ദിലീപിനെതിരെ പരാതിപ്പെടാന്‍ നിര്‍ബന്ധിച്ചത് നടന്‍ സിദ്ധിഖ് ആണെങ്കിലും അതില്‍ പെട്ടുപോയത് സംവിധായകന്‍ വിനയന്‍ ആണ് എന്നുള്ള സംവിധായകന്‍ തുളസീദാസിന്റെ വാക്കുകള്‍ ചര്‍ച്ചയായിരിക്കുകയാണ്. തുളസീദാസിന്റെ സിനിമയില്‍ അഭിനയിക്കാനായി അഡ്വാന്‍സ് വാങ്ങിയ ശേഷം മറ്റൊരു ചിത്രത്തില്‍ അഭിനയിക്കാന്‍ പോയതോടെയാണ് തുളസീദാസ് നടനെതിരെ മാക്ട ഫെഡറേഷനില്‍ പരാതി നല്‍കുന്നത്. സിദ്ദിഖും സംവിധായകന്‍ കെ മധുവും നിര്‍ബന്ധിച്ചതു കൊണ്ടാണ് താന്‍ പരാതി നല്‍കിയത് എന്നാണ് തുളസീദാസ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ തുളസീദാസിന്റെ പരാതിയോടെ മാക്ട പിളര്‍ന്നു.
പാവം വിനയന് പുലിവാല് പിടിക്കേണ്ടി വന്നു എന്നാണ് കാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തുളസീദാസ് പറഞ്ഞത്. ഈ സംഭവത്തിന്റെ പേരിലായിരുന്നു വിനയന് മലയാള സിനിമയില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. തുളസീദാസിന്റെ വാക്കുകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിനയന്‍ ഇപ്പോള്‍. ആ സംഭവത്തില്‍ താന്‍ പെട്ടുപോയതല്ല, തന്നെ പെടുത്തിയതാണ്. സംവിധായകരും, സ്വാര്‍ത്ഥ മോഹികളായ കുറേ നിര്‍മ്മാതാക്കളും ചേര്‍ന്ന് തന്നെ സിനിമയില്‍ നിന്നും ഒഴിവാക്കാന്‍ ഗൂഢാലോചന നടത്തിയതാണെന്ന് വിനയന്‍ ഫെയ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെ വ്യക്തമാക്കി.
വിനയന്റെ കുറിപ്പ്:
പെട്ടുപോയതല്ല തുളസീദാസ്… പെടുത്തിയതാണ്…. ഞാന്‍ പെടുന്നതു കാണാന്‍ അന്ന് കാത്തിരുന്നവര്‍ അവരുടെ ഗൂഢാലോചനയ്ക്ക് അതോടെ വേഗത കൂട്ടി എന്നതാണ് സത്യം. 17 വര്‍ഷം മുന്‍പ് താരാധിപത്യ ത്തിനു കുടപിടിക്കുവാനായി, സൂപ്പര്‍ താരങ്ങളുടെ ഡേറ്റിനായി പിന്നാലെ നടന്ന മലയാളത്തിലെ സംവിധായകരും, സ്വാര്‍ത്ഥ മോഹികളായ കുറേ നിര്‍മ്മാതാക്കളും ചേര്‍ന്ന് മാക്ട ഫെഡറേഷന്‍ എന്ന സംഘടന തകര്‍ക്കുകയും, അതിന്റെ സ്ഥാപക സെക്രട്ടറി ആയ എന്നെ സിനിമയില്‍ നിന്നു തന്നെ ഒഴിവാക്കുവാന്‍ തീരുമാനിക്കുകയും ചെയ്ത ഗൂഢാലോചനയുടെ കാരണത്തെപ്പറ്റി ഇതുവരെ ചര്‍ച്ച ചെയ്യാത്ത ചില വെളിപ്പെടുത്തലുകള്‍ സംവിധായകന്‍ തുളസിദാസ് നടത്തിയിരിക്കുന്നു.. നന്ദി ശ്രീ തുളസി ദാസ്… സുപ്രീം കോടതി വിധിപ്രകാരം ഫൈന്‍ അടച്ചതു കൊണ്ടു മാത്രം പോരല്ലോ? എന്നോടവരു കാണിച്ച ചതിയും നെറികേടും തുറന്നു കാട്ടാന്‍ ഇനിയും പല ചലച്ചിത്രകാരന്മാരില്‍ നിന്നും. പല സത്യവും പുറത്തുവരും.. അതാണല്ലോ കാവ്യനീതി…
മലയാളസിനിമയിലെ ടെക്‌നീഷ്യന്‍മാര്‍ക്കും തെഴിലാളകള്‍ക്കുമായി കേരളത്തിലാദ്യമായി 18 വര്‍ഷത്തിനു മുന്‍പ് ഉണ്ടായ ട്രേഡ് യൂണിയനാണ് മാക്ട ഫെഡറേഷന്‍. താരാധിപത്യം കൊടി കുത്തിവാണിരുന്ന ആ കാലത്ത് അവര്‍ക്കു നേരെ വിരല്‍ ചൂണ്ടാന്‍ ധൈര്യം കാണിക്കുകയും.. കൈയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന സിനിമയിലെ അവസ്ഥ മാറാന്‍ വേണ്ടി ശക്തമായി പ്രതികരിക്കുകയും, കേരളത്തിലാദ്യമായി സിനിമാ ടെക്‌നീഷ്യന്‍മാര്‍ക്കും തൊഴിലാളികള്‍ക്കും ഒരഡ്രസ്സ് ഉണ്ടാക്കികൊടുക്കുകയും ചെയ്ത സംഘടന ആയിരുന്നു മാക്ട ഫെഡറേഷന്‍. അതുകൊണ്ടു തന്നെ ആ സംഘടനയേയും അതിന്റെ സെക്രട്ടറി ആയ എന്നേയും സിനിമയിലെ അന്നത്തെ വരേണ്യ വര്‍ഗ്ഗം നോട്ടമിട്ടിരുന്നു.. ഇന്ന് പുതിയ സംഘടനയിലെ മെമ്പര്‍മാരായ പലര്‍ക്കും അന്ന് ആദ്യമായി ആ ട്രേഡ് യൂണിയന്‍ ഉണ്ടാക്കാന്‍ ഞങ്ങള്‍ എടുത്ത എഫര്‍ട്ടിനെപ്പറ്റി അറിയില്ല.. ആ ബയലോയും യൂണിയനുകളേം ഒക്കെ വച്ച് പുതിയ സംഘടന ഉണ്ടാക്കാന്‍ എളുപ്പമായിരുന്നു.. പക്ഷേ എല്ലാ അണ്ടനേം അടകോടനേം ഒക്കെ ഒരുമിച്ചിരുത്തി ട്രേഡ് യുണിയന്‍ ഉണ്ടാക്കാന്‍ തനിക്കു വട്ടാണോ വിനയാ എന്നെന്നോടു ചോദിക്കാത്ത വിരലില്‍ എണ്ണാവുന്ന സംവിധായകരേ അന്ന് ഉണ്ടായിരുന്നുള്ളു എന്ന വസ്തുത എത്ര പേര്‍ക്കറിയാം..
സത്യസന്ധമായും ആരുടെ മുന്നിലും തലകുനിക്കാതെ തന്റേടത്തോടേയും പ്രവര്‍ത്തിച്ച ആ പഴയ സംഘടനയുടെ പേരു പോലും ചിര്‍ക്കൊക്കെ ഭയവും അരോചകവും ആയതിനാലാണ് മാതൃ നാമം തന്നെ മാറ്റി പുതിയ പേരിട്ടത്.. അതായിരുന്നു സിനിമാ മേഖലയില്‍ ഞാന്‍ കണ്ട ഏറ്റവും വലിയ ഫാസിസം മാക്ട ഫെഡറേഷന്‍ ഉണ്ടായി രണ്ടാമത്തെ വര്‍ഷം, അന്ന് മലയാളസിനിമയില്‍ മൂന്നാമത്തെ സൂപ്പര്‍ സ്റ്റാറായി വളര്‍ന്നു വന്ന നടന്‍ ദിലീപിനെതിരെ എഗ്രിമെന്റുള്‍പ്പടെ കൃത്യമായ തെളിവുകളോടെ ഒരു പരാതിയുമായി തുളസീദാസ് സമീപിച്ചതോടെയാണല്ലോ പ്രശ്‌നം ആരംഭിക്കുന്നത്.. ദിലീപിന്റെ തുടക്ക കാലം മുതല്‍ എന്റെ വളരെ അടുത്ത സുഹൃത്താണന്നൂം ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ ദിലീപിനെ വച്ചു ചെയ്ത സംവിധായകന്‍ ഞാനാണന്നും ആ അടുപ്പം നിലനില്‍ക്കുന്നതു കൊണ്ട് ഈ പരാതിയില്‍ ഞാന്‍ ഇടപെടുന്നതു ശരിയല്ല.. നിങ്ങള്‍ താരസംഘടന വഴിയോ നിര്‍മ്മാതാക്കളുടെ സംഘടന വഴിയോ ദിലീപുമായി സംസാരിച്ചു പ്രശ്‌നം തീര്‍ക്കാനാണ് തുളസീദാസിനു വേണ്ടി എന്നേ സമീപിച്ച സംവിധായകരോട് ഞാന്‍ അന്നു പറഞ്ഞത്..
പൊള്ളാച്ചിയില്‍ എന്റെ തമിഴ് സിനിമയുടെ ഷൂട്ടിലായിരുന്നു അപ്പോള്‍ ഞാന്‍. പക്ഷേ വിനയന്‍ ഇപെട്ടാലേ നീതി ലഭിക്കു, മറ്റുള്ളലര്‍ പലരും സൂപ്പര്‍ താരങ്ങളെ കണ്ടാല്‍ കവാത്തു മറക്കുന്നവരാണ് നിംങ്ങളാണേല്‍ നിലപാടില്‍ ഉറച്ചു നില്‍ക്കും എന്നൊക്കെ എന്നെ കുറേ പുകഴ്ത്തിപ്പറഞ്ഞ് കുഴപ്പത്തിലാക്കിയ ആ സീനിയര്‍ സംവിധായകര്‍ ആരും എന്നെ സിനിമയില്‍ നിന്നു വിലക്കാനുള്ള ഗൂഢ തീരുമാനം എടുത്തപ്പോള്‍ ഒരക്ഷരം മിണ്ടിയില്ല എന്നത് ഏറെ രസകരമായ കാര്യമാണ്. സിനിമയില്‍ ആര്‍ക്കും എന്നെ കൊണ്ടു കഴിയുന്ന എന്തെങ്കിലും ഉപകാരം ചെയ്തിട്ടുള്ളതല്ലാതെ ഞാനാരേം വിലക്കാനോ ദ്രോഹിക്കാനോ പോയട്ടില്ല.. ആ സമയത്ത് ഞാന്‍ മാക്ട എന്ന സാംസ്‌കാരിക സംഘടനയനയുടെ ചെയര്‍മാനായിരുന്നു. മാക്ട ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറിയും മാക്ടോസ് എന്ന സിനിമാക്കാരുടെ കോപ്പറേറ്റീവ് സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റായും ഒക്കെ ഒരേ സമയം പ്രവര്‍ത്തിച്ചിരുന്ന എന്നോട് എന്റെ ചില സഹപ്രവര്‍ത്തകര്‍ക്ക് ചെറിയ അസൂയയും ഇഷ്ടക്കേടുമൊക്കെ ഉണ്ടായിരുന്നതായി എനിക്കറിയാമായിരുന്നു.. പക്ഷേ അതിത്രയും വലിയ പകയായി മാറുമെന്നും കൂടെ നടന്നുകൊണ്ട് പിന്നില്‍ നിന്നു കുത്തി താഴെ ഇടുമെന്നും ഞാന്‍ സ്വപ്നത്തില്‍ പോലം ചിന്തിച്ചിരുന്നില്ല..
ആ സമയത്ത് വര്‍ഷത്തില്‍ രണ്ടു സിനിമ എങ്കിലും എന്റേതായി റിലീസ് ചെയ്യുമായിരുന്നു.. അത്ര സജീവമായി സംവിധാന രംഗത്തു നിന്നിരുന്ന എന്നെ വിലക്കിന്റെ പിറ്റേദിവസം ടിവി ചാനലില്‍ വന്ന് കാലഹരണപ്പെട്ട സംവിധായകന്‍ എന്ന് എന്റെ ജോയന്റ് സെക്രട്ടറി ആയി നടന്ന ആള്‍ വിളിക്കുന്നതു കേട്ട് ഞാന്‍ ഞെട്ടിപ്പോയി.. ഞെട്ടലോടൊപ്പം വല്ലാത്ത ദുഖവും തോന്നി.. ഒടുവിലായി ഇറങ്ങിയ എന്റെ സിനിമ ”പത്തൊമ്പതാം നൂറ്റാണ്ട്”നു ശേഷമെങ്കിലും നിങ്ങള്‍ കാലഹരണപ്പെട്ട സംവിധായകനല്ല എന്ന് അദ്ദേഹമൊന്ന് വിളിച്ചു പറയുമെന്നാണ് കരുതിയത്. ബ്ലെസ്സിയെ പോലെ ചുരുക്കം ചില സംവിധായകര്‍ പത്തൊമ്പതാം നൂറ്റാണ്ട് കണ്ട ശേഷം വിളിച്ച് അഭിനന്ദിച്ചപ്പോഴും.. കൂടെ പ്രവര്‍ത്തിച്ചിരുന്ന സുഹൃത്തിന്റ ഫോണ്‍ കാള്‍ ഞാന്‍ പ്രതീക്ഷിച്ചു. കാരണം സംഘടനാ നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ക്കാണല്ലോ കൂടുതല്‍ പക്വത ഉണ്ടാവുക.. ഒരു ടെക്‌നീഷ്യന്റെ വിജയത്തില്‍ ഏറെ സന്തോഷമുണ്ടാവുക… മാത്രമല്ല ഞാന്‍ ആ വ്യക്തിയോട് നേരിട്ട് സംസാരിച്ച് ഒന്നു മുഷിഞ്ഞിട്ടു പോലുമില്ല…
ഏതായാലും തുളസീദാസിനേ പോലെയുള്ള സുഹൃത്തുക്കള്‍ വല്ലപ്പോഴും ഓര്‍ക്കുണ്ടന്നറഞ്ഞതില്‍ വളരെ സന്തോഷം.. 2007ല്‍ നടന്ന അന്തര്‍ നാടകങ്ങളെപ്പറ്റിയും ഒറ്റക്കു നിന്ന് ഒരു ഫൈറ്ററേ പോലെ അതു നേരിട്ടതുമൊക്കെ ഇന്നും ഒരു സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ ഞാന്‍ ഓര്‍ക്കുന്നു.. കാലം കുറേ കടന്നു പോയില്ലേ.. അതിന്റെ പേരില്‍ ആരോടും ഒരു ദേഷ്യവും എനിക്കില്ല.. ഞാന്‍ സ0ഘടനാ നേതൃത്വത്തില്‍ ഉള്ളപ്പോള്‍ സ്‌നേഹത്തോടേ ഇവരേ എല്ലാ0 ചേര്‍ത്തു പിടിച്ചിട്ടുണ്ട് വ്യക്തി താതാല്‍പ്പര്യങ്ങള്‍ക്കായി അവര്‍ എന്നേ ദ്രോഹിച്ചതിലു0 എനിക്കു പകയില്ല… പക്ഷേ പത്തു വര്‍ഷങ്ങളാണ് എനിക്കു പോയത്.. പോട്ടേ… സാരമില്ല കുറേ കഴിയുമ്പോള്‍ നമ്മള്‍ തന്നേ പോകേണ്ടതല്ലേ? ഏതായാലും കാലഹരണപ്പെടാതിരിക്കാന്‍ വേണ്ടി അടുത്ത സിനിമയും ശ്രദ്ധേയമാക്കാനുള്ള ശ്രമത്തിലാണ് ഞാന്‍.. അതിനു വേണ്ടി ഒരു വര്‍ഷമായി മുഴുവന്‍ സമയവും ചിലവഴിക്കുന്നു.. എല്ലാവരുടേയും പ്രാര്‍ത്ഥന ഉണ്ടാവണം..