അടുത്തത് ആക്ഷൻ ചിത്രം, ജാക്കി ചാന്‍, സില്‍വസ്റ്റര്‍ സ്റ്റാലോണ്‍ എന്നിവർ പ്രചോദനം: വിനീത് ശ്രീനിവാസൻ

‘ഹൃദയ’ത്തിന് ശേഷം പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനംചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘വർഷങ്ങൾക്കു ശേഷം’. ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ പ്രണവിനൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്.

എഴുപതുകളിൽ സിനിമാമോഹവുമായി ചെന്നൈയിലെത്തുന്ന യുവാക്കളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ഹൃദയത്തിന് ശേഷം വിനീത്- പ്രണവ്- കല്ല്യാണി കോമ്പോ ഒന്നിക്കുന്നതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് ചിത്രത്തെ പ്രേക്ഷകർ നോക്കികാണുന്നത്. കൂടാതെ 2013- ൽ പുറത്തിറങ്ങിയ ഏറെ നിരൂപക പ്രശംസകൾ നേടിയ ‘തിര’ എന്ന ചിത്രത്തിന് ശേഷം ധ്യാൻ ശ്രീനിവാസനും വിനീതും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വർഷങ്ങൾക്കു ശേഷം.

ഇപ്പോഴിതാ തന്റെ അടുത്ത ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് വിനീത് ശ്രീനിവാസൻ. ജാക്കി ചാന്‍, സില്‍വസ്റ്റര്‍ സ്റ്റലോണ്‍, വാന്‍ ഡാം, അര്‍നോള്‍ഡ് ഷ്വാര്‍സ്നെഗര്‍, ജേസണ്‍ സ്റ്റാതം എന്നിവര്‍ അഭിനയിച്ച നിരവധി ചിത്രങ്ങള്‍ എന്നെ പ്രചോദിപ്പിച്ചിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ അടുത്തത് ഒരു ആക്ഷൻ ചിത്രമായിരിക്കും സംവിധാനം ചെയ്യാൻ പോകുന്നതെന്നുമാണ് വിനീത് പറയുന്നത്. മാത്രമല്ല തിരക്കഥയിൽ മലയാളത്തിലെ ഒരു എഴുത്തുകാരനുമുണ്ടെന്നാണ് വിനീത് പറയുന്നത്.

“അടുത്ത ചിത്രം ഒരു ആക്ഷന്‍ ചിത്രം ആയിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. കാരണം ആ ഗണത്തില്‍ പെടുന്ന ഒരു ചിത്രം ഞാന്‍ ഇതുവരെ ചെയ്തിട്ടില്ല. തിരക്കഥയുടെ ജോലികള്‍ പുരോഗമിക്കുന്നതേയുള്ളൂ. തിരക്കഥയില്‍ ഇത്തവണ ഒരു എഴുത്തുകാരനുമായി ഞാന്‍ സഹകരിക്കുന്നുണ്ട്.

ജാക്കി ചാന്‍, സില്‍വസ്റ്റര്‍ സ്റ്റലോണ്‍, വാന്‍ ഡാം, അര്‍നോള്‍ഡ് ഷ്വാര്‍സ്നെഗര്‍, ജേസണ്‍ സ്റ്റാതം എന്നിവര്‍ അഭിനയിച്ച നിരവധി ചിത്രങ്ങള്‍ എന്നെ പ്രചോദിപ്പിച്ചിട്ടുണ്ട്. ജോണ്‍ വിക്ക് പോലെയുള്ള സിനിമകളും എനിക്ക് ഇഷ്ടമാണ്.” എന്നാണ് ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ വിനീത് പറഞ്ഞത്.

നിവിൻ പോളി, കല്യാണി പ്രിയദർശൻ, അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ്, വൈ. ജീ മഹേന്ദ്ര, ഷാൻ റഹ്മാൻ, നീത പിള്ള തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. മെറിലാന്‍റ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം നിർമ്മിക്കുന്ന ചിത്രത്തിന് വേണ്ടി ബോംബൈ ജയശ്രീയുടെ മകന്‍ അമൃത് രാംനാഥ് സംഗീത സംവിധാനമൊരുക്കുന്നത്.