എന്നെ പുറത്താക്കിയത് ആ താരപുത്രിക്ക് വേണ്ടി; നെപ്പോട്ടിസത്തെ കുറിച്ച് വെളിപ്പെടുത്തലുമായി വാമിഖ ഗബ്ബി

ബേസിൽ ജോസഫ് സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായെത്തിയ ‘ഗോദ’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് വാമിഖ ഗബ്ബി. ഈ വർഷം പുറത്തിറങ്ങിയ ഖൂഫിയ, ജൂബിലി, ചാര്‍ലി ചോപ്ര, 83, എന്നീ ചിത്രങ്ങളിലൂടെ സിനിമയിൽ സജീവ സാന്നിധ്യമാണ് വാമിഖ.

ഇപ്പോഴിതാ തനിക്ക് പലപ്പോഴും സിനിമയിൽ നിന്നും അവസരങ്ങൾ നിഷേധിക്കപ്പെട്ടിട്ടുണ്ട് എന്ന് പറയുകയാണ് വാമിഖ. ഓഡിഷനുകളില്‍ പങ്കെടുക്കുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടും പുറത്താക്കപ്പെട്ടിട്ടുണ്ടെന്നാണ് വാമിഖ പറയുന്നത്. കൂടാതെ തനിക്ക് പകരം നായികയാക്കിയത് ഒരു താരപുത്രിയെ ആയിരുന്നെന്നും വാമിഖ പറയുന്നു.

“ഓഡിഷനിലൂടെയായിരുന്നു അവസരം ലഭിച്ചത്. ഓഡിഷന്‍ നന്നായി ചെയ്യുകയും തിരഞ്ഞെടുക്കുകയും ചെയ്തു. എന്നാല്‍ അവസാന നിമിഷം തന്നെ ആ ചിത്രത്തില്‍ നിന്നും പുറത്താക്കി. താന്‍ പ്രശസ്തയല്ലെന്നതായിരുന്നു കാരണം. നിര്‍മ്മാതാക്കള്‍ക്ക് ആവശ്യം പ്രശസ്തയായൊരു നടിയെയായിരുന്നുവെന്നും വാമിഖ പറയുന്നു. പിന്നീട് ആ സിനിമ താന്‍ കണ്ടുവെന്നും തനിക്ക് പകരം ഒരു താരപുത്രിയെയാണ് അവര്‍ നായികയാക്കിയത്” എന്നാണ് ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വാമിഖ പറഞ്ഞത്.

ബോളിവുഡിലെ നെപ്പോട്ടിസം എല്ലാക്കാലത്തും വലിയ ചർച്ചകൾക്ക് വഴിതെളിച്ചിട്ടുള്ളതുകൊണ്ട് തന്നെ വാമിഖയുടെ തുറന്നുപറച്ചിൽ വലിയ വാർത്തയായിട്ടുണ്ട്. വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്ത ഖൂഫിയ എന്ന ചിത്രത്തിൽ മികച്ച പ്രകടനമായിരുന്നു വാമിഖ കാഴ്ചവെച്ചത്.