അഭിനയത്തിലേക്ക് തിരിച്ചെത്തി ശ്രീനിവാസന്‍. കൊച്ചി സെന്റ് ആല്‍ബര്‍ട്‌സ് സ്‌കൂളിലെ ഷൂട്ടിംഗ് സെറ്റില്‍ ‘കുറുക്കന്‍’ എന്ന സിനിമയില്‍ മകന്‍ വിനീതിനൊപ്പമാണ് ശ്രീനിവാസന്റെ തിരിച്ചു വരവ്. ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, അന്‍സിബ ഹസന്‍ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്.
ശ്രീനിവാസന്റെ ആരോഗ്യം നോക്കിയിരുന്നതിനാലാണ് സിനിമയുടെ ഷൂട്ടിംഗ് തുടങ്ങാന്‍ വൈകിയത് എന്നാണ് വിനീത് മാധ്യമങ്ങളോട് പറയുന്നത്. ”ഈ സിനിമയുടെ ചര്‍ച്ച തുടങ്ങിയത് മുതല്‍ അച്ഛന്റെ ആരോഗ്യമായിരുന്നു എല്ലാവരും നോക്കിയിരുന്നത്. അതുകൊണ്ടാണ് ഷൂട്ട് തുടങ്ങാന്‍ വൈകിയതും.”
”അഭിനേതാക്കള്‍ എല്ലാവരും അതിനോട് സഹകരിച്ചു. അച്ഛന്റെ ആരോഗ്യാവസ്ഥയില്‍ നല്ല മാറ്റമുണ്ട്. സിനിമ തന്നെയാണ് അച്ഛന് വേണ്ട എറ്റവും നല്ല മെഡിസിന്‍. ഇവരൊക്കെ ജോലി ചെയ്ത് ശീലിച്ചവരാണ്. വെറുതെ ഇരുന്നിട്ടില്ല ഇതുവരെ. സിനിമയുടെ തിരക്കിലേക്ക് മാറിയാല്‍ അദ്ദേഹം ഫുള്‍ ഓണ്‍ ആയി പഴയതു പോലെ തിരിച്ചെത്തും” എന്നാണ് വിനീത് പറയുന്നത്.
ഇന്ന് രാവിലെയാണ് കുറുക്കന്‍ എന്ന സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നടന്നത്. സുധീര്‍ കരമന, ശ്രീകാന്ത് മുരളി, ജോജി ജോണ്‍, അശ്വത് ലാല്‍, മാളവികാ മേനോന്‍, ഗൗരി നന്ദ, ശ്രുതി ജയന്‍, അസീസ് നെടുമങ്ങാട്, അഞ്ജലി സത്യനാഥ്, ബാലാജി ശര്‍മ്മ, കൃഷ്ണന്‍ ബാലകൃഷ്ണന്‍, നന്ദന്‍ ഉണ്ണി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
ജിബു ജേക്കബ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. മനോജ് റാം സിങ് തിരക്കഥ സംഭാഷണമെഴുതുന്നു. അതേസമയം, ഈ വര്‍ഷം റിലീസ് ചെയ്ത ‘മകള്‍’, ‘കീടം’ എന്നിവയാണ് ശ്രീനിവാസന്റെതായി പുറത്തിറങ്ങിയ ചിത്രങ്ങള്‍. ആരോഗ്യം വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ആയിരുന്നു ശ്രീനിവാസന്‍.