മലയാളത്തിൽ ശ്രദ്ധേയമായ വേഷങ്ങൾകൊണ്ട് കയ്യടിനേടിയ നടനാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. അഭിനയം മാത്രമല്ല എഴുത്തിലും വിഷ്ണു ഉണ്ണികൃഷ്ണൻ സജീവമാണ്. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ഒന്നിച്ചെഴുതിയ തിരക്കഥയാണ് അമർ അകബർ അന്തോണി എന്ന ചിത്രത്തിന്റേത്. നാദിർഷയാണ് ചിത്രം സംവിധാനം ചെയ്തത്.
അമർ അക്ബർ അന്തോണിയുടെ കഥപറയാൻ പൃഥ്വിരാജിന്റെ അടുത്ത് പോയ അനുഭവം പങ്കുവെക്കുകയാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. പൃഥ്വിരാജിനെ കാണാൻ പോവുമ്പോൾ എല്ലാവരും തന്നോട് മുൻവിധിയോട് കൂടിയാണ് സംസാരിച്ചതെന്നും എന്നാൽ അവിടെയെത്തിയപ്പോൾ തികച്ചും വ്യത്യസ്തമായ ഒന്നാണ് തനിക്ക് അനുഭവപ്പെട്ടതെന്നും വിഷ്ണു ഉണ്ണികൃഷ്ണൻ പറയുന്നു.
“ഞങ്ങളുടെ സിനിമയുടെ ഷൂട്ടുമായി ബന്ധപ്പെട്ട് പറഞ്ഞാൽ, ഓരോ ദിവസത്തേയും ഓർമകൾ വിലപ്പെട്ടതാണ്. എനിക്ക് പറയാൻ ആഗ്രഹമുള്ള ഒരു കാര്യം പറയാം. അമർ അക്ബർ അന്തോണിയുടെ കഥ പലരോടും പറഞ്ഞിട്ടുണ്ട്. രാജു ചേട്ടനോട് പറയാൻ പോകുന്ന കാര്യം കേട്ടതും എല്ലാവരും അദ്ദേഹത്തിന് ഭയങ്കര ജാഡയാകും എന്നാണ് പറഞ്ഞത്.
അഹങ്കാരി, ജാഡക്കാരൻ എന്നൊക്കെയല്ലേ പുള്ളിയെ എല്ലാവരും പറയുന്നത്. കഥ പറയാൻ ഞങ്ങൾ ചെല്ലുമ്പോൾ പുള്ളി എന്നോട് ‘ആഹ്, തന്നെ എനിക്ക് അറിയാടാ’ എന്നാണ് ആദ്യം പറഞ്ഞത്.
അപ്പോൾ എനിക്ക് വളരെ സന്തോഷമായി. ഇതിനിടയിൽ ക്ലാസ്മേറ്റ്സ് സിനിമയുടെ പ്രൊഡ്യൂസർ വരുമെന്നും കഥ കേൾക്കുന്നതിൻ്റെ ഇടയിൽ അവർ വരുമ്പോൾ മാത്രം തനിക്ക് പത്ത് മിനിറ്റ് ബ്രേക്ക് വേണമെന്നും പറഞ്ഞു.
പിന്നെ വൈഫിനെ ഫോണിൽ വിളിച്ച് ഒരു കഥ കേൾക്കാൻ പോകുകയാണെന്ന് പറഞ്ഞ് ഫോൺ സൈലൻ്റ് ആക്കിയിട്ട് മാറ്റിവെച്ചു. അതുകഴിഞ്ഞ് പുള്ളി ശ്രദ്ധിച്ച് ആ കഥ മുഴുവൻ കേട്ടു” എന്നാണ് വിഷ്‌ണു ഉണ്ണികൃഷ്‌ണൻ മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.