സോഷ്യല്‍ മീഡിയയില്‍ സിനിമയെ കുറിച്ച് വരുന്ന വിമര്‍ശനങ്ങള്‍ തനിക്ക് ഗുണം ചെയ്തിട്ടുണ്ടെന്ന് വിനീത് ശ്രീനിവാസന്‍. ചില കഥാപാത്രങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ ഇങ്ങനെയൊരു കഥാപത്രം വേണ്ട എന്ന തീരുമാനമെടുക്കാന്‍ ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ സഹായിച്ചിട്ടുണ്ട് എന്നാണ് വിനീത് പറയുന്നത്.
സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ ശ്രദ്ധിക്കുന്നതു കൊണ്ട് തനിക്ക് ഒരുപാടു ഗുണങ്ങള്‍ ഉണ്ടായിട്ടുണ്ട്. മലര്‍വാടി എന്ന സിനിമ ചെയ്യുമ്പോള്‍ ഓര്‍ക്കുട്ട് സജീവമായ സമയമാണ്. അതില്‍ ഒരുപാട് സിനിമാ ചര്‍ച്ചകള്‍ നടക്കാറുണ്ട്. അതൊക്കെ താന്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു. ഇങ്ങനെ ഒരു ഓഡിയന്‍സ് കൂടി ഉണ്ട് എന്ന ഓര്‍മ മനസില്‍ വച്ചുകൊണ്ടു മുന്നോട്ടു പോകാന്‍ അത് സഹായിച്ചിട്ടുണ്ട്.
ചില കഥാപാത്രങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ ഇങ്ങനെയൊരു കഥാപത്രം വേണ്ട എന്ന തീരുമാനമെടുക്കാന്‍ ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ സഹായിച്ചിട്ടുണ്ട്. സിനിമ ഇറങ്ങുന്ന സമയത്ത് മോശം റിവ്യൂ കാണുമ്പോള്‍ വിഷമം തോന്നുമെങ്കിലും മുന്നോട്ടുള്ള പാതയില്‍ അത് ഗുണം ചെയ്യുകയേ ഉള്ളൂ.
കാശ് കൊടുത്ത് സിനിമയ്ക്ക് പോകുന്ന ആളുകള്‍ക്ക് വിമര്‍ശിക്കാം. ഓരോ ആളുകള്‍ക്കും ഇക്കാര്യത്തില്‍ ഓരോ കാഴ്ചപ്പാടുണ്ടാകും. താന്‍ തന്റെ അഭിപ്രായമാണ് പറഞ്ഞത്. ഓരോ കാര്യത്തെ കുറിച്ചും ഓരോരുത്തര്‍ക്ക് ഓരോ കാഴ്ചപ്പാടാണ്. നമ്മുടെ പടം ഇറങ്ങിക്കഴിഞ്ഞ് രണ്ടു മൂന്നു മാസം കഴിഞ്ഞാകും വീഡിയോ, പ്രിന്റ് നിരൂപണങ്ങള്‍ ശ്രദ്ധിക്കുക.
അതൊക്കെ കാണുമ്പോള്‍ കുറെ കാര്യങ്ങള്‍ മനസിലാകാറുണ്ട്. ഹൃദയം എന്ന തന്റെ സിനിമയില്‍ രണ്ടാം പകുതി കഴിയുമ്പോള്‍ നായക കഥാപാത്രത്തിന് ലവ് അറ്റ് ഫസ്റ്റ് സൈറ്റ് വീണ്ടും ഉണ്ടാകുന്നുണ്ട്. അതിനെ ചോദ്യം ചെയ്ത് കുറെ കുട്ടികള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.
പത്തിരുപത്തിയെട്ട് വയസില്‍ ഇയാള്‍ക്ക് വീണ്ടും ഒരാളെ കാണുമ്പോള്‍ തന്നെ പ്രേമം ഉണ്ടാകുന്നോ എന്നായിരുന്നു അവരുടെ വിമര്‍ശനം. അത് കേട്ടപ്പോള്‍ താനും അത്തരത്തില്‍ ചിന്തിച്ചു. ഇരുപത്തിയെട്ടു വയസ്സായ ഒരാള്‍ അങ്ങനെ ചിന്തിക്കുന്നതില്‍ ഒരു പ്രശ്‌നമുണ്ട് എന്ന് തോന്നി എന്നാണ് വിനീത് പറയുന്നത്.