പ്രണവിനെ പുകഴ്ത്തി വിശാല്‍

പ്രണവ് മോഹന്‍ലാലിന്റെ അരങ്ങേറ്റചിത്രം ആദി തീയേറ്ററുകളില്‍ മികച്ച വിജയം നേടി മുന്നേറുകയാണ്. ഇതിനോടകം മലയാള സിനിമയിലെ നിരവധി പ്രമുഖര്‍ പ്രണവിനെ അഭിനന്ദിച്ച് രംഗത്തു വന്നു കഴിഞ്ഞു. ഇപ്പോഴിതാ തമിഴ് സിനിമാതാരം വിശാലും പ്രണവിന്റെ സിനിമയിലെ പ്രകടനത്തെ പുകഴ്ത്തിയിരിക്കുന്നു.

തന്റെ ഏറ്റവും അടുത്ത സുഹൃത്തായ മോഹന്‍ലാലിന്റെ മകന്‍ പ്രണവിന്റെ അരങ്ങേറ്റചിത്രം കണ്ടുവെന്നും ഒരു തുടക്കക്കാരനെന്ന നിലയില്‍ ചിത്രത്തില്‍ വളരെ മികച്ച അഭിനയമാണ് പ്രണവ് കാഴ്ച്ചവച്ചിരിക്കുന്നതെന്നും വിശാല്‍ ട്വീറ്റ് ചെയ്തു.

അതേസമയം തന്റെ ചിത്രം റിലീസാവുന്നത് കാത്തുനില്‍ക്കാതെ ഹിമാലയന്‍ യാത്രയിലാണ് റിയല്‍ ലൈഫ് ചാര്‍ലിയായ പ്രണവ്. സിനിമയുടെ വിജയത്തില്‍ എല്ലാവരോടും നന്ദിയുണ്ടെന്ന് പ്രണവ് ഫോണില്‍ അറിയിച്ചിട്ടുണ്ട്. ജീത്തു ജോസഫ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആശിര്‍വാദ് സിനിമാസാണ്.