ക്രിയേറ്റിവിറ്റി അല്ല ഒരു തേങ്ങയും വരില്ല, 35 വയസൊക്കെ ആകുമ്പോള്‍ ജീവിതം എരിഞ്ഞു തീരും: വിനീത് ശ്രീനിവാസന്‍

ലഹരി ഉപയോഗിച്ചാല്‍ ക്രിയേറ്റിവിറ്റി വരുമെന്ന് പറയുന്നത് തെറ്റാണെന്ന് വിനീത് ശ്രീനിവാസന്‍. ലഹരിക്ക് അടിമപ്പെട്ടാല്‍ മുപ്പത്തഞ്ച് വയസൊക്കെ ആകുമ്പോള്‍ ജീവിതം മുഴുവനായി എരിഞ്ഞു തീരും. ഇത് എല്ലായിടത്തും നിലനില്‍ക്കുന്നുണ്ട് എന്നാണ് വിനീത് പറയുന്നത്.

കുറെ ആളുകള്‍ വിചാരിക്കുന്നത് ലഹരി ഉപയോഗിച്ചാല്‍ ക്രിയേറ്റിവിറ്റി വരുമെന്നാണ്. ഒരു തേങ്ങയും വരില്ല അതാണ് സത്യം. എന്നാല്‍ ഇത് ആളുകള്‍ മനസിലാക്കുന്നില്ല. ലഹരിക്ക് അടിമപ്പെട്ടാല്‍ നമ്മുടെ ജീവിതം പോകും. ഒരു മുപ്പത്തഞ്ച് വയസൊക്കെ ആകുമ്പോള്‍ ജീവിതം മുഴുവനായി എരിഞ്ഞു തീരും.

കുറച്ച് കാലം കഴിഞ്ഞാല്‍ പിടിച്ചാല്‍ കിട്ടില്ല. ഇത് സിനിമാ മേഖലയില്‍ മാത്രമല്ല. എല്ലായിടത്തും നിലനില്‍ക്കുന്നുണ്ട് എന്നാണ് വിനീത് ശ്രീനിവാസന്‍ ഒരു അഭിമുഖത്തിനിടെ പ്രതികരിക്കുന്നത്. സിനിമാ മേഖലയില്‍ ലഹരി ഉപയോഗം കൂടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ വന്നിരുന്നു.

ഇതിനെ തുടര്‍ന്നാണ് വിനീതിന്റെ പ്രതികരണം. അതേസമയം, ‘മുകുന്ദനുണ്ണി അസോസിയേറ്റ്‌സ്’ ആണ് വിനീതിന്റെതായി ഒടുവില്‍ പുറത്തെത്തിയ ചിത്രം. നവംബര്‍ 11ന് തിയേറ്ററുകളിലെത്തിയ ചിത്രം അഭിനവ് സുന്ദര്‍ നായക് ആണ് സംവിധാനം ചെയ്തത്. സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്യുമെന്ന വാര്‍ത്തയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ചിത്രത്തിന്റെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. 2024ല്‍ സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാവും എന്നാണ് വിനീത് ശ്രീനിവാസന്‍ അറിയിച്ചത്. സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, വിജയന്‍ കാരന്തൂര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.