പിവിആറില്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ല വിഷയത്തില്‍ പ്രതികരിച്ച് വിനീത് ശ്രീനിവാസന്‍. വിനീതിന്റെ വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയും, ആവേശം, ജയ് ഗണേഷ്, മഞ്ഞുമ്മല്‍ ബോയ്‌സ്, ആടുജീവിതം തുടങ്ങിയ ചിത്രങ്ങളൊന്നും പിവിആറില്‍ പ്രദര്‍ശിപ്പിക്കുന്നില്ല. ഫെഫ്കയുടെ പ്രസ് മീറ്റിലാണ് വിനീത് ശ്രീനിവാസന്‍ സംസാരിച്ചത്. ഇത് കലാകാരന്മാരുടെ പ്രശ്‌നമാണ് എന്നാണ് വിനീത് പറയുന്നത്.
”പിവിആര്‍ എന്ന് പറയുന്ന ഒറ്റ ശൃംഖയില്‍ മാത്രമുള്ള ഒരു പ്രശ്‌നമല്ല ഇത്. കാരണം പിവിആറിന് ഇന്ത്യയുടെ പല ഭാഗത്തായി ഇന്‍ഡിപെന്‍ഡഡ് ആയിട്ടുള്ള ഒരുപാട് സ്‌ക്രീനുണ്ട്. ഐനോക്‌സ് എന്ന് പറയുന്ന മള്‍ട്ടിപ്ലക്‌സ് ചെയ്ന്‍ ഇപ്പോള്‍ പിവിആറിന്റെ കൈയ്യിലാണ്. അതുപോലെ ഇന്ത്യയുടെ പല ഭാഗത്തുള്ള ചെറിയ തിയേറ്ററുകള്‍ ഇവരുടേതാണ്. ഈ തിയേറ്ററുകളിലൊന്നിലും നമ്മുടെ സിനിമകള്‍ ഇപ്പോള്‍ ഇല്ല.”
”ബ്ലെസി സാറിന്റെ സിനിമയില്ല, വര്‍ഷങ്ങള്‍ക്ക് ശേഷം ഇല്ല, ആവേശം, ജയ് ഗണേഷ്, മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമകള്‍ ഒന്നുമില്ല. ഈ തിയേറ്ററുകളൊന്നും ഞങ്ങള്‍ക്ക് കിട്ടുന്നില്ല. എല്ലാ പ്രേക്ഷകര്‍ക്കും ഒരു തിയേറ്റര്‍ കണ്‍വീനിയന്‍സ് ഉണ്ട്. വീടിന് അടുത്തുള്ളത്, പാര്‍ക്കിംഗ്, ടോയ്‌ലറ്റ് എല്ലാം നോക്കിയാണ് പലരും തിയേറ്ററുകളില്‍ പോകുന്നത്. പിവിആറില്‍ വരുന്ന പ്രേക്ഷകര്‍ക്ക് ഇപ്പോള്‍ സിനിമ കാണാന്‍ സാധിക്കില്ല. ഈ പ്രേക്ഷകരെ മൊത്തം നമുക്ക് നഷ്ടപ്പെടുകയാണ്. അതൊരു വലിയ നഷ്ടം തന്നെയാണ്.”
”ഹൃദയം ഇറങ്ങുന്ന സമയത്താണ് സണ്‍ഡേ ലോക്ഡൗണ്‍ വരുന്നത്. അന്ന് പല തിയേറ്ററുകാരും വിളിച്ച് ഒ.ടി.ടിക്ക് നല്‍കരുതെന്ന് പറഞ്ഞു. ഞങ്ങള്‍ അവരുടെ കൂടെ നിന്നു. നിര്‍മ്മാതാവ് വിശാഖിന് മൂന്നമടങ്ങ് പണം തരാമെന്ന് ഞങ്ങള്‍ക്ക് ഒ.ടി.ടില്‍ ഓഫര്‍ ഉണ്ടായിരുന്നു. അവന്‍ തിയേറ്റര്‍ ഓണര്‍ ആണ്, ഞാന്‍ കലാകാരനാണ്. എനിക്ക് എന്റെ സിനിമ തിയേറ്ററില്‍ ഓടണമെന്ന് ആഗ്രഹമുണ്ടായിരുന്നു.”
”അന്ന് ഞങ്ങള്‍ തിയേറ്ററുകാരുടെ കൂടെ നിന്നു. ഇത് പിവിആറിന്റെ മാത്രം വിഷയമല്ല, പിവിആറിന്റെ കീഴിലുള്ള തിയേറ്ററുകളിലൊന്നിലും നമുക്ക് സിനിമ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുന്നില്ല. വളരെ വേദനയോട് കൂടിയാണ് ഞാന്‍ അത് പറയുന്നത്. ഇത് കുറെ പണമുണ്ടാക്കുന്ന ആളുകള്‍ സംസാരിക്കുന്ന വിഷയമല്ല, ഇത് കലാകാരന്മാരുടെ പ്രശ്‌നമാണ്. ഇത് ആ രീതിയില്‍ തന്നെ ആളുകള്‍ എടുക്കണം” എന്നാണ് വിനീത് പറയുന്നത്.