സുപ്രീം കോടതിയില്‍ നിന്നും എനിക്ക് അനുകൂലമായ വിധി നേടാനായത് മധു സാറിന്റെ സത്യസന്ധത കൊണ്ടാണ്: വിനയന്‍

നവതി ആഘോഷിക്കുന്ന പ്രിയതാരം മധുവിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് സംവിധായകന്‍ വിനയന്‍. തന്റെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ സാഹചര്യത്തില്‍ കൂടെ നിന്ന ആളാണ് മധു സാര്‍ എന്നാണ് വിനയന്‍ പറയുന്നത്. മധു സാറിന്റെ സത്യസന്ധമായ മൊഴികള്‍ കാരണമാണ് സുപ്രീം കോടതിയില്‍ നിന്നും തനിക്ക് അനുകൂലമായ വിധി നേടാനായത്. മധു സാറിന് ഏറെ ബന്ധമുള്ളവര്‍ എതിര്‍ വശത്തുണ്ടായിട്ടും അതൊന്നും വകവയ്കാതെ നേരിനും നീതിക്കും ഒപ്പം നിന്ന തന്റേടിയും സത്യസന്ധനുമാണ് അദ്ദേഹം എന്നാണ് വിനയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

വിനയന്റെ കുറിപ്പ്:

നവതി ആഘോഷിക്കുന്ന മലയാളത്തിന്റെ മഹാനടന്‍ മധുസാറിന് ഹൃദയം നിറഞ്ഞ ആശംസകള്‍. അനായാസമായ അഭിനയസിദ്ധി കൊണ്ടും അനിതരസാധാരണമായ വ്യക്തിത്വം കൊണ്ടും മലയാള സിനിമയിലെ ഇതിഹാസം എന്നു വിശേഷിപ്പിക്കാവുന്ന മധുസാറിന്റെ കലാ ജീവിതത്തെപ്പറ്റി എത്രയേറെ പറഞ്ഞാലും തീരില്ല എന്നതാണു സത്യം.. എന്നാല്‍ ഇവിടെ ഞാനെന്റെ തികച്ചും വ്യക്തിപരമായ ഒരനുഭവത്തെ കുറിച്ചു മാത്രമാണ് പറയുന്നത്.. ഇന്ന് രാവിലെ മധു സാറിനെ ഫോണില്‍ വിളിച്ചു സംസാരിച്ചപ്പോഴും ഈ കാര്യം ഞാനദ്ദേഹത്തോടു സൂചിപ്പിച്ചിരുന്നു.. അതു കേട്ട് അദ്ദേഹം തന്റെ സ്വതസിദ്ധമായ ശൈലിയില്‍ നിഷ്‌കളങ്കമായി ചിരിച്ചു.. അത്ര മാത്രം…

എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു സാഹചര്യത്തില്‍ മധുസാറിന്റെ നീതിബോധം കൊണ്ടും നിലപാടുകളിലെ സ്ഥിരത കൊണ്ടും കേരള സമൂഹത്തിന്റെ മുന്നില്‍ എന്റെ സത്യസന്ധത തെളിയിക്കാനും കോമ്പറ്റീഷന്‍ കമ്മീഷനില്‍ നിന്നും സുപ്രീം കോടതിയില്‍ നിന്നും അനുകൂലമായ വിധി നേടാനും എനിക്കു സാധിച്ചു എന്നതാണ് മറക്കാന്‍ പറ്റാത്ത ആ അനുഭവം.. മാത്രമല്ല എന്റെ തൊഴില്‍ വിലക്കുകയും എനിക്കെതിരെ ദുരാരോപണങ്ങള്‍ ഉന്നയിക്കുയും ചെയ്ത മലയാള സിനിമയിലെ ചില പ്രമുഖ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും സുപ്രീം കോടതി ഉള്‍പ്പടെ പിഴ ചുമത്തിയത് അന്ന് ഏറെ ചര്‍ച്ച ചെയ്ത വിഷയമാണ്.

മധുസാറിന്റെ സത്യസന്ധമായ മൊഴികളായിരുന്നു അങ്ങനൊരു വിധിയുണ്ടാകാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന്. എന്റെ സിനിമകള്‍ വിലക്കിയതെല്ലാം രേഖകളൊന്നും ഇല്ലാതെ അതി നിഗൂഢമായ ഗൂഢാലോചനകളില്‍ കൂടി ആയിരുന്നല്ലോ? അതില്‍ പങ്കെടുത്തവരെല്ലാം ഒറ്റക്കെട്ടായി അങ്ങനൊരു സംഭവമേ നടന്നിട്ടില്ല എന്നു പറഞ്ഞു കൈമലര്‍ത്തുകയും കൂടി ചെയ്തപ്പോള്‍ ഞാന്‍ നിസ്സഹായനായി നിന്നു പോയി.. എന്നെ സഹായിക്കുമെന്ന് ഞാന്‍ കരുതിയവര്‍ പോലും മറ്റു പല കാരണങ്ങളാലും വലിയ സിനിമാക്കാരെ ഭയന്ന് നിശ്ശബ്ദരായപ്പോള്‍ മധു സര്‍ സത്യസന്ധമായി തന്റെ അനുഭവം കമ്മീഷന്റെ മുന്നില്‍ പറയാന്‍ തയാറായി.

2011ല്‍ വിനയന്റെ ഒരു സിനിമയില്‍ അഭിനയിക്കാനായി താന്‍ അഡ്വാന്‍സ് വാങ്ങിയെന്നും ഷൂട്ടിങ് തുടങ്ങുന്നതിനു മുന്‍പ് മലയാള സിനിമയിലെ വളരെ പ്രമുഖരായ ഒരു കൂട്ടം ആളുകള്‍ ഒരുമിച്ച് തന്റെ വീട്ടില്‍ എത്തിയെന്നും വിനയന്റെ സിനിമയില്‍ അഭിനയിക്കരുതെന്ന് പറഞ്ഞ് തന്നെ നിര്‍ബന്ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.. അവിടെ ചെന്ന പ്രമുഖരില്‍ പലരുടേയും പേരുകള്‍ സഹിതമാണ് അദ്ദേഹമന്ന് പറഞ്ഞത്. ആരെയും പേരെടുത്ത് പറഞ്ഞ് വീണ്ടും വിഷമിപ്പിക്കാന്‍ ആഗ്രഹിക്കാത്തതു കൊണ്ട് ഞാനാ പേരുകള്‍ ഇവിടെ പറയുന്നില്ല.

സിസിഐയുടെ വെബ് സൈറ്റില്‍ ഉള്ള ആ കേസിന്റെ വിധിപ്പകര്‍പ്പു വായിക്കുന്നവര്‍ക്ക് കൂടുതല്‍ വ്യക്തത കിട്ടും.. മധുസാറിന്റെ വാക്കുകള്‍ക്ക് അന്ന് അന്വേഷണക്കമ്മീഷന്‍ വലിയ വിലയാണ് കൊടുത്തത്. അങ്ങനെയാണ് അന്യായമായ ആ തൊഴില്‍ വിലക്കിന്റെ അപ്രിയ സത്യങ്ങള്‍ കോടതിക്കും കേരള സമൂഹത്തിനും മനസ്സിലായത്. വിനയനെന്ന വ്യക്തിയേക്കാളും മധുസാറിന് ഏറെ ബന്ധമുള്ളവര്‍ എതിര്‍ വശത്തുണ്ടായിട്ടും അതൊന്നും വകവയ്കാതെ നേരിനും നീതിക്കും ഒപ്പം നിന്ന തന്റേടിയും സത്യസന്ധനുമായ ആ വലിയ കലാകാരന്റെ.. മലയാള സിനിമയുടെ ഗുരുനാഥനായ ആ മഹാനുഭാവന്റെ…. കാല്‍പ്പാദങ്ങളില്‍ പ്രണാമം..

Read more