ടർബോ ഷൂട്ടിംഗ് പെട്ടെന്ന് തീർക്കണമെന്നാണ് കരുതിയത്, പക്ഷേ വിചാരിക്കാത്ത ചില പ്രശ്നങ്ങളുണ്ടായി: വൈശാഖ്

മമ്മൂട്ടി- വൈശാഖ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ടർബോ’ തിയേറ്ററിൽ മികച്ച വിജയം കൈവരിച്ചിരിക്കുകയാണ്. വേൾഡ് വൈഡ് കളക്ഷനായി 70 കോടിയോളം രൂപയാണ് ചിത്രം കൈവരിച്ചിരിക്കുന്നത്. നേരത്തെ ചിത്രത്തിന്റെ ബഡ്ജറ്റ് സംബന്ധിച്ച് നിരവധി ചർച്ചകൾ നടന്നിരുന്നു, ഇപ്പോഴിതാ ചിത്രത്തിന്റെ ബഡ്ജറ്റ് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ വൈശാഖ്.

മമ്മൂട്ടിയുടെ സാലറി കൂടാതെ 23.5 കോടി രൂപ ചിത്രത്തിനായെന്നാണ് വൈശാഖ് പറയുന്നത്. എൺപത് ദിവസം ചിത്രീകരണം തീരുമാനിച്ച ചിത്രം ആക്ഷൻ രംഗങ്ങൾ ഉള്ളതുകൊണ്ട് 104 ദിവസങ്ങൾ കൊണ്ടാണ് ചിത്രീകരണം പൂർത്തിയായതെന്നും വൈശാഖ് പറയുന്നു. അതേസമയം ഓഗസ്റ്റ് 9 മുതൽ ചിത്രം സോണി ലിവിലൂടെ ഒടിടി സ്ട്രീമിംഗ് ആരംഭിക്കുകയാണ്.

“മമ്മൂട്ടിയുടെ സാലറി ഇല്ലാതെ ചിത്രം ഇരുപത് കോടി രൂപയ്ക്ക് തീർക്കണമെന്നായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ പ്രോസസിൽ വിചാരിക്കാത്ത ചില പ്രശ്നങ്ങളുണ്ടായി. പ്രശ്നങ്ങളും കുറച്ചധികം ദിവസങ്ങൾ, പ്രത്യേകിച്ച് ആക്ഷൻ സ്വീക്വൻസുകൾ ഷൂട്ട് ചെയ്യാനൊക്കെ അധികം ദിവസങ്ങൾ വേണ്ടി വന്നു.

80 ദിവസത്തിൽ പൂർത്തിയാക്കാം എന്ന് കരുതിയ ഷൂട്ടിങ് 104 ദിവസം കൊണ്ടാണ് പൂർത്തീകരിച്ചത്. എന്റെ അറിവിൽ 23.5 കോടി രൂപയാണ് ടർബോയുടെ ബജറ്റ്. മമ്മൂക്കയുടെ ശമ്പളം പോയിട്ടുള്ള കണക്കാണിത്. മമ്മൂക്കയുടെ സാലറി, പ്രമോഷൻ കോസ്റ്റ് ഒക്കെ വന്നേക്കാം. റിട്ടേൺസും ലാഭവും നിർമാതാവിനു മാത്രമേ പറയാൻ പറ്റുകയുള്ളു.” എന്നാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വൈശാഖ് പറഞ്ഞത്.

ഗരുഡ ഗമന ഋഷഭ വാഹന, ടോബി, 777 ചാർലി എന്നീ ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ വില്ലനായി എത്തിയത്. ദിലീഷ് പോത്തൻ, അഞ്ജന ജയപ്രകാശ്, സുനിൽ. ശബരീഷ് വർമ്മ, ബിന്ദു പണിക്കർ, ആമിന നിജം, നിരഞ്ജന അനൂപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. വൈശാഖിന്റെ കൂടെ സഹസംവിധായകനായി ഷാജി പാടൂരും പ്രവർത്തിക്കുന്നുണ്ട്. വിഷ്ണു ശർമയാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്.

ക്രിസ്റ്റോ സേവ്യർ ആണ് ടർബോയ്ക്ക് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത്. 2021ല്‍ ആണ് മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷന്‍ ഹൗസ് സ്ഥാപിച്ചത്.ടർബോ കൂടാതെ റോഷാക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍ എന്നിവയാണ് മമ്മൂട്ടി കമ്പനി ഇതുവരെ നിര്‍മ്മിച്ച ചിത്രങ്ങള്‍.