'അച്ഛനെ പോലെ തന്നെ ആകണം, വിട്ടുവീഴ്ചയ്ക്ക് ഇല്ല'-നായക അരങ്ങേറ്റം നടത്തുന്ന വിനയന്‍റെ മകന്‍ വിഷ്ണു

റിനി ആൻ ജോർജ്

മലയാള സിനിമക്ക് പുതിയൊരു നായകൻ കൂടി. “ഹിസ്റ്ററി ഓഫ് ജോയ്” എന്ന ചിത്രത്തിൽ ജോയ് ആയി എത്തുകയാണ് വിഷ്ണു വിനയ്. മലയാള സിനിമ ലോകത്തെ പ്രശ്നങ്ങൾക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ച പ്രമുഖ സംവിധായകന്‍ വിനയന്റെ മകനാണ് വിഷ്ണു വിനയ്. അച്ഛന്റെ പാത പിൻതുടർന്ന് സംവിധാന രംഗത്ത് ചുവടു വെക്കാൻ ഒരുങ്ങിയിരുന്ന വിഷ്ണുവിന് ആകസ്മികമായി ലഭിച്ച അവസരമാണ് അഭിനയം.

“എഴുത്തും സംവിധാനവുമാണ് എനിക്ക് ഏറെ പ്രിയപ്പെട്ടത്. അതിനായി ഉന്നത വിദ്യാഭ്യാസത്തിന് ശേഷം ജോലിക്കു പോലും പോകാതെ യൂഎസിൽനിന്ന് നാട്ടിലേക്കു വന്നു . എന്നാൽ എന്റെ ഈ തീരുമാനത്തെ അച്ഛൻ പിന്തുണച്ചില്ല. സിനിമ മേഖലയിലെ ബുദ്ധിമുട്ടുകളെ കുറിച്ച് ഓർമപ്പെടുത്തികൊണ്ടേയിരുന്നു. പലപ്പോഴും “നീ ഇങ്ങനെ നടക്കും” എന്നുവരെ അച്ഛൻ പറയുകയുണ്ടായി. അങ്ങനെ ഇരിക്കുന്ന സമയത്താണ് സംവിധായകനും എന്റെ സുഹൃത്തും കൂടിയായ വിഷ്ണു ഗോവിന്ദൻ എന്നെ ജോയ് എന്ന കഥാപാത്രം ഏൽപിക്കാൻ വിശ്വാസം കാണിച്ചത്. അത് നിരസിക്കാൻ തോന്നിയില്ല. കാരണം, എത്ര വലിയ സപ്പോർട്ട് ഉണ്ടെങ്കിലും സിനിമ മേഖലയിൽ ചുവടു ഉറപ്പിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. എന്നാൽ അഭിനയത്തിന്റെ കാര്യത്തിൽ അച്ഛൻ നന്നായി സപ്പോർട്ട് ചെയ്തു. അഭിനയം എളുപ്പമുള്ള പണിയാണ് എന്നാണ് അച്ഛന്റെ പക്ഷം.”

ഒരു ചെറുപ്പക്കാരന് ജീവിതത്തിൽ പിഴവുകൾ പറ്റുന്നതും അതിലൂടെ ഒറ്റപ്പെടുകയും ചെയ്യുന്നതും അവന്റെ പരിശ്രമങ്ങളിലൂടെ ജീവിതം വീണ്ടും കെട്ടിപ്പടുക്കാനുമുള്ള ശ്രമങ്ങളുമാണ് ഹിസ്റ്ററി ഓഫ് ജോയ്. എറണാകുളം പോലൊരു നഗരത്തിൽ ജീവിതം പച്ചപിടിപ്പിക്കാൻ ശ്രമിക്കുന്ന ഒരു ചെറുപ്പക്കാരൻ അതാണ് ജോയ്, വിഷ്ണു വിനയ് അവതരിപ്പിക്കുന്ന കഥാപാത്രം.

“ഈ കഥ കേട്ടപ്പോൾ തന്നെ എനിക്ക് ഈ കഥയുമായി റിലേറ്റ് ചെയ്യാൻ സാധിച്ചു. ജീവിതത്തിൽ പലപ്പോഴും ഒരു തെറ്റ് പറ്റിയാൽ സെക്കന്റ് ചാൻസ് കിട്ടാറില്ല. പക്ഷെ എത്ര ബുദ്ധിമുട്ടുകൾ വന്നാലും നമ്മൾ നമ്മുടെ സ്വപ്നങ്ങളിൽ ഉറച്ചു നിന്നാൽ അത് ഒരുനാൾ സത്യമാകും ഇതാണ് ചിത്രത്തിന്റെ തീം. വലിയ സ്റ്റാറുകൾ ഒന്നുമില്ലാത്ത ഈ കൊച്ചു ചിത്രത്തിന് കഥയുടെ പിൻബലം ഉണ്ട്. ഈ കഥ ജനങ്ങൾക്ക് ഇഷ്ടമാകും എന്ന് തന്നെയാണ് എന്റെ പ്രതീക്ഷ”

ഒരു സംവിധായകൻ എന്ന നിലയിൽ തന്നെ പ്രവർത്തിക്കാനാണ് വിഷ്ണുവിന്റെയും ആഗ്രഹം. “അച്ഛനെ പോലെ സംവിധായകൻ ആകാൻ തന്നെയാണ് ഞാനും ആഗ്രഹിക്കുന്നത്. ഒരു ക്രിയേറ്റർ ആകുന്നതിന്റെ സുഖം മറ്റൊന്നിനും ഇല്ല എന്ന് കരുതുന്നു. എന്നാലും അഭിനയത്തിലൂടെയായാലും എങ്ങനെയായാലും സിനിമയുടെ ഭാഗമാകാൻ തന്നെയാണ് ഞാൻ ഇഷ്ടപ്പെടുന്നത്. നായകൻ ആകണം എന്നില്ല. സിനിമയുടെ ഭാഗമാകുക എന്നത് മാത്രമാണ് ലക്ഷ്യം.”

വിനയൻ എന്ന സംവിധായകനെ ഒരു നായകനായി തന്നെയാണ് മകൻ വിഷ്ണു നോക്കികാണുന്നത്. “എപ്പോഴും ശരിയെന്ന് തോന്നുന്ന കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്ന ഒരു വ്യക്തിത്വമാണ് അച്ഛന്റേതു. ആർക്ക് മുന്നിലും തല കുനിക്കില്ല. അതുകൊണ്ടാണ്, അല്ലെങ്കിൽ സിനിമയിലെ പ്രശ്നങ്ങൾ ഒക്കെ കോമ്പ്രമൈസ് ചെയാവുന്നതേ ഉണ്ടായിരുന്നുള്ളു.എന്നാൽ അത് ചെയ്യാതെ ഫൈറ്റിലൂടെ നല്ല ഒരു പൊസിഷനിൽ അദ്ദേഹം എത്തി എന്നതിൽ ഞാൻ അഭിമാനിക്കുന്നു. അച്ഛന്റെ പ്രവർത്തനങ്ങളിലൂടെ വലിയ മാറ്റം വരുത്താൻ സാധിച്ചു അത് മറ്റുള്ളവർക്കും പ്രചോദനമായി. സംഘടനകളുടെ പിൻബലം ഇല്ലാതെ സിനിമ സെൻസർ ചെയ്യാൻ സാധിക്കുന്ന ഒരു വിധി വന്നു. അച്ഛനാണ് അതിനു വേണ്ടി പ്രവർത്തിച്ചത്. ഇതെല്ലാം പോസിറ്റീവ് ആയിട്ടും സപ്പോർട്ടീവ് ആയിട്ടുമാണ് ഞാൻ കാണുന്നത്. എന്നാൽ ഇത്തരത്തിൽ ഉള്ള പ്രശ്നങ്ങൾ ഒന്നും തന്നെ ഞങ്ങളുടെ കുടുംബത്തെ ബാധിച്ചിട്ടില്ല. ഒരു കാര്യത്തിന്റെയും പ്രഷർ ഞങ്ങൾക്ക് അദ്ദേഹം തന്നിട്ടില്ല. എന്ത് പ്രശ്നവും വളരെ സരസമായി ആണ് അദ്ദേഹം അവതരിപ്പിക്കുന്നത്. 8 വർഷത്തോളം സിനിമയിൽ വലിയ ഒരു ഗ്യാപ് വന്നു. ചെയ്യാൻ ശ്രമിച്ച സിനിമകളുടെ കാര്യത്തിലും തടസങ്ങൾ വന്നു . എന്നാൽ അതെല്ലാം ഞങ്ങൾക്ക് അതിജീവിക്കാൻ കഴിഞ്ഞു. ഇപ്പോൾ വിജയത്തിന്റെ മധുരത്തിൽ തന്നെയാണ്. സിനിമയിൽ അച്ഛനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒന്നും ഇതുവരെ എന്നെ ബാധിച്ചിട്ടില്ല. എല്ലാവരും വളരെ സപ്പോർട്ടീവ് ആയാണ് പെരുമാറിയിട്ടുള്ളത്.”

വിനയനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലെ വിഷ്ണുവിന്റെ നിലപാടും അച്ഛന്റേതു തന്നെയാണ്. “സംഘടന തലത്തിലാണ് ആദ്യം പ്രശ്നങ്ങൾ ഉണ്ടായതെങ്കിലും ഇപ്പോൾ സംഘടനയേക്കാൾ ഉപരി ചില വ്യക്തിപരമായ പ്രശ്നങ്ങൾ ആണ് നിലനിൽക്കുന്നത്. ഈഗോ പ്രശ്നങ്ങൾ. അത് എപ്പോഴും ഉണ്ടാകും എന്ന് തന്നെയാണ് കരുതുന്നത്. ആരെയും വേദനിപ്പിക്കാൻ പാടില്ല വാക്കുകളേക്കാൾ അപ്പുറം പല രീതിയിലുള്ള പ്രവർത്തനങ്ങളിലൂടെ വേദനിപ്പിക്കാനാണ് ശ്രമിക്കുന്നത്. അതിനു സംഘടന ഒരു മറയാക്കുന്നു എന്ന് മാത്രം. കുറച്ചു പേർ ചേർന്ന് കുറെ പേരെ അടിച്ചമർത്തുന്ന രീതി ശരിയല്ല എന്നാണ് അച്ഛൻ പറയാറുള്ളത്. അത് തന്നെയാണ് എന്റെയും അഭിപ്രായം.നമ്മളെ ആരും ചൂഷണം ചെയ്യാൻ സമ്മതിക്കില്ല. ഒരു പ്രൊജക്റ്റ് ചെയ്യാൻ വേണ്ടി അതിരുവിട്ട കീഴ്വഴക്കങ്ങൾ, വിട്ടുവീഴ്ചകൾ ഒന്നിനും ഞാനും തയാറാകില്ല. അച്ഛനെ കണ്ടാണല്ലോ വളർന്നത്. അച്ഛൻ തന്ന വാല്യൂസ് തന്നെയാണ് എനിക്കും. അതിൽ ഒരു മാറ്റവും ഉണ്ടാകില്ല. അങ്ങനെ തന്നെയായിരിക്കും എന്റെയും മുന്നോട്ടുള്ള യാത്ര.”