സംവിധായകന്‍ ലിജു കൃഷ്ണ ഡബ്ല്യുസിസിക്കും ഗീതു മോഹന്‍ദാസിനുമെതിരെ ഉയര്‍ത്തിയ ആരോപണങ്ങളില്‍ പ്രതികരിച്ച് ഡബ്ല്യുസിസി. സിനിമയുടെ റിലീസും നൂറു കണക്കിന് ആളുകളുടെ പരിശ്രമത്തെ ബഹുമാനിക്കുന്നതിനാലുമാണ് ഇതുവരെ ഒരു തരത്തിലുമുളള പ്രതികരണങ്ങളും ഉണ്ടാകാത്തതെന്ന് ഡബ്ല്യൂസിസി പ്രസ്താവനയില്‍ വ്യക്തമാക്കി. സംഘടനക്കും അംഗത്തിനുമെതിരെ ലിജു വാസ്തവിരുദ്ധമായ കാര്യങ്ങള്‍ പലതവണ ആരോപിക്കുകയുണ്ടായെന്നും ഡബ്ല്യുസിസി പറഞ്ഞു.
ഡബ്ല്യുസിസിയുടെ പ്രതികരണം
വിമണ്‍ ഇന്‍ സിനിമ കളക്റ്റീവ് നേരിട്ടോ, കളക്റ്റീവിലെ അംഗങ്ങളോ, കുറ്റാരോപിതനും പടവെട്ട് എന്ന സിനിമയുടെ സംവിധായകനുമായ ലിജു കൃഷ്ണ നടത്തിയ പത്രസമ്മേളനത്തിനോട് ഇതുവരെ ഒരു തരത്തിലുമുളള പ്രതികരണങ്ങളും നടത്തിയിരുന്നില്ല.കാരണം സിനിമ തീയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചതേയുള്ളു എന്നത് കൊണ്ടും, അതില്‍ കൂട്ടായി പ്രവര്‍ത്തിച്ച നൂറു കണക്കിന് ആളുകളുടെ പരിശ്രമത്തെ ഞങ്ങള്‍ ബഹുമാനിക്കുന്നതു കൊണ്ടുമാണ്.
സിനിമയുടെ എഴുത്തില്‍ സഹായിച്ചിരുന്ന സ്ത്രീയെ ബലാത്സംഗം ചെയ്യുകയും ആക്രമിക്കുകയും ചെയ്തതിന് 2022 മാര്‍ച്ച് 9 ന് ലിജു കൃഷ്ണ അറസ്റ്റിലായി. ഇതിനെത്തുടര്‍ന്ന് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍, അവരുടെ സംഘടനയില്‍ നിന്ന് അദ്ദേഹത്തിന്റെ താല്‍കാലിക അംഗത്വം ഔദ്യോഗികമായി റദ്ദാക്കി.
പക്ഷേ പടവെട്ട് സിനിമയുടെ നിര്‍മാതാക്കളും മറ്റ് അംഗങ്ങളും സൗകര്യപ്പെടുത്തി നല്‍കിയ വേദികളില്‍ ബലാത്സംഗക്കേസില്‍ കുറ്റാരോപിതനായ പ്രതിയായ ലിജു കൃഷ്ണയും, ഓഡിഷനുമായി ബന്ധപ്പെട്ട് മറ്റൊരു മീ ടൂ ആരോപണ വിധേയനായ അതേ സിനിമയിലെ ബിപിന്‍ പോള്‍ എന്ന പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവും അതിജീവിതക്കൊപ്പം നിലകൊണ്ട ഡബ്ല്യുസിസിക്കെതിരേയും, ഞങ്ങളുടെ ഒരു അംഗത്തിനെതിരെയും വാസ്തവിരുദ്ധമായ കാര്യങ്ങള്‍ പലതവണ ആരോപിക്കുകയുണ്ടായി.
ഇരയില്‍ നിന്നും അതിജീവിതയിലേക്കുള്ള ദുഷ്‌കരമായ യാത്രയില്‍ ഞങ്ങളെ സമീപിച്ച സ്ത്രീകള്‍ക്കൊപ്പം WCC എല്ലായ്‌പ്പോഴും നില കൊള്ളും.നിയമപ്രകാരം ഐസി(IC) സിനിമാ രംഗത്ത് നിര്‍ബന്ധമാക്കിയ ഈ വേളയില്‍ ഇരകളെ പിന്തുണയ്ക്കുകയും, അധികാരികളുടെ മുന്നില്‍ കുറ്റാരോപിതരെ തുറന്നുകാട്ടാന്‍ ശ്രമിക്കുകയുമാണ് ഞങ്ങള്‍ ചെയ്യുന്നത്.അതില്‍ ലിജു കൃഷ്ണ ഉള്‍പ്പെടെയുള്ളവര്‍ ഉണ്ട്. ഈ പ്രതിരോധവും പോരാട്ടവും എത്ര കഠിനമാണെങ്കിലും ഞങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും.
ലിജു കൃഷ്ണയ്ക്കെതിരെ ബലാല്‍സംഘത്തിനും ആക്രമണത്തിനും പോലീസ് ചുമത്തിയ കേസുകള്‍ എല്ലാവരേയും ഓര്‍മ്മിപ്പിക്കുന്നതിനായി, അതിജീവിതയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് ഞങ്ങള്‍ വീണ്ടും ഇവിടെ പങ്കുവെക്കുന്നു.