നവ്യ നായരുടെ ശക്തമായ തിരിച്ചു വരവ് അടയാളപ്പെടുത്തിയിരിക്കുകയാണ് ഒരുത്തീ എന്ന വി.കെ പ്രകാശ് ചിത്രം. ഇന്ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സിനിമയുടെ പ്രൊമോഷനിടക്ക് വി.കെ. പ്രകാശ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയ നത്തോലി ഒരു ചെറിയ മീനല്ല എന്ന ചിത്രത്തിന്റെ പരാജയം തന്നെ ഒട്ടും വിഷമിപ്പിച്ചിട്ടില്ല എന്നാണ് വി.കെ പ്രകാശ് ബിഹൈന്‍ഡ്വുഡ്സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
ഞങ്ങളൊക്കെ വളരുന്ന സമയത്ത് ഒരുപാട് കോമഡി സിനിമകളുണ്ടായിരുന്നു. അതില്‍ നിന്നൊരു പ്രചോദനം പോലെയൊക്കെയാണ് നത്തോലി ഒരു ചെറിയ മീനല്ല എന്ന സിനിമ ചെയ്തത്. കണ്ടന്റിലും ഫോമിലുമൊക്കെ വ്യത്യസ്തമായൊരു സിനിമ ചെയ്ത് നോക്കിയതാണ്.
അങ്ങനെ ഫഹദിനെ കണ്ട് ഡേറ്റ് ഫിക്സ് ചെയ്തു. നത്തോലി പോലൊരു സിനിമ എല്ലാവര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്ന ഒന്നല്ല. അതിന്റെ പരാജയത്തില്‍ എനിക്ക് വിഷമമില്ല. പക്ഷെ നിര്‍ണായകം പരാജയപ്പെട്ടതില്‍ എനിക്ക് വിഷമമുണ്ട്. അത് വളരെ റിയലിസ്റ്റിക് ആയിട്ടുള്ളൊരു സിനിമയാണ് എന്നാണ് വി.കെ. പ്രകാശ് പറയുന്നത്.
ആസിഫ് അലി, മാളവിക മോഹനന്‍ എന്നിവര്‍ ഒന്നിച്ച ചിത്രമാണ് നിര്‍ണായകം. 2015ല്‍ ആണ് ചിത്രം പുറത്തിറങ്ങിയത്. നെടുമുടി വേണു, സുധീര്‍ കരമന തുടങ്ങിയ താരങ്ങളും ചിത്രത്തിലെത്തിയിരുന്നു. 2013ല്‍ ആണ് നത്തോലി റിലീസ് ചെയ്തത്. കമാലിനി മുഖര്‍ജി, റിമ കല്ലിങ്കല്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.