ഗായകനായി കരിയർ ആരംഭിച്ച്, നടനും, നിർമ്മാതാവായും, സംവിധായകനായും, തിരക്കഥാകൃത്തായും, ഗാന രചയിതാവായും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് വിനീത് ശ്രീനിവാസൻ. വിദ്യാസാഗർ സംഗീത സംവിധാനം നിർവഹിച്ച കിളിച്ചുണ്ടൻ മാമ്പഴം എന്ന ചിത്രത്തിലെ ‘കസവിന്റെ തട്ടമിട്ട്’ എന്ന ഗാനം ആലപിച്ചുകൊണ്ടാണ് വിനീത് ശ്രീനിവാസൻ തന്റെ പിന്നണി ഗാന കരിയർ ആരംഭിക്കുന്നത്. പിന്നീട് 2008-ൽ പുറത്തിറങ്ങിയ ‘സൈക്കിൾ’ എന്ന ചിത്രത്തിലൂടെ നടനായും വിനീത് അരങ്ങേറ്റം കുറിച്ചു. രണ്ട് വർഷങ്ങൾക്ക് ശേഷം പുതുമുഖങ്ങളെ അണിനിരത്തി ‘മലർവാടി ആർട്സ് ക്ലബ്ബ്’ എന്ന ചിത്രം ഒരുക്കികൊണ്ട് സംവിധായകനായും വിനീത് മാറി.
ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായെത്തിയ ‘വർഷങ്ങൾക്ക് ശേഷം’ എന്ന ചിത്രമാണ് വിനീതിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെ പറ്റി സംസാരിക്കുകയാണ് വിനീത് ശ്രീനിവാസൻ. ആദ്യമായി സിനിമ ചെയ്യുമ്പോൾ എഴുത്തിന്റെ രീതി വശമില്ലാത്തത്തിന്റെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിനീത് പറയുന്നത്.
“ആദ്യസിനിമ എഴുതുമ്പോൾ എഴുത്തിന്റെ രീതി വശമില്ലാത്തതിന്റെ പ്രശ്‌നങ്ങൾ ഏറെയുണ്ടായിരുന്നു, അച്ഛൻ്റെ നിർദേശങ്ങളാണ് പുതിയ പല ചിന്തകളിലേക്കും അന്ന് വഴിതുറന്നത്. എഴുതിയത് ഓരോ തവണ കാണിക്കുമ്പോഴും അച്ഛൻ അപാകങ്ങൾ ചൂണ്ടിക്കാണിച്ചു. ‘മലർവാടി’യുടെ തിരക്കഥ എട്ടാമത്തെ തവണ മാറ്റിയെഴുതി കാണിച്ചപ്പോൾ അച്ഛൻ ചിരിച്ചു ‘എഴുതിയെഴുതി പതംവന്നുതുടങ്ങിയല്ലോ…’ എന്ന കമന്റ് ഇപ്പോഴും മനസ്സിലുണ്ട്.
ഒരു വിഷയം മനസ്സിൽ ശക്തമായി ഉരുത്തിരിഞ്ഞുവന്ന് പാകമായി എന്ന് മനസ്സ് പറഞ്ഞാൽ മാത്രമേ എഴുത്ത് തുടങ്ങാറുള്ളൂ. നിർമാതാക്കളെയും അഭിനേതാക്കളെയും പറഞ്ഞുറപ്പിച്ച് ആദ്യമേയൊരു പ്രൊജക്റ്റ് ഉണ്ടാക്കി സിനിമ ചെയ്യുന്ന രീതി ഇല്ല.” എന്നാണ് സ്റ്റാർ ആന്റ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിൽ വിനീത് പറഞ്ഞത്.