നീണ്ട ഒമ്പതു മാസത്തിന് ശേഷം ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ച സന്തോഷം പങ്കുവച്ച് സിനിമ-സീരിയല്‍ താരം വിനോദ് കോവൂര്‍. ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാനായി ഡ്രൈവിംഗ് സ്‌കൂള്‍ നടത്തിപ്പുകാര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ പാസ്‌വേഡ് ചോര്‍ത്തിയതിനെ തുടര്‍ന്നാണ് താരം പ്രശ്‌നത്തിലായത്. ഇതേ തുടര്‍ന്ന് താരത്തിന്റെ ലൈസന്‍സ് റദ്ദാക്കിയിരുന്നു.
മൂന്ന് മാസത്തോളം അമ്മ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായിരുന്നു. ആ സമയത്ത് എറണാകുളത്ത് ഷൂട്ട് കഴിഞ്ഞ് അമ്മയുടെ അടുത്തെത്താന്‍ വേണ്ടി കിട്ടുന്ന ബസിലും ട്രെയ്‌നിലുമൊക്കെ യാത്ര ചെയ്യേണ്ടി വന്നുവെന്നാണ് വിനോദ് കോവൂര്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
ഈ പ്രശ്‌നം പരിഹരിക്കാന്‍ കയറിയിറങ്ങാത്ത ഓഫീസുകളില്ല. സൈബര്‍ സെല്‍, ആര്‍ടിഒ ഓഫിസ്, തിരുവനന്തപുരം, ഡല്‍ഹി, അങ്ങനെയൊരു മറിമായക്കളി തന്നെയായിരുന്നു. സൈറ്റില്‍ നോക്കുമ്പോള്‍ അതില്‍ എനിക്ക് ലൈസന്‍സ് ഉണ്ടെന്നാണ് കാണിച്ചിരുന്നത്. അതുകൊണ്ട് പുതുക്കലിനായി അപേക്ഷിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല.
അതു നീക്കം ചെയ്യണം. അതിനു വേണ്ടി താന്‍ ഡല്‍ഹി വരെ പോയി. അങ്ങനെയാണ് അതു നീക്കം ചെയ്തത്. ഓഫീസില്‍ ഒരു സെക്ഷന്‍ ക്ലര്‍ക്ക് അവധിയില്‍ പോയതിനാല്‍ ഒരു ഒപ്പ് ലഭിക്കാത്തതിന്റെ പേരില്‍ ഒരു മാസം പോയി. ഒരുവിധത്തില്‍ എല്ലാം ശരിയായപ്പോള്‍ കോവിഡ് മൂലം ടെസ്റ്റ് നടക്കുന്നുണ്ടായിരുന്നില്ല.
അവസാനം, പുതുതായി വന്ന ആര്‍ടിഒ ഇടപെട്ടാണ് റോഡ് ടെസ്റ്റ് നടന്നതും ലൈസന്‍സ് കിട്ടിയതും. ഒരു എസ്എസ്എല്‍സി പരീക്ഷ ജയിച്ച സുഖമാണ് ഇപ്പോള്‍. ഈ ഡ്രൈവിംഗ് സ്‌കൂളിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും വിനോദ് കോവൂര്‍ പറഞ്ഞു. ഈ ഒമ്പതു മാസം താന്‍ ചെലവാക്കിയ കാശു മുഴുവന്‍ അവര്‍ നഷ്ടപരിഹാരമായി നല്‍കണമെന്നും നടന്‍ വ്യക്തമാക്കി.