നാദിർഷയുടെ സംവിധാനത്തിൽ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവർ നായകരായി 2015-ൽ റിലീസ് ചെയ്ത ചിത്രമായിരുന്നു ‘അമർ അക്ബർ അന്തോണി’. വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരായിരുന്നു ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതിയിരുന്നത്.
ഇപ്പോഴിതാ ചിത്രത്തിലെ പൃഥ്വിരാജിന്റെ ഇൻഡ്രോ സീനിനെ കുറിച്ച് സംസാരിക്കുകയാണ് തിരക്കഥാകൃത്തും നടനുമായ വിഷ്ണു ഉണ്ണികൃഷ്ണൻ. തങ്ങൾക്ക് രണ്ട് പേർക്കും വേണ്ടിയെഴുതിയ തിരക്കഥയായതുകൊണ്ടായിരുന്നു അത്തരത്തിലൊരു ഇൻഡ്രോ സീൻ എന്നാണ് വിഷ്ണു ഉണ്ണികൃഷ്ണൻ പറയുന്നത്.
“അമർ അക്ബർ അന്തോണിയുടെ തിരക്കഥ എഴുതുമ്പോൾ ഞങ്ങളെ തന്നെയാണ് മനസിൽ കണ്ടത്. ഞങ്ങൾക്ക് വേണ്ടി എഴുതിയത് കൊണ്ടായിരുന്നു ആ കഥയിലെ കോമഡികൾ അങ്ങനെ ആയത്. എഴുതുന്ന സമയത്ത് ഒരിക്കലും പൃഥ്വിരാജിനെയോ ഇന്ദ്രജിത്തിനെയോ ജയസൂര്യയെയോ കുറിച്ച് ചിന്തിച്ചിട്ടില്ല.
ബിബിനോ ഞാനോ പറയേണ്ടിയിരുന്ന കോമഡി ഡയലോഗ് നമ്മുടെ മീറ്ററിലാണ് പ്ലാൻ ചെയ്ത് എഴുതിയത്. ആ ഡയലോഗ് പൃഥ്വിരാജിനെ കൊണ്ട് പറയിപ്പിച്ചപ്പോഴാണ് ഫ്രഷായത്. പൃഥ്വിരാജിനെ തന്നെ മനസിൽ കണ്ടായിരുന്നു കഥ പ്ലാൻ ചെയ്തതെങ്കിൽ ഒരിക്കലും അങ്ങനെ എഴുതില്ലായിരുന്നു.
പൃഥ്വിരാജിന്റെ ഇൻഡ്രോയിൽ പിള്ളേരെയും കയറ്റി ഒരു ടോയ് കാർ ഓടിക്കുന്ന ആളെന്ന് പറഞ്ഞ് കൊടുക്കില്ലായിരുന്നു. തുടക്കം തൊട്ട് പൃഥ്വിരാജിനെ വെച്ച് പ്ലാൻ ചെയ്യുകയായിരുന്നെങ്കിൽ അങ്ങനെ എഴുതാൻ തോന്നില്ല. പക്ഷെ അത് വർക്കായി എന്നതിലാണ് കാര്യം.” എന്നാണ് മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ പറഞ്ഞത്.