കുറിച്ചുമുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ ഹേമ കമ്മീഷന് മുൻപിൽ പങ്കുവെച്ചത്. 300 പേജുള്ള റിപ്പോർട്ട് 2019 ഡിസംബർ 31-നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന് മുന്നിൽ സമർപ്പിക്കപ്പെട്ടത്. സമർപ്പിക്കപ്പെട്ട് അഞ്ച് വർഷങ്ങൾക്ക് ശേഷവും റിപ്പോർട്ട് പുറത്തുവിടാത്തതിൽ സിനിമയിലെ വമ്പൻ ശക്തികളുടെ ഇടപെടലുകൾ ഉണ്ടെന്നുള്ളത് പരസ്യമായ രഹസ്യമായിരുന്നു. ഇന്നിപ്പോൾ അറുപതോളം പേജുകൾ പൂഴ്ത്തിവെച്ച് റിപ്പോർട്ട് പുറത്തുവിടുമ്പോൾ മലയാള സിനിമയിലെ വമ്പൻ സ്രാവുകൾക്കെതിരെ ഇനിയെന്ത് നടപടിയാണ് ഭരണകൂടത്തിന്റെ ഭാഗത്ത്നിന്നും ഉണ്ടാവാൻ പോവുന്നതെന്ന് എല്ലാവരും ഉറ്റുനോക്കുന്ന കാര്യമാണ്.

Latest Stories

യുപി മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രീംകോടതി; അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

ബാഴ്‌സയുടെ ആരാധകർ കുറച്ച് മര്യാദ കാണിക്കണം, അവർ കാരണമാണ് ഞങ്ങൾ കളി തോറ്റത്; തുറന്നടിച്ച് എസ്പാൻയോൾ പരിശീലകൻ

സണ്ണി ലിയോണ്‍ വീണ്ടും വിവാഹിതയായി; ചിത്രങ്ങള്‍ വൈറല്‍

ആരെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ല; കേന്ദ്ര നിയമമനുസരിച്ച് മുന്നോട്ട് പോകുമെന്ന് വഖഫ് ബോർഡ് ചെയർമാൻ

ലോക മണ്ടത്തരം, ഓസ്‌ട്രേലിയയിൽ പണി മേടിക്കാൻ പോകുന്നതേ ഉള്ളു; രോഹിത്തിനും എടുത്ത തീരുമാനതിനും എതിരെ അനിൽ കുംബ്ലെ

പുതിയ ലോകത്തിനായി കാത്തുസൂക്ഷിക്കുന്ന ആ ഭൂഗർഭ അറ എന്തിന് ?

വഖഫ് ഭൂമി ഹിന്ദു-മുസ്ലിം പ്രശ്നമല്ല; മുനമ്പത്ത് ക്രിസ്ത്യാനികളും ഉൾപ്പെടുന്നു: പ്രകാശ് ജാവ്ദേക്കർ

പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്നും പുറത്താക്കിയത് പ്രതികാര നടപടി; 'ആന്‍റോ ജോസഫ് വളരെയേറെ ബുദ്ധിമുട്ടിച്ചു': സാന്ദ്ര തോമസ്

ടാറ്റ വേണ്ട ഇനി എംജി മതി! ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാർ...

'പാർട്ടി നയം മാറ്റുന്നു': വാർത്ത തള്ളി സിപിഎം നേതാക്കൾ; ച‍ർച്ച ജനുവരിയിലെന്ന് നേതൃത്വം