ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

അയാൾ ഞാനല്ല, ഡിയർ ഫ്രണ്ട് എന്നീ സിനിമകൾക്ക് ശേഷം വിനീത് കുമാർ സംവിധാനം ചെയ്ത് ഏറ്റവും പുതിയ ചിത്രമാണ് ‘പവി കെയർ ടേക്കർ’. ദിലീപ് ആണ് ചിത്രത്തിൽ നായകനായെത്തിയത്. തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ വിനീത് കുമാർ. മലയാള സിനിമയുടെ ഏറ്റവും നല്ല കാലത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നതെന്നും. കുറെ വർഷങ്ങൾക്കുശേഷമാണ് ഇത്തരമൊരു നല്ലസമയം വരുന്നതെന്നും വിനീത് പറയുന്നു. പവി കെയർ ടേക്കർ ഫാമിലി എന്റർടെയ്‌നർ ഴോണറിലുള്ള സിനിമയാണെന്നും, ഈ വർഷം അത്തരം ഴോണറിലുള്ള സിനിമകൾ ഇറങ്ങിയിട്ടില്ലെന്നും വിനീത് കുമാർ പറയുന്നു.

“മലയാള സിനിമയുടെ ഏറ്റവും നല്ല കാലത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. കുറെ വർഷങ്ങൾക്കുശേഷമാണ് ഇത്തരമൊരു നല്ലസമയം വരുന്നത്. ഒന്നിൽക്കൂടുതൽ നല്ലസിനിമകൾ ഒരുമിച്ച് ഹിറ്റാകുന്ന കാഴ്ച. ആളുകളുടെ പ്രധാന എന്റർടെയ്‌ൻമെന്റ് മീഡിയ വീണ്ടും സിനിമയായി നിൽക്കുന്ന സമയത്താണ് എന്റെ സിനിമയും തിയേറ്ററിലേക്ക് എത്തിയിരിക്കുന്നത്.

ഈ സിനിമ പൂർണമായും ഫാമിലി എന്റർടെയ്‌നർ എന്ന ജോണറിൽപ്പെട്ടൊരു സിനിമയാണ്. ഈ വർഷം വിജയിച്ച ഓരോ സിനിമകളും പരിശോധിച്ചാൽ ഓരോന്നും വ്യത്യസ്ത ജോണറിൽപ്പെട്ടവയാണ്. ആ വ്യത്യസ്തതയെ പ്രേക്ഷകർ ഇഷ്ടപ്പെടുന്നുണ്ട്. ഫാമിലി എന്റർടെയ്‌നർ എന്ന ജോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല. അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാം എന്നാണ് പ്രതീക്ഷ.” എന്നാണ് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ വിനീത് കുമാർ അഭിപ്രായപ്പെട്ടത്.

ജൂഹി ജയകുമാർ, ശ്രേയ രുഗ്മിണി, റോസ്മിൻ, സ്വാതി, ദിലിന രാമകൃഷ്ണൻ തുടങ്ങീ അഞ്ച് നായികമാരാണ് ചിത്രത്തിലുള്ളത്. ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമജൻ ബോൾഗാട്ടി, സഫടികം ജോർജ്, അഭിഷേക് ജോസഫ്, മാസ്റ്റർ ശ്രീപത്, ഷൈജു അടിമാലി, ദീപു പണിക്കർ, ഷാഹി കബീർ, ജിനു ബെൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

Read more