മാതൃഭൂമിയാണ് പരാതി ലീക്ക് ആയെന്ന് പറഞ്ഞത്, സജി നന്ത്യാട്ടിനെ കുറ്റപ്പെടുത്തിയതില്‍ വിഷമമുണ്ട്.. പരാതി നല്‍കുന്നതിന് മുമ്പേ കിട്ടിയെന്ന് ഹൈദരാലിയും, സത്യവാസ്ഥ അറിയണം: വിന്‍സി അലോഷ്യസ്

ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ നിയമപരമായി മുന്നോട്ട് പോവാന്‍ തയാറല്ലെന്ന് ആവര്‍ത്തിച്ച് നടി വിന്‍സി അലോഷ്യസ്. സിനിമയില്‍ തന്നെ വേണ്ട നടപടികള്‍ എടുക്കും. സിനിമയില്‍ ഇനി ഇത് ആവര്‍ത്തിക്കാന്‍ പാടില്ല എന്നതാണ് തന്റെ ആവശ്യം എന്നാണ് വിന്‍സി മാധ്യമങ്ങളോട് പ്രതികരിച്ചത്. മാത്രമല്ല, ഫിലിം ചേംബറിനും സജി നന്ത്യാട്ടിനും എതിരെ പ്രതികരിച്ച വിഷയത്തിലും വിന്‍സി സംസാരിച്ചു.

”ഞാന്‍ അന്വേഷണവുമായി സഹകരിക്കും. ഞാന്‍ ഇപ്പോഴും എന്റെ സ്റ്റാന്‍ഡില്‍ ഉറച്ച് നില്‍ക്കുകയാണ്, ലീഗലി മൂവ് ചെയ്യാന്‍ ഞാന്‍ തയ്യാറല്ല. അന്വേഷണം വന്നാല്‍ സഹകരിക്കാന്‍ ഞാന്‍ തയാറാണ്. സിനിമയില്‍ തന്നെ വേണ്ട നടപടികള്‍ എടുക്കും എന്നാണ് ഞാന്‍ പറഞ്ഞത്. സിനിമയില്‍ ഇനി ഇത് ആവര്‍ത്തിക്കാന്‍ പാടില്ല എന്നതാണ് എനിക്ക് വേണ്ടത്.”

”ഇന്ന് ഇവിടെ ഐസി മീറ്റിങ് കൂടുന്നുണ്ട്. അതില്‍ ഞാന്‍ പങ്കെടുക്കും. ഞാന്‍ കൊടുത്ത പരാതിയുടെ യാഥാര്‍ത്ഥ്യം അവര്‍ പരിശോധിക്കും. അതിന് ശേഷം അവര്‍ സിനിമയ്ക്കുള്ളില്‍ വേണ്ട നടപടിയെടുക്കും. സിനിമയ്ക്ക് പുറത്തേക്ക് പോവുകയാണെങ്കില്‍ മാത്രമേ നിയമനടപടികള്‍ വേണ്ടത്. എനിക്ക് സിനിമയിലാണ് മാറ്റങ്ങള്‍ വേണ്ടത്. അതുകൊണ്ട് ഞാന്‍ അതില്‍ തന്നെ ഉറച്ചു നില്‍ക്കുന്നു.”

”എന്തായിരിക്കും റിസല്‍ട്ട് എന്ന് വൈകുന്നേരം അറിയാന്‍ പറ്റുമായിരിക്കും. എന്റെ പരാതി ഞാന്‍ പിന്‍വലിക്കില്ല. പരാതി ഫിലിം ചേംബറില്‍ നിന്നും ലീക്ക് ആയതെന്ന് എന്നോട് പറഞ്ഞത് മാതൃഭൂമിയാണ്. ഫിലിം ചേംബറില്‍ നിന്നാണ് വിവരങ്ങള്‍ കിട്ടിയതെന്ന് പറഞ്ഞത്. അതുകൊണ്ടാണ് ഞാന്‍ സജി നന്ത്യാട്ടിനെ കുറ്റപ്പെടുത്തിയത്.”

”അതില്‍ എനിക്ക് വിഷമമുണ്ട്. പരാതി സമര്‍പ്പിക്കുന്നതിന് മുമ്പ് തന്നെ ഹൈദരാലി എന്ന റിപ്പോര്‍ട്ടറിന് ‘അമ്മ’യില്‍ നിന്നും പരാതി കിട്ടിയെന്ന് പറഞ്ഞ് സംസാരിച്ചിട്ടുണ്ടായിരുന്നു. അതിന്റെ സത്യാവസ്ഥ എനിക്ക് അറിയണം” എന്നാണ് വിന്‍സി പറയുന്നത്. ഒരു ജ്വല്ലറിയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് വിന്‍സി മാധ്യമങ്ങളോട് സംസാരിച്ചത്.